കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച പുതിയ തൊഴിൽ കോഡുകൾ നിലവിലെ നിയമങ്ങൾ തൊഴിലാളികൾക്ക് ഉറപ്പുനൽകുന്ന പരിരക്ഷകൾ ഇല്ലാതാക്കും. പ്രതിഷേധിക്കാനുള്ള അവകാശം ഇല്ലാതാക്കും. ‘സാമൂഹ്യസുരക്ഷാ കോഡ്, വ്യവസായബന്ധ കോഡ്, തൊഴിൽ സുരക്ഷ–- ആരോഗ്യം– -തൊഴിൽസാഹചര്യം കോഡ്’ ബില്ലുകൾ രാജ്യത്തെ തൊഴിൽസാഹചര്യങ്ങളെ ഒരുനൂറ്റാണ്ടെങ്കിലും പുറകോട്ടടിപ്പിക്കും.
1926ലെ ട്രേഡ്‌യൂണിയൻ നിയമം, 1946ലെ ഇൻഡസ്‌സ്‌ട്രിയൽ എംപ്ലോയ്‌മെന്റ് (സ്റ്റാൻഡിങ് ഓർഡേഴ്‌സ്) നിയമം, 1947ലെ ഇൻഡസ്‌ട്രിയൽ ഡിസ്‌പ്യൂട്ട്‌സ് നിയമം തുടങ്ങിയവ നാല് കോഡാക്കി ഏകീകരിക്കും. തൊഴിലുടമ– -തൊഴിലാളി ബന്ധം മെച്ചപ്പെടുത്താനും തർക്കങ്ങൾ രമ്യമായി പരിഹരിക്കാനും വ്യാവസായിക പുരോഗതി ഉറപ്പാക്കാനുമാണ് പുതിയ നീക്കമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാൽ, സ്ഥിരം തൊഴിലെന്ന ആശയം ഇല്ലാതാക്കുകയും സംഘടിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്നതാണ് കോഡുകളിലെ വ്യവസ്ഥകൾ.
വ്യവസായബന്ധ കോഡിലെ വ്യവസ്ഥ അനുസരിച്ച് 300 തൊഴിലാളികൾവരെയുള്ള തൊഴിലിടങ്ങളിൽ നിയമിക്കാനും പിരിച്ചുവിടാനും സർക്കാർ അനുമതി ആവശ്യമില്ല. ഇവിടങ്ങളിൽ തൊഴിലുടമകൾക്ക് ഏകപക്ഷീയമായി സേവനവ്യവസ്ഥകൾ തീരുമാനിക്കാം. തൊഴിലാളികളെ പിരിച്ചുവിടാനും പരമാവധി ചൂഷണം ഉറപ്പാക്കുന്ന സേവനവ്യവസ്ഥകൾ അടിച്ചേൽപ്പിക്കാനും തൊഴിലുടമകൾക്കാകും. തൊഴിലാളികളുടെ പണിമുടക്കാനുള്ള അവകാശങ്ങൾക്കും നിയന്ത്രണം വരും. വ്യവസായ സ്ഥാപനത്തിൽ 60 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകാതെ പണിമുടക്കാൻ പാടില്ല. ട്രിബ്യൂണലിന്റെ പരിഗണനയിലുള്ള വിഷയങ്ങളിൽ നടപടിക്രമങ്ങൾ പൂർത്തിയാകാതെ പണിമുടക്കാനാകില്ല. ഒന്നിൽ കൂടുതൽ യൂണിയനുകളുള്ള സ്ഥാപനത്തിൽ 51 ശതമാനം തൊഴിലാളികളുടെയെങ്കിലും പിന്തുണയുള്ള യൂണിയനുമാത്രമേ കൂടിയാലോചനകൾക്ക് അവസരം നൽകൂ. ഒരു യൂണിയനും 51 ശതമാനം പിന്തുണ ഇല്ലാത്ത സാഹചര്യത്തിൽ തൊഴിലുടമകൾ രൂപീകരിക്കുന്ന കൗൺസിലിനാകും തർക്കവിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം. സാമൂഹ്യസുരക്ഷ സാർവത്രികമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘സാമൂഹ്യസുരക്ഷാ കോഡ്’ നടപ്പാക്കുന്നതെന്ന് സർക്കാർ പറയുന്നു. എന്നാൽ, ഒരോ തൊഴിൽമേഖലയ്‌ക്കും ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ ഈ കോഡ് നിലവിൽ വരുന്നതോടെ ഇല്ലാതാകും. തൊഴിലിടങ്ങളിലെ അപകടങ്ങൾ ഒഴിവാക്കാനുള്ള വ്യവസ്ഥകൾ കുറവാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
No comments:
Post a Comment