Saturday, December 14, 2013

റെയില്‍വേ സോണ്‍ ഇല്ല

കേരളത്തിന് സ്വന്തമായി റെയില്‍വേ സോണ്‍ എന്ന ആവശ്യം അടുത്ത റെയില്‍ബജറ്റിലും നടപ്പാകില്ല. ഇക്കാര്യം പരിഗണനയിലില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്രകുമാര്‍ വ്യക്തമാക്കി. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കുതിപ്പ് പകരാന്‍ പ്രത്യേക സോണ്‍ എന്നത് പതിറ്റാണ്ടുകളായി ഉയരുന്ന ആവശ്യമാണ്. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിന് റെക്കോഡ് പ്രാതിനിധ്യമുണ്ടായിട്ടും അവഗണന തുടരുകയാണ്. കേരളത്തിന് പ്രത്യേക സോണ്‍ അനുവദിക്കുന്നത് തടയാന്‍ ശക്തമായ ഇടപെടല്‍ നേരത്തേ തന്നെയുണ്ട്. പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ച് സേലം ഡിവിഷന് രൂപം നല്‍കി.

കര്‍ണാടകത്തില്‍നിന്നുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് റെയില്‍മന്ത്രാലയ ചുമതല ലഭിച്ചതോടെ മംഗളൂരു കേന്ദ്രമായി പുതിയ ഡിവിഷന്‍ രൂപീകരിക്കാനുള്ള നീക്കവും സജീവമാണ്. മൈസൂരു ഡിവിഷനില്‍നിന്നുള്ള മൈസൂരു ജങ്ഷന്‍-ഹാസന്‍ പാതയും പാലക്കാട് ഡിവിഷന്റെ തൊക്കൂര്‍-പനമ്പൂര്‍ യാര്‍ഡ്-മംഗളൂരു-ചെറുവത്തൂര്‍ഭാഗവും ചേര്‍ത്ത് മംഗളൂരു ഡിവിഷന്‍ രൂപീകരിക്കാനാണ് നീക്കം. കന്യാകുമാരി- തിരുനല്‍വേലി- നാഗര്‍കോവില്‍ പാത മധുര ഡിവിഷനു നല്‍കാനും ആലോചനയുണ്ട്. ഇത് രണ്ടും യാഥാര്‍ഥ്യമായാല്‍ കേരളത്തിന് പ്രത്യേക സോണ്‍ സ്വപ്നം മാത്രമാവും. നിലവിലുള്ള ഡിവിഷനുകള്‍ ശോഷിച്ചാല്‍ ഭാവിയില്‍ ഒറ്റ ഡിവിഷന്‍ എന്ന സ്ഥിതിയില്‍പ്പോലും കേരളം എത്തും. മൂന്നു ഡിവിഷനുകളില്ലെന്ന കാരണം പറഞ്ഞ് സോണ്‍ ആവശ്യം തള്ളിയാലും പ്രവിശ്യാ സോണ്‍ രൂപികരിക്കാന്‍ തടസമില്ല.

കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍പോലെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ എന്ന നിലയില്‍ പ്രവിശ്യാ സോണ്‍ രൂപീകരിക്കാനുള്ള ശ്രമം പോലും കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ നടത്തുന്നില്ല. കേരളത്തില്‍ 1050 കിലോമീറ്റര്‍ ദൂരത്തിലാണ് ട്രെയിന്‍ സര്‍വീസുള്ളത്. പാസഞ്ചര്‍ സര്‍വീസ് ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ട്രാക്കുകളും ചേര്‍ത്താല്‍ ദൈര്‍ഘ്യം 1588 കിലോമീറ്റര്‍. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ 156 എക്സ്പ്രസ്, 109 പാസഞ്ചര്‍ ട്രെയിനുകള്‍ പ്രതിദിനം ഓടുന്നു. 2012 ജൂണിലെ കണക്കുപ്രകാരം പ്രതിദിനയാത്രക്കാരുടെ എണ്ണം അഞ്ചു ലക്ഷത്തോളമാണ്. ദക്ഷിണറെയില്‍വേയുടെ വരുമാനത്തിന്റെ മൂന്നിലൊന്നും സംഭാവനചെയ്യുന്നത് ഈ ഡിവിഷനുകളാണ്- രണ്ടായിരം കോടിയോളം. എന്നാല്‍, കേരളത്തില്‍ ഓടുന്ന ട്രെയിനുകളില്‍ ഉപയോഗിക്കുന്ന ബോഗികളുടെ അവസ്ഥ പരിതാപകരമാണ്. ഇക്കൊല്ലം തിരുവനന്തപുരത്തിന് കിട്ടിയത് എട്ട് പുതിയ ബോഗിമാത്രം. പാലക്കാടിന് ഒന്നും. യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് ട്രെയിന്‍ ഓടിക്കാനും കഴിയുന്നില്ല.

ട്രെയിനുകളില്‍ അധികബോഗികള്‍ ഏര്‍പ്പെടുത്താനുമാവുന്നില്ല. സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യവും ദയനീയം. പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചാല്‍ത്തന്നെയും ഓടാന്‍ രണ്ടു വര്‍ഷമെങ്കിലും വേണം. ട്രെയിനുകളുടെ വേഗവും കുറവ്. കേരളം ആസ്ഥാനമായി സോണ്‍ അനുവദിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. സംസ്ഥാന സര്‍ക്കാരും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും ഈ വിഷയത്തില്‍ അലംഭാവം കാട്ടുന്നതായി ആക്ഷേപമുണ്ട്. കര്‍ണാടത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമുള്ള കേന്ദ്രമന്ത്രിമാര്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയാണ് ആവശ്യങ്ങള്‍ നേടുന്നത്. കഴിഞ്ഞ റെയില്‍ബജറ്റില്‍ തമിഴ്നാട്ടിന് 10 പുതിയ ട്രെയിന്‍ ലഭിച്ചപ്പോള്‍ കേരളത്തിന് കിട്ടിയത് ഒരു പ്രതിവാര ട്രെയിന്‍ മാത്രം. കേരളം പ്രത്യേക സോണ്‍ എന്ന ആവശ്യം ഉയര്‍ത്തിയതിനുശേഷം ഇക്കാര്യം ഉന്നയിച്ച പല സംസ്ഥാനത്തും ഇതിനകം സോണ്‍ അനുവദിച്ചിട്ടുണ്ട്.

സാജന്‍ എവുജിന്‍ deshabhimani

No comments:

Post a Comment