Saturday, December 14, 2013

തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ബദല്‍ സാധ്യത: കാരാട്ട്

അഗര്‍ത്തല: അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം കോണ്‍ഗ്രസ്, ബിജെപി ഇതര ബദല്‍ സര്‍ക്കാര്‍ രാജ്യത്ത് വരാനുള്ള സാധ്യതയാണ് കാണിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അഗര്‍ത്തലയില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. ബിജെപി, കോണ്‍ഗ്രസ് ഇതര മതേതര സര്‍ക്കാരാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബദല്‍ സാധ്യതകള്‍ക്ക് സിപിഐ എം നേതൃത്വം നല്‍കും. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ദേശീയ വികാരമായി കാണാനാകില്ലെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.

യുപിഎ സര്‍ക്കാരിനെ ജനങ്ങള്‍ കയ്യൊഴിഞ്ഞു. രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇത് തടയാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയേല്‍ക്കാന്‍ പ്രധാന കാരണം ഇതാണ്. അഴിമതി തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്ത്നിന്ന് ഒര് ഇടപെടലും ഉണ്ടായില്ല. രാജ്യത്തെ വര്‍ഗീയ ശക്തികളെ തുര്‍ന്ന് കാണിക്കേണ്ടത് സിപിഐ എമ്മിന്റെയും ഇടത് പാര്‍ട്ടികളുടെയും ഉത്തരവാദിത്തമാണ്. ഇതിനായി രാജ്യത്തുടനീളം പ്രചാരണം ശക്തമാക്കും.

ലാവ് ലിന്‍ കേസ് സംബന്ധിച്ച കോടതി വിധി പാര്‍ട്ടി നിലപാട് ശരിയാണെന്ന് തെളിയിച്ചു. പിണറായി വിജയനെതിരായ ഗൂഢാലോചനയാണ് ലാവ് ലിന്‍ കേസ്. കോടതി വിധി കേരളത്തിലെ ജനങ്ങള്‍ സ്വാഗതം ചെയ്തെന്നും കാരാട്ട് പറഞ്ഞു. പശ്ചിമ ബംഗാളിലെ ശാരദ ചിട്ടി ഫണ്ട് തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment