Thursday, December 19, 2013

നാണംകെട്ട് അമേരിക്ക

നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡയെ പ്രാകൃതമായി അപമാനിച്ചതിനെ തുടക്കംമുതല്‍ ന്യായീകരിച്ച അമേരിക്ക ഒടുവില്‍ ഇന്ത്യയിലുണ്ടായ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് നാണംകെട്ട് ഖേദം പ്രകടിപ്പിച്ചു. അമേരിക്കന്‍ വിദേശ സെക്രട്ടറി ജോണ്‍ കെറി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഇന്ത്യന്‍ സമയം ബുധനാഴ്ച അര്‍ധരാത്രി ഫോണില്‍ വിളിച്ചാണ് ഖേദം പ്രകടിപ്പിച്ചത്. സംഭവത്തില്‍ വൈറ്റ് ഹൗസും ഖേദം പ്രകടിപ്പിച്ചു.

ഈ "ഒറ്റപ്പെട്ട" സംഭവം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള "അടുത്ത" ബന്ധത്തിന് ഉലച്ചില്‍ തട്ടാന്‍ ഇടയാക്കരുതെന്നാണ് കെറി പറഞ്ഞത്. ദേവയാനിയുടെ അതേ പ്രായമുള്ള രണ്ട് പെണ്‍മക്കളുടെ പിതാവ് എന്ന നിലയില്‍ ദേവയാനിയുടെ അറസ്റ്റിനുശേഷം ഇന്ത്യയ്ക്കുണ്ടായ ക്ഷതത്തില്‍ ഖേദിക്കുന്നു. രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കുന്നതിന്റെയും ഇരകളെ സംരക്ഷിക്കുന്നതിന്റെയും പ്രാധാന്യം സെക്രട്ടറി എന്ന നിലയില്‍ ഉള്‍ക്കൊള്ളുന്നു.

അതേ സമയം അമേരിക്കയില്‍ സേവനമനുഷ്ഠിക്കുന്ന നയതന്ത്രജ്ഞര്‍ അമേരിക്കന്‍ നിയമം അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണെന്നും കെറി പറഞ്ഞു. ഈ സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്തതും പരസ്പര ബഹുമാനത്തോടെയുള്ളതുമായ ബന്ധത്തെ ബാധിക്കരുതെന്ന് വൈറ്റ്ഹൗസ് പ്രത്യേകം വ്യക്തമാക്കി. നയതന്ത്രജ്ഞയെ അവഹേളിച്ചതിനെ ആദ്യം ന്യായീകരിച്ച അമേരിക്ക, വിയന്ന ചട്ടങ്ങള്‍ ഇന്ത്യ പാലിക്കണമെന്നും അമേരിക്കന്‍ നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം ദേവയാനിയുടെ അറസ്റ്റിലും അപമാനത്തിലും പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. അമേരിക്കയുടെ അഹന്തയ്ക്ക് നേരത്തെ ഇന്ത്യ വഴങ്ങിയതാണ് അവഹേളനത്തിന്കാരണമെന്ന് അംഗങ്ങള്‍ പറഞ്ഞു. ദേവയാനിയെ നാട്ടില്‍ തിരിച്ചെത്തിക്കാനും അവരുടെ അന്തസ്സ് വീണ്ടെടുക്കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ഇന്ത്യ അതിരുവിട്ട് പ്രതികരിച്ചിട്ടില്ലെന്നും വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. അമേരിക്കന്‍ അധികൃതരുടെ നടപടി ഖേദകരമെന്ന് മാത്രമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രതികരിച്ചത്. ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനിടെ, ദേവയാനിയെ ന്യൂയോര്‍ക്കിലെ ഇന്ത്യയുടെ യുഎന്‍ സ്ഥിരം പ്രതിനിധി ഓഫീസിലേക്ക് മാറ്റി. പൂര്‍ണ നയതന്ത്രപരിരക്ഷ ലഭ്യമാക്കാനാണിത്. ദേവയാനിക്ക് പരിമിതമായ നയതന്ത്രപരിരക്ഷ മാത്രമാണുള്ളതെന്ന് അമേരിക്ക വാദിച്ചിരുന്നു. ദേവയാനിയെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചതിനെയും മയക്കുമരുന്ന് അടിമകള്‍ക്കും ലൈംഗിക കുറ്റവാളികള്‍ക്കുമൊപ്പം പാര്‍പ്പിച്ചതിനെയും അമേരിക്ക ന്യായീകരിച്ചു. തന്റെ ശരീരത്തിന്റെ ഓരോഭാഗത്തും സ്വകാര്യതകള്‍ ലംഘിച്ച് പരിശോധന നടത്തിയെന്നും താന്‍ തളര്‍ന്നുപോയെന്നും സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലില്‍ ദേവയാനി പറഞ്ഞു. ദേവയാനിക്കെതിരെ പരാതി നല്‍കിയ സംഗീത റിച്ചാര്‍ഡ് ഇന്ത്യന്‍ കോടതിക്കും പൊലീസിനും പിടികൊടുക്കാതെ മുങ്ങിനടക്കുകയാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ് രാജ്യസഭയില്‍ പറഞ്ഞു. ദേവയാനി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അവര്‍ക്കെതിരായ കേസിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.
(സാജന്‍ എവുജിന്‍)

കടുത്ത അതിക്രമം: കാരാട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്രജ്ഞയെ അറസ്റ്റുചെയ്ത് അപമാനിച്ച അമേരിക്കന്‍ നടപടി കടുത്ത അതിക്രമമായിപ്പോയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയോടും നമ്മുടെ നയതന്ത്രജ്ഞരോടുമുള്ള അമേരിക്കന്‍ അധികൃതരുടെ മനോഭാവമാണ് ഇതു വ്യക്തമാക്കുന്നത്. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കുനേരെ ഇത്തരം അപമാനം ആദ്യമല്ല. മൂന്നുവര്‍ഷം മുമ്പ് ഇന്ത്യന്‍ സ്ഥാനപതി മീരാശങ്കറിനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ ദേഹപരിശോധനയ്ക്ക് വിധേയയാക്കി. യുഎന്നിലെ ഇന്ത്യന്‍ സ്ഥിരംപ്രതിനിധിക്കും സമാനമായ ദുരനുഭവം നേരിട്ടു. അമേരിക്കന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്കെതിരെ ഇതിനു മറുപടി നല്‍കുംവിധം ഇന്ത്യ ഉറച്ചനടപടി സ്വീകരിക്കണം. മാത്രമല്ല, അമേരിക്കയിലെ നമ്മുടെ നയതന്ത്രജ്ഞരുടെ കാര്യത്തില്‍ നയതന്ത്രബന്ധങ്ങള്‍ സംബന്ധിച്ച വിയന്ന ചട്ടങ്ങള്‍ പാലിക്കുമെന്ന ഉറപ്പ് അമേരിക്കയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ വാങ്ങണം-കാരാട്ട് ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment