ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു സെപ്‌തംബർ 20. ഭരണഘടനാ വ്യവസ്ഥകളും നടപടി ചട്ടങ്ങളും കാറ്റിൽപ്പറത്തി രാജ്യസഭയിൽ കാർഷിക മേഖലയെ ബാധിക്കുന്ന രണ്ട് നിയമങ്ങൾ പാസാക്കി. ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ബിൽ, ഫാർമേഴ്സ് (എംപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസസ് ബിൽ എന്നിവയാണവ.
എസൻഷ്യൽ കമോഡിറ്റീസ് (അമെന്റ്മെന്റ്) ബിൽ സെപ്‌തംബർ 22 നാണ് പാസായത്. ഇവ മൂന്നും ഏപ്രിൽ മാസത്തിൽ ഓർഡിനൻസുകൾ ആയി പ്രഖ്യാപിച്ചിരുന്നു. കോവിഡ് പാക്കേജിന്റെ ഭാഗമായിട്ടാണ് ഓർഡിനൻസുകൾ വന്നത്. ഈ ഓർഡിനൻസുകളും കോവിഡും തമ്മിൽ ഒരു ബന്ധവുമില്ല. ഇതേപോലെ തന്നെയാണ് പൊതുമേഖലാ സ്വകാര്യവൽക്കരണ പരിപാടികളും മോഡി സർക്കാർ പ്രഖ്യാപിച്ചത്.
സെപ്‌തംബർ 14 മുതൽ പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്തത് പ്രധാനമായും മുകളിൽ പറഞ്ഞ ബില്ലുകളും സഹകരണമേഖലയെ ദുർബലപ്പെടുത്തുന്ന ബാങ്കിങ് റെഗുലേഷൻ അമെന്റ്മെന്റ് ബില്ലും തൊഴിൽ നിയമങ്ങളിൽ തൊഴിലാളിവിരുദ്ധ ഭേദഗതികൾ വരുത്തുന്ന 3 ലേബർ കോഡുകളും പാസാക്കുക എന്ന ലക്ഷ്യത്തോടെയാണ്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിന് ശേഷം 11 ഓർഡിനൻസുകളാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. വളരെ അടിയന്തര സ്വഭാവമുള്ള പ്രശ്നങ്ങളിലാണ് ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നത്. മോഡി സർക്കാർ 2020 മാർച്ചിനും സെപ്‌തംബറിനുമിടയിൽ പുറപ്പെടുവിച്ച മിക്ക ഓർഡിനൻസുകളും അടിയന്തര പ്രാധാന്യമുള്ളവയായിരുന്നില്ല.
സുപ്രധാന ബില്ലുകൾ ചർച്ചയ്ക്കായി നിശ്ചയിക്കുന്ന കാര്യോപദേശക സമിതി യോഗത്തിൽ അവ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മൂന്ന് കാർഷിക ബില്ലുകളും ബാങ്കിങ് റഗുലേഷൻ ഭേദഗതി ബില്ലുമാണവ. എന്നാൽ, സർക്കാർ അംഗീകരിച്ചില്ല. ഇവ നാലും നടപ്പ് സമ്മേളനത്തിൽ തന്നെ പാസാക്കണമെന്ന് സർക്കാർ വാശിപിടിച്ചു. കാർഷികമേഖലയിൽ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതും രാജ്യത്തെ സഹകരണ മേഖലയെ തകർക്കുന്നതുമാണ് പ്രസ്തുത ബില്ലുകൾ. കാർഷിക ബില്ലുകൾക്കെതിരെ കൃഷിക്കാർ രാജ്യവ്യാപകമായി പ്രക്ഷോഭം ഉയർത്തുന്നതുപോലും സർക്കാർ ഗൗനിച്ചില്ല. എൻഡിഎ ഘടകകക്ഷികളായ അകാലിദൾ, എൽജെപി എന്നിവരുടെ പ്രതിഷേധവും കേന്ദ്രസർക്കാർ അവഗണിച്ചു.
വിവാദബില്ലുകൾ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. ഈ ബില്ലുകൾക്കെതിരെ രാജ്യസഭയിൽ ഉയർത്തിയതുപോലെ ശക്തമായ പ്രതിഷേധം ഉയർത്താൻ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ശ്രമിച്ചില്ല. ലോക്‌സഭയിലെ കോൺഗ്രസ് അംഗങ്ങളിൽ ഗണ്യമായ എണ്ണം കേരളത്തിൽ നിന്നുള്ളവരാണ്. ഈ ബില്ലുകൾക്കെതിരെ ഒരു പ്രതിഷേധ സമരംപോലും അന്നവർ നടത്തിയില്ല.
