തിരുവനന്തപുരം> സംസ്ഥാനം അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നേരിടുന്നതെന്നും ആദ്യഘട്ടത്തില്‍ ഈ മഹാമാരിയെ ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി. മെയ് പകുതിയാകുമ്പോള്‍ പ്രതിദിനം രോഗബാധിതരുടെ എണ്ണം 16 ആയി കുറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഫലപ്രദമായ ഏകോപനത്തിലൂടെ പ്രവര്‍ത്തിക്കുകയും ജനങ്ങളില്‍നിന്ന് നല്ല സഹകരണം നേടുകയും ചെയ്തു. സ്വകാര്യ ആശുപത്രികളെ കൂടി കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളാക്കിയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. സ്വകാര്യ മേഖലയില്‍ കോവിഡ് ചികിത്സക്ക് നിരക്ക് നിശ്ചയിച്ച ആദ്യ സംസ്ഥാനമാണ് കേരളം.
എല്ലാ അര്‍ത്ഥത്തിലും രോഗവ്യാപനം പിടിച്ചു നിര്‍ത്താനായി എന്നത് നമ്മുടെ അഭിമാനകരമായ നേട്ടമാണ്. എന്നാല്‍ സെപ്തംബറില്‍ രോഗികളുടെ എണ്ണത്തില്‍ ഭീതിജനകമായ വളര്‍ച്ചയാണുണ്ടായത്. പ്രതിദിന കേസുകള്‍ ഏഴായിരമായി വര്‍ധിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് തൊണ്ണൂറ്റിയാറ് ശതമാനം പേര്‍ക്കും രോഗം ബാധിക്കുന്നതു എന്നത് അതിവ ഗൗരവമുള്ള കാര്യമാണ്. ഈ നില തുടര്‍ന്നാല്‍ വലിയ അപകടത്തിലേക്കാണ് നാം ചെന്ന് പതിക്കുക. അതുകൊണ്ട് എന്ത് വിലകൊടുത്തും രോഗവ്യാപനംപിടിച്ചു കെട്ടണം; സര്‍വ്വകക്ഷി യോഗത്തെ സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു
നിലവിലെ നമ്മുടെ അവസ്ഥയും ചികിത്സാ സൗകര്യങ്ങളും നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നത് കൊണ്ട് ആവര്‍ത്തിക്കുന്നില്ല.എല്ലാവര്‍ക്കും അറിയുന്നതുപോലെ കോവിഡ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അതിന്റേതായ അര്‍ത്ഥത്തില്‍ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന കാരണം. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിന് വേണ്ടി സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കും. അതോടൊപ്പം പ്രാദേശിക തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നല്ല ഇടപെടല്‍ ഉണ്ടാകണം.
പ്രതിഷേധ സമരങ്ങള്‍ ആരോഗ്യ പരിപാലന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായിരിക്കണം. പ്രതിഷേധ സമരങ്ങള്‍ നമ്മുടെ ജനാധിപത്യ അവകാശമാണ്. അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ഇന്ന് നാം നേരിടുന്ന സാഹചര്യത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണങ്ങള്‍ ആവശ്യമാണ്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയേ പറ്റൂ. ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളോടും അഭ്യര്‍ത്ഥിച്ചു. ലോക്ക് ഡൗണിനു ശേഷം രാജ്യത്താകെ വിവിധ മേഖലകള്‍ തുറന്നു പ്രവര്‍ത്തിക്കുകയാണ്. അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നതിനു ഇത് ആവശ്യമാണ്.
കമ്പോളങ്ങളിലും റീട്ടെയില്‍ വ്യാപാരസ്ഥാപനങ്ങളിലും ആദ്യഘട്ടത്തിലുണ്ടായിരുന്ന ജാഗ്രതക്ക് നല്ല കുറവുണ്ടായതായി കാണുന്നു. ഇതിന്റെ ദൂഷ്യഫലം പ്രത്യക്ഷത്തില്‍ കാണുന്നുമുണ്ട്. ഇവിടെ ഫലപ്രദമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിലവിലെ സംവിധാനത്തോടൊപ്പം പ്രാദേശികതലത്തിലെ രാഷ്ട്രീയകക്ഷിനേതാക്കള്‍ നല്ല ഇടപെടല്‍ നടത്തേണ്ടതുണ്ട്.
