Monday, December 16, 2013

ഗുജറാത്ത് കലാപം: വാജ്പേയി-മോഡി സംഭാഷണം വെളിപ്പെടുത്തില്ലെന്ന് സര്‍ക്കാര്‍

ഗുജറാത്ത് കലാപം നടന്ന് 11 വര്‍ഷം പിന്നിട്ടിട്ടും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും നടത്തിയ ആശയവിനിമയം സംബന്ധിച്ച രേഖകള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ കാര്യാലയം. 2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ചോ കലാപത്തിന്റെ ആസൂത്രകരെ സംബന്ധിച്ചോ മോഡിയും വാജ്പേയിയും തമ്മിലുള്ള സംഭാഷണത്തില്‍ പരാമര്‍ശമുണ്ടോയെന്ന സംശയത്തിന് ഇതോടെ ബലമേറി.

ആശയവിനിമയം സംബന്ധിച്ച രേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷ പ്രധാനമന്ത്രിയുടെ കാര്യാലയം തള്ളി. അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതോ കുറ്റവാളികളുടെ അറസ്റ്റിനെയോ വിചാരണയെയോ ബാധിക്കുന്നതോ ആയ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന സുതാര്യതാനിയമത്തിലെ 8(1)(എച്ച്) വകുപ്പിലെ നിബന്ധനകള്‍ ചൂണ്ടിക്കാണിച്ചാണ് പ്രധാനമന്ത്രിയുടെ കാര്യാലയം രേഖകള്‍ പുറത്തുവിടാനാകില്ലെന്ന തീരുമാനത്തെ ന്യായീകരിക്കുന്നത്. ശക്തമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍മാത്രമേ ഈ വകുപ്പുപ്രകാരം വിവരങ്ങള്‍ നിഷേധിക്കാന്‍ പാടുള്ളൂവെന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിട്ടുണ്ട്.

അന്വേഷണം നടക്കുന്നതിനാല്‍ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന ന്യായം പറഞ്ഞ് വിവരം നിഷേധിക്കാനാകില്ലെന്നും അന്വേഷണത്തെയും മറ്റു നിയമനടപടികളെയും ഇതെങ്ങനെ ബാധിക്കുമെന്ന് കൃത്യമായി വിശദീകരിക്കണമെന്നും കോടതി അന്ന് പ്രസ്താവിച്ചിരുന്നു. എന്നാല്‍, വാജ്പേയി- മോഡി ആശയവിനിമയരേഖകള്‍ പുറത്തുവിടുന്നത് നിയമനടപടികളെ എങ്ങനെ ബാധിക്കുമെന്ന് പ്രധാനമന്ത്രിയുടെ കാര്യാലയം വിശദീകരിച്ചിട്ടില്ല.

2002 ഫെബ്രുവരി 27 മുതല്‍ 2002 ഏപ്രില്‍ 30 വരെ സംസ്ഥാനത്ത് നിലനിന്ന നീതിന്യായ സാഹചര്യങ്ങളെക്കുറിച്ച് ഗുജറാത്ത് സര്‍ക്കാരും പ്രധാനമന്ത്രിയുടെ കാര്യാലയവും നടത്തിയ ആശയവിനിമയത്തിന്റെ മുഴുവന്‍ രേഖകളുടെയും കോപ്പികള്‍ കൈമാറണമെന്നാണ് വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്ത് കലാപം കൊടുമ്പിരിക്കൊണ്ട കാലയളവില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയും പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയും നടത്തിയ സംഭാഷണങ്ങളുടെ കോപ്പികളും വിവരാവകാശപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

deshabhimani

No comments:

Post a Comment