സെപ്‌തംബർ 20ന് വിവാദ ബില്ലുകൾ രാജ്യസഭയുടെ പരിഗണനയ്ക്ക് വന്നു. ബില്ലുകൾ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നോട്ടീസ് പ്രതിപക്ഷം സിപിഐ എം, സിപിഐ, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, കോൺഗ്രസ്, എൽജെഡി നൽകിയിരുന്നു. ചർച്ച പൂർത്തിയായശേഷം പ്രതിപക്ഷ കക്ഷികളായ നൽകിയ നോട്ടീസുകളിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ആ സമയത്ത് ചെയറിൽ ഉണ്ടായിരുന്ന ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിങ് വോട്ടിങ്ങിന് അനുവദിച്ചില്ല. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വോട്ടിങ് നടത്താതെ ശബ്ദവോട്ടോടെ പ്രതിപക്ഷ നോട്ടീസ് തള്ളിയതായി പ്രഖ്യാപിച്ചു.
ഭരണഘടനാവിരുദ്ധവും സഭാ നടപടി ചട്ടങ്ങൾക്ക് വിരുദ്ധവുമായ ഡെപ്യൂട്ടി ചെയർമാന്റെ ഈ നടപടിയാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. ഒരു മെമ്പർ എഴുന്നേറ്റുനിന്ന് വോട്ട് ആവശ്യപ്പെട്ടാൽ വോട്ടെടുപ്പ് നടത്തണമെന്നാണ് വ്യവസ്ഥ. കീഴ്‌വഴക്കവും അതാണ്. ഈ തത്വങ്ങളാണ് ഡെപ്യൂട്ടി ചെയർമാൻ അട്ടിമറിച്ചത്. ഭരണപക്ഷത്തുനിന്ന് മന്ത്രിമാർ നൽകുന്ന നിർദേശങ്ങൾ അനുസരിച്ചാണ് ഡെപ്യൂട്ടി ചെയർമാൻ പ്രവർത്തിച്ചത്. വോട്ടെടുപ്പ് നടത്തിയാൽ സർക്കാർ പരാജയപ്പെടുമെന്ന് അവർ ആശങ്കയിലായിരുന്നു. ഈ ഒറ്റക്കാരണം കൊണ്ടാണ് എല്ലാ ചട്ടങ്ങളും നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും കാറ്റിൽ പറത്താൻ ഡെപ്യൂട്ടി ചെയർമാൻ തുനിഞ്ഞത്.
സസ്പെൻഡ് ചെയ്യപ്പെട്ട 8 എംപിമാരും 21 മുതൽ പാർലമെന്റ് മന്ദിരത്തിനു മുമ്പിൽ രാപ്പകൽ ധർണ പ്രഖ്യാപിച്ചു. കർഷകരെ തീരാദുരിതത്തിലേക്ക് തള്ളിവിടുന്ന നയങ്ങൾ നടപ്പാക്കാൻ സർക്കാർ വാശിപിടിക്കുന്നതിലും 8 അംഗങ്ങളെ സസ്പെൻഡ് ചെയ്തതിലും പ്രതിഷേധിച്ച് 22 ന് പ്രതിപക്ഷം രാജ്യസഭാ നടപടികൾ ബഹിഷ്കരിച്ചു.
പാർലമെന്റിനെയും പ്രതിപക്ഷത്തെയും അവഹേളിച്ച ഡെപ്യൂട്ടി ചെയർമാന്റെ നടപടിയിൽ സഭയ്ക്കകത്ത് പ്രതിപക്ഷത്തിന്റെ രോഷം തിളച്ചു. ഈ ബഹളത്തിനിടയിൽ കാർഷികമേഖലയിലെ രണ്ടു ബില്ലുകൾ പാസായതായി ഡെപ്യൂട്ടി ചെയർമാൻ പ്രഖ്യാപിച്ചു. പാർലമെന്റിനോടുള്ള ബഹുമാനം സഭ ഭരണഘടനാനുസൃതമായും ചട്ടപ്രകാരമായും പ്രവർത്തിക്കുമ്പോഴാണ്. അതെല്ലാം നിർലജ്ജം ലംഘിക്കുന്നതിൽ പ്രതിഷേധം ഉയർത്തുകയെങ്കിലും ചെയ്യാതിരിക്കാൻ പ്രതിപക്ഷത്തിന് എങ്ങനെ സാധിക്കും? സെപ്തംബർ 20 ന് പ്രതിപക്ഷം പാർലമെന്റിൽ നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് എട്ട് അംഗങ്ങളെ സസ്പെൻഡ് ചെയ്തത്. കോൺഗ്രസ്3, സിപിഐ എം 2, തൃണമൂൽ 2, എഎപി 1. ഈ ലേഖകൻ ഉൾപ്പടെ സിപിഐ എമ്മിലെ കെ കെ രാഗേഷ് എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. 8 അംഗങ്ങളെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരൻ അവതരിപ്പിച്ച പ്രമേയത്തിൽ പ്രതിപക്ഷം വോട്ട് ആവശ്യപ്പെട്ടു. ചെയർമാൻ അതും അംഗീകരിച്ചില്ല. സസ്പെൻഡ് ചെയ്യപ്പെട്ട 8 എംപിമാരും 21 മുതൽ പാർലമെന്റ് മന്ദിരത്തിനു മുമ്പിൽ രാപ്പകൽ ധർണ പ്രഖ്യാപിച്ചു. കർഷകരെ തീരാദുരിതത്തിലേക്ക് തള്ളിവിടുന്ന നയങ്ങൾ നടപ്പാക്കാൻ സർക്കാർ വാശിപിടിക്കുന്നതിലും 8 അംഗങ്ങളെ സസ്പെൻഡ് ചെയ്തതിലും പ്രതിഷേധിച്ച് 22 ന് പ്രതിപക്ഷം രാജ്യസഭാ നടപടികൾ ബഹിഷ്കരിച്ചു.
