തിരുവനന്തപുരം> ലൈഫില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയുടെ ഇടപെടല്‍ അസാധാരണവും അസ്വാഭാവികവുമാണെന്ന് കോടിയേരി. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. സംസ്ഥാന സര്‍ക്കാരിനെ മറികടന്നുകൊണ്ടുള്ള ഒരു ഇടപെടലാണ് ഇപ്പോള്‍ സിബിഐ നടത്തിയിരിക്കുന്നത്. അതിനെയാണ് എതിര്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് ഈ ഇടപെടല്‍ നടത്തിയിരിക്കുന്നത്. സിബിഐയുടെ വരവ് സദുദ്ദേശ പരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലാവ്‌ലിന്‍ എന്ന് പറഞ്ഞുകൊണ്ടല്ലെ കുറേ നാള്‍ നടന്നത്. പിണറായി വിജയനെ കുടുക്കിയിടാനുള്ള കേസാണെന്ന് കോടതി പറഞ്ഞില്ലെ.
സിബിഐയെ പലസംസ്ഥാനങ്ങളിലും രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. അന്വേഷണം നടത്തുന്നതിനോട് എതിരല്ല. രാഷ്ട്രീയ ഉദ്ദേശത്തോടുകൂടി അന്വേഷണം നടത്തുമ്പോള്‍ അത് തുറന്ന് കാണിക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിബിഐ അല്ല ആരുവന്നാലും ബിജെപിയുടെ മുന്നില്‍ സിപിഐ എം കീഴടങ്ങില്ല. സിബിഐയേ കാട്ടി വിരട്ടാന്‍ വരണ്ട. സിബിഐയുടെ വരവിന് രാഷ്ട്രീയ ഉദ്ദേശമാണ്. ലൈഫ് മിഷനെ അഗ്‌നിശുദ്ധി വരുത്താന്‍ വിജിലന്‍സ് മതിയെന്നും കോടിയേരി പറഞ്ഞു.
സ്വര്‍ണ കടത്ത് നടത്തിയ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാന്‍പോലും എന്‍ഐഎക്ക് സാധിച്ചില്ല. സ്വര്‍ണക്കടത്തിന്റെ മറവില്‍ സംസ്ഥാനത്ത് മറ്റ് പലതും ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്റെ ഭാഗമാണ് സിബിഐയെ ഉപയോഗിച്ചുകൊണ്ടുള്ള അന്വേഷണം
'ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തില്‍ ബിജെപി ശത്രുവല്ല എന്ന നിലപാട് ലീഗ് സ്വീകരിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലെത്തിച്ച് ലീഗിന് ആധിപത്യമുള്ള ഒരു സര്‍ക്കാരിനെ ഉണ്ടാക്കണമെന്നാണ് ലീഗിന്റെ ആഗ