ന്യൂഡൽഹി > ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനിച്ച നൂറ് വ്യക്തികളുടെ പട്ടികയിൽ ഷഹീൻബാഗിലെ സമരനായിക 82കാരിയായ ബിൽക്കിസും പ്രധാനമന്ത്രി നരേന്ദ്രമോഡിയും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ അനിശ്ചിതകാല സമരം നയിച്ച ബിൽക്കിസ് ദാദി പ്രതിഷേധത്തിന്റെ ശക്തമായ പ്രതീകമായിരുന്നു. രാജ്യത്ത് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി ബിൽക്കിസ് മാറിയെന്നാണ് ടൈം മാഗസിൻ വിശേഷിപ്പിച്ചത്. ' എന്റെ സിരകളിലെ രക്തയോട്ടം നിലയ്ക്കുംവരെ ഞാനിവിടെ ഇരിക്കും, അങ്ങനെ ലോകത്തെയും ഈ രാജ്യത്തെയും കുട്ടികൾ നീതിയുടെയും തുല്യതയുടെയും വായൂ ശ്വസിക്കട്ടെ' എന്നാണ് ബിൽക്കിസ് പ്രഖ്യാപിച്ചത്. ബിൽക്കിസിനെ എന്തുകൊണ്ട് തെരഞ്ഞെടുത്തുവെന്ന് വ്യക്തമാക്കി മാധ്യമപ്രവർത്തക റാണാ അയ്യൂബ് എഴുതിയ വിവരണത്തിലാണ് ഇത് രേഖപ്പെടുത്തിയത്.
ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ നരേന്ദ്ര മോഡി സംശയ നിഴലിലാക്കിയെന്നാണ് ടൈം എഡിറ്റർ കാൾ വിക്ക് വിശേഷിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ബഹുസ്വതരയെ ആഘോഷിച്ചിരുന്നു. രാജ്യത്തെ ഭൂരിപക്ഷം പ്രധാനമന്ത്രിമാരും 80 ശതമാനമുള്ള ഹിന്ദുക്കളിൽനിന്നായിരുന്നെങ്കിലും മോഡിയുടെ ഭരണം വ്യത്യസ്തമായിരുന്നു. ശാക്തീകരണത്തിലൂന്നിയുള്ള ജനകീയ വാഗ്ദാനത്തിലൂടെ ആദ്യം മോഡി അധികാരത്തിലേറി. തുടർന്ന് അദ്ദേഹത്തിന്റെ ഹിന്ദു ദേശീയതാ പാർടിയായ ബിജെപി ബഹുസ്വരതയെ നിരാകരിച്ച് മുസ്ലിങ്ങളെ ലക്ഷ്യമിട്ടു. മഹാമാരിയെ എതിർപ്പുകളെ അടിച്ചമർത്താനുള്ള ഉപായമാക്കി. ലോകത്തിലെ ഏറ്റവും ചടുലമായ ജനാധിപത്യത്തിൽ കരിനിഴൽവീണു. എന്തുകൊണ്ട് മോഡിയെ തെരഞ്ഞെടുത്തു എന്ന് വ്യക്തമാക്കി കാൾ വിക്ക് വിശദീകരിച്ചു.
ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന, ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ, ലണ്ടനിൽ പ്രവർത്തിക്കുന്ന എച്ച്ഐവി ഗവേഷകൻ ഡോ. രവീന്ദ്ര ഗുപ്ത എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ജർമൻ ചാൻസലർ ഏംഗല മെർക്കൽ, ഫോർമുല വൺ താരം ലൂയിസ് ഹാമിൽട്ടൺ തുടങ്ങിവരും പട്ടികയിലുണ്ട്.
No comments:
Post a Comment