കാർഷിക മേഖലയിലും സഹകരണ മേഖലയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന നിയമ നിർമാണങ്ങളെ രാജ്യസഭയിൽ പ്രതിപക്ഷം ശക്തിയായി എതിർക്കുമ്പോൾ ലോക്‌സഭ പ്രസ്തുത ബില്ലുകളെല്ലാം ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള 19 യുഡിഎഫ് എംപിമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് എംപിമാർ രാജ്യത്തിന് നാണക്കേടുണ്ടാക്കി. കർഷക പ്രക്ഷോഭത്തെ ഇവർ അപമാനിച്ചു. അവർ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെ മാത്രമാണ് സംസാരിച്ചത്. അവർ നൽകിയ ചോദ്യങ്ങളും സബ്മിഷനുകളും എല്ലാം എൽഡിഎഫിന് എതിരായിരുന്നു. യുഡിഎഫ് നടത്തുന്ന സമരത്തെ പൊലീസ് ‘അടിച്ചമർത്തുന്നു' എന്നാരോപിച്ച് കേരളഹൗസിന് മുമ്പിൽ അവർ ധർണ നടത്തി. പഞ്ചാബിലും ഹരിയാനയിലും കർഷക സമരം ആളിപ്പടരുമ്പോൾ ഡൽഹിയിൽ ഉമ്മൻചാണ്ടിയുടെ നിയമസഭാഅംഗത്വത്തിന്റെ 50–ാം വാർഷികം ആഘോഷിക്കുകയായിരുന്നു. ഇത്രയും തരംതാഴാൻ യുഡിഎഫിനല്ലാതെ മറ്റാർക്കും കഴിയില്ല. ജനങ്ങളുടെയും രാജ്യത്തിന്റെയും മുഖ്യശത്രു ബിജെപിയും സംഘപരിവാറും ആണെന്ന യാഥാർഥ്യത്തെ അവഗണിച്ച് ബിജെപി സർക്കാരിനെതിരെ ഒരു പ്രതിഷേധ സമരം പോലും അവർ നടത്താതിരുന്നത്, കേരളത്തിൽ രൂപം കൊണ്ടുവരുന്ന കോ–-ലീ–-ബി സഖ്യത്തിന്റെ നാന്ദിയാണ്.
ലോക്‌സഭയിൽ ഇടതുപക്ഷ എംപിമാരുടെ എണ്ണം കുറഞ്ഞതിന്റെ പ്രത്യാഘാതം ഇപ്പോഴാണ് ജനങ്ങൾ മനസ്സിലാക്കുന്നത്. ബിജെപിക്ക് ബദൽ സർക്കാരുണ്ടാക്കാൻ വയനാട്ടിൽനിന്നും ജയിച്ചുപോയ രാഹുൽ ഗാന്ധി കർഷകസമരം ആളിക്കത്തുമ്പോൾ വിദേശത്തേക്ക് പോയി. ദേശീയ പാർടിയായ കോൺഗ്രസിന് നാഥനില്ലാതായി. കോൺഗ്രസിന്റെ നേതൃത്വത്തെ ജനാധിപത്യപരമായി തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ടതിന്റെ പേരിൽ ഗുലാം നബി ആസാദിനെ തരം താഴ്‌ത്തി. ഇവർക്കെന്ത് ദേശീയ താൽപ്പര്യം? എന്ത് ജനതാൽപ്പര്യം? കോൺഗ്രസിന്റെ ഈ അപചയം ജനങ്ങൾ തിരിച്ചറിയണം.
എളമരം കരീം
No comments:
Post a Comment