Tuesday, December 3, 2013

സര്‍ക്കാര്‍ ധനവിനിയോഗം ഇടിഞ്ഞു

ഈ സാമ്പത്തിക വര്‍ഷത്തെ ഒന്നാം പകുതിയിലെ രണ്ടാം ത്രൈമാസത്തില്‍ സര്‍ക്കാരിന്റെ ധനവിനിയോഗം ഇടിഞ്ഞു. ആഭ്യന്തര മൊത്തവരുമാനം(ജിഡിപി) വളര്‍ച്ചയില്‍ നേരിയ പുരോഗതി രേഖപ്പെടുത്തിയപ്പോഴും സര്‍ക്കാര്‍ ചെലവഴിച്ച തുകയില്‍ ഗണ്യമായ ഇടിവാണ് ഉണ്ടായത്. ഒന്നാം പാദത്തില്‍ 4.4 ശതമാനമായിരുന്ന ജിഡിപി വളര്‍ച്ച രണ്ടാം ഘട്ടത്തില്‍ 4.8 ശതമാനമായി ഉയര്‍ന്നു. എന്നാല്‍, സര്‍ക്കാര്‍ ധനവിനിയോഗത്തില്‍ രണ്ട് ശതമാനം ഇടിവുണ്ടായി. വിദേശവ്യാപാര മേഖലയില്‍ 59 ശതമാനം വര്‍ധന ഉണ്ടായതാണ് ജിഡിപി വളര്‍ച്ചയ്ക്ക് കാരണമായത്. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമാണിത്. കയറ്റുമതിയില്‍ 55,636 കോടി രൂപയുടെ വര്‍ധന ഉണ്ടായപ്പോള്‍ ഇറക്കുമതി 1,915 കോടി രൂപ മാത്രമാണ് വര്‍ധിച്ചത്. രൂപയുടെ വിലയിടിവും അമേരിക്കയിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതുമാണ് കയറ്റുമതി വരുമാനത്തില്‍ വളര്‍ച്ച ഉണ്ടാകാന്‍ കാരണം. ആഭ്യന്തരവിപണിയിലെ മാന്ദ്യത്തിന് തെളിവാണ് ഇറക്കുമതിരംഗത്തെ മോശം പ്രകടനം. ആഭ്യന്തരസ്ഥിതി മെച്ചപ്പെട്ടതല്ല ജിഡിപി വളര്‍ച്ചയിലെ മുന്നേറ്റത്തിന് കാരണമെന്ന് മറ്റ് സൂചകങ്ങളും വ്യക്തമാക്കുന്നു.

ജിഡിപി വളര്‍ച്ചയുടെ 40 ശതമാനം ധനകാര്യ, ഇന്‍ഷുറന്‍സ്, റിയല്‍എസ്റ്റേറ്റ്, ബിസിനസ് സേവന മേഖലകളുടെ സംഭാവനയാണ്. കാര്‍ഷിക-മത്സ്യബന്ധന-വന മേഖലകളില്‍ നിന്ന് 10 ശതമാനംമാത്രമാണ്. വാണിജ്യ, ഹോട്ടല്‍, ഗതാഗത, വിവരവിനിമയ മേഖലകളില്‍ 24, നിര്‍മിതോല്‍പ്പന്ന മേഖല- മൂന്ന് കെട്ടിടനിര്‍മാണമേഖല- ഏഴ് സാമൂഹിക-വ്യക്തിഗതസേവന മേഖല- 13 എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ വളര്‍ച്ച. വൈദ്യുതി-ജലവിതരണ മേഖലയുടെ പങ്ക് മൂന്ന് ശതമാനമാണ്.

deshabhimani

No comments:

Post a Comment