Wednesday, December 11, 2013

ഗ്രന്ഥശാലാപ്രസ്ഥാനത്തെ തകര്‍ക്കുന്നവര്‍ അക്ഷരവിരോധികള്‍: വൈക്കം വിശ്വന്‍

ജനങ്ങള്‍ക്ക് അക്ഷരജ്ഞാനമുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഗ്രന്ഥശാലാപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ലൈബ്രറി കൗണ്‍സിലിനെ പിരിച്ചുവിടാന്‍ തുനിയുന്നതിനും ഗ്രന്ഥശാലകളുടെ ഗ്രാന്റ് തടഞ്ഞു വച്ചതിനുമെതിരെ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ സംഘടിപ്പിക്കുന്ന ഗ്രന്ഥശാലാസംഘം സംരക്ഷണ സാംസ്കാരിക ജാഥ നെയ്യാറ്റിന്‍കരയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സാംസ്കാരികകേരളത്തിന് ജന്മം നല്‍കിയത് ഗ്രന്ഥശാലകളാണ്. ഓരോ ഗ്രന്ഥശാലയും ഓരോ സര്‍വകലാശാലയാണ്. അക്ഷരജ്ഞാനമുണ്ടായാല്‍ നാടിനെ അറിയും. വായനയിലൂടെയാണ് ആളുകള്‍ക്ക് പുതിയ അവബോധവും കാഴ്ചപ്പാടുമുണ്ടാകുക. ഇത് സഹിക്കാനാകാത്തവരാണ് ഗ്രന്ഥശാലാ സംഘത്തെ തകര്‍ക്കാന്‍ നോക്കുന്നത്. ഈ പ്രസ്ഥാനത്തില്‍ വ്യത്യസ്ത രാഷ്ട്രീയചിന്താഗതിക്കാരുണ്ട്. ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരായിരുന്ന തായാട്ട് ശങ്കരനും വൈക്കം മുഹമ്മദ്ബഷീറും വരെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഗ്രന്ഥശാലകള്‍ക്ക് ആസ്ഥാനമുണ്ടാകുന്നത് നാട്ടിലെ ജനങ്ങളുടെ താല്‍പ്പര്യാര്‍ഥമാണ്. ഒരു ഓഫീസുണ്ടാകുന്നതില്‍ എന്തിനാണ് വിവാദമെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാല സ്ഥിതിചെയ്യുന്ന വസ്തുവിന്റെ വില കണക്കാക്കുന്ന റിയല്‍ എസ്റ്റേറ്റുകാരാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്. ഇഷ്ടമില്ലാത്തവര്‍ക്ക് ഭിക്ഷകൊടുക്കുന്ന രീതിയിലാണ് ഗ്രന്ഥശാലകള്‍ക്ക് ഗ്രാന്റ് കൊടുക്കുന്നത്. ലൈബ്രറി കൗണ്‍സിലിനെ പിരിച്ചുവിടാനുളള നീക്കത്തിനും ലൈബ്രറികളുടെ ഗ്രാന്റ് തടഞ്ഞുവച്ചതിനുമെതിരെ അക്ഷരസ്നേഹികളാകെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment