Wednesday, December 11, 2013

"ദൃക്സാക്ഷി"കളുടെ മൊഴി കളവ്

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ദൃക്സാക്ഷികളായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഒന്നുമുതല്‍ മൂന്നുവരെ സാക്ഷികളുടെ മൊഴികള്‍ വിശ്വസനീയമല്ലെന്ന് പ്രതിഭാഗം വാദം. സാക്ഷികള്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്ന് അവരുടെ മൊഴികള്‍തന്നെ തെളിയിക്കുന്നുണ്ടെന്നും പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ അഡ്വ. ബി രാമന്‍പിള്ള വാദിച്ചു. സാക്ഷികളുടെ അസ്വാഭാവിക പെരുമാറ്റം സംശയാസ്പദമാണ്. രണ്ടുമിനുട്ടിനകം നടന്ന സംഭവത്തിലെ വാഹനവും വാളുകളും പ്രതികളെയും തിരിച്ചറിയുമെന്ന് പറയുന്നത് തികച്ചും അസ്വാഭാവികമാണ്. സംഭവസ്ഥലത്തിനുസമീപമുള്ള കെട്ടിടത്തില്‍ വൈദ്യുതി ലൈറ്റ് കത്തുന്നുണ്ടെന്ന് സീന്‍ മഹസറില്‍പോലുമില്ല. കെട്ടിടത്തില്‍ ലൈറ്റുണ്ടായിരുന്നുവെന്ന വാദം കേസാവശ്യാര്‍ഥമുണ്ടാക്കിയതാണ്.

ആര്‍എംപി ബന്ധമില്ലെന്ന് നേരത്തെ മൊഴി നല്‍കിയ സാക്ഷികള്‍ക്ക് പ്രതിഭാഗം രേഖകള്‍ ഹാജരാക്കിയപ്പോള്‍ ആര്‍എംപി ബന്ധം സമ്മതിക്കേണ്ടിവന്നു. രണ്ടാംസാക്ഷി രമേശന്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ കെ സദാശിവന്റെ ബൂത്ത് ഏജന്റായിരുന്നു. ഇക്കാര്യം തെളിയിക്കുന്നതിന് പ്രതിഭാഗം രേഖകള്‍ ഹാജരാക്കിയതാണ്. കോടതിയില്‍ മൊഴി നല്‍കിയശേഷം രണ്ടാംസാക്ഷിയിട്ട ഒപ്പും തെരഞ്ഞെടുപ്പ് രേഖകളിലെ ഒപ്പും ഒന്നാണെന്നും തെളിഞ്ഞിട്ടുണ്ട്. സദാശിവനെ അറിയില്ലെന്നു പറഞ്ഞ സാക്ഷി ഫോട്ടോ കാണിച്ചപ്പോള്‍ തിരിച്ചറിഞ്ഞു. സാക്ഷിമൊഴി കളവാണെന്നതിന് തെളിവാണിത്. വെട്ടേറ്റ് കിടക്കുന്നത് ചന്ദ്രശേഖരനാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ സാക്ഷിമൊഴിയിലും വൈരുധ്യമുണ്ട്. വീട്ടിലെത്തി ടിവി കണ്ടാണ് ചന്ദ്രശേഖരനാണെന്ന് മനസ്സിലായതെന്ന് പറയുന്ന സാക്ഷി ആ വിവരം ആരെയെങ്കിലും അറിയിച്ചോ എന്ന ചോദ്യത്തിന് ഓര്‍മയില്ലെന്നാണ് മറുപടി പറഞ്ഞത്. ബോധപൂര്‍വം തയാറാക്കിയ കഥയ്ക്കനുസരിച്ചാണ് സാക്ഷികളെ സൃഷ്ടിച്ചത്. ബ്രദേഴ്സ് ക്ലബ് വാര്‍ഷികവുമായി ബന്ധപ്പെട്ട് വള്ളിക്കാട്ട് അലങ്കരിച്ചുവെന്ന സാക്ഷിമൊഴികളും വാസ്തവവിരുദ്ധമാണ്. ഇന്നോവ കാര്‍ പൊലീസ് സ്റ്റേഷനിലും വാളുകള്‍ കണ്ടെടുത്ത സ്ഥലത്തുംവച്ച് സാക്ഷികള്‍ക്ക് കാണിച്ചുകൊടുത്തതിനാലാണ് തിരിച്ചറിഞ്ഞതെന്നും രാമന്‍പിള്ള വാദിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ സി ശ്രീധരന്‍ നായര്‍, കെ ഗോപാലകൃഷ്ണക്കുറുപ്പ്, പി എന്‍ സുകുമാരന്‍, കെ വിശ്വന്‍, കെ എം രാമദാസ്, കെ അജിത്കുമാര്‍, വിനോദ്കുമാര്‍ ചമ്പളോന്‍, എന്‍ ആര്‍ ഷാനവാസ്, പി ശശി, വി വി ശിവദാസന്‍, വി ബിന്ദു, അരുണ്‍ബോസ് എന്നിവരും ഹാജരായി.

deshabhimani

No comments:

Post a Comment