നാളിതുവരെയുള്ള കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പൊതുവേ നല്ല പിന്തുണയാണ് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ളത്. ചില ഘട്ടങ്ങളില്‍ സങ്കുചിത താല്‍പര്യങ്ങള്‍ നാം പൊതുവായി നേരിടുന്ന ഭീഷണിയെ അവഗണിച്ചുകൊണ്ട് പൊന്തിവന്നിട്ടുണ്ട്. രോഗവ്യാപനം വലിയൊരു ഭീഷണിയായി പത്തിവിടര്‍ത്തുമ്പോള്‍ ഇത്തരം പ്രവണതകള്‍ ഇനിയൊരിക്കലും ഉണ്ടാകാതിരിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പ്രതിജ്ഞാബദ്ധരാകണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്ഥിതി അതിസങ്കീര്‍ണ്ണമാകാന്‍ സാധ്യതയുണ്ട്. ഇത് നാം തടഞ്ഞേ തീരൂ.
ഈ പ്രതിസന്ധി തരണം ചെയ്യാന്‍ എല്ലാവരുടെയും അകമഴിഞ്ഞ സഹകരണവും പിന്തുണയുമാണ് സര്‍വ്വകക്ഷി യോഗത്തില്‍ അഭ്യര്‍ത്ഥിച്ചത്.നാടിനെയും ജനങ്ങളേയും മുന്‍നിര്‍ത്തിയുള്ള ഉത്തരവാദിത്തപൂര്‍ണ്ണമായ രാഷ്ട്രീയ പ്രവര്‍ത്തനമേ ഏതു ഭാഗത്തു നിന്നുമുണ്ടാകൂ എന്ന് ഉറപ്പുവരുത്താന്‍ ഒരുമിച്ചു നീങ്ങണം എന്ന അഭ്യര്‍ത്ഥന എല്ലാ ഭാഗത്തു നിന്നും സ്വീകരിക്കപ്പെട്ടു.
കോവിഡ് വ്യാപനം തടയുന്നതിന് ഒറ്റക്കെട്ടായി നീങ്ങാന്‍ സര്‍വ്വകക്ഷി യോഗം ഏകകണ്ഠമായി തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എകീകൃതമായ രീതിയില്‍ കോവിഡിനെ പ്രതിരോധിക്കണമെന്ന കാര്യത്തിലും അതിന് കോവിഡ് മാനദണ്ഡം പാലിക്കണമെന്നും എല്ലാവരും അംഗീകരിച്ചു.വിവിധ പരിപാടികള്‍ നടക്കുമ്പോള്‍ നിശ്ചിത എണ്ണത്തില്‍ ഒതുങ്ങണം. ആള്‍ക്കാര്‍ കൂടുന്ന ഏത് പരിപാടി ആയാലും ഒപ്പം മുന്‍കരുതലുകള്‍ എടുക്കുകയും വേണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി
സിബിഐയെ തടയാൻ നിയമനിർമാണം നടത്തിയത് കോൺഗ്രസ് സർക്കാരുകൾ; കേരളത്തിൽ അത്തരം ആലോചനയില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം > സിബിഐയെ പോലുള്ള ഏജൻസികളെ തടയാൻ വിവിധ സംസ്ഥാനങ്ങളിൽ നിയമനിർമാണം നടത്തിയത് കോൺഗ്രസ് സർക്കാരുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ അത്തരം ഒരു ആലോചന ഇതേവരെ നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ''കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചിലത് ഇങ്ങനെ ഒരു നിലപാട് എടുത്തിട്ടുണ്ടെന്നത് ശരിയാണ്. അങ്ങനെ ഒരു സമീപനം കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം കൊടുത്തുകൊണ്ടുതന്നെ അവിടെ എടുത്തിട്ടുണ്ട്. ഞങ്ങള്‍ ഇതുവരെ അത്തരമൊരു കാര്യവും ആലോചിച്ചിട്ടില്ല''-മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം ആലോചിക്കുന്നുവെന്ന് പറഞ്ഞിരുന്നു.അതേ തനിക്കറിയുകയുള്ളൂ എന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
സിബിഐയെ തടയാൻ സർക്കാർ ഓഡിനൻസ് ഇറക്കാൻ പോകുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
No comments:
Post a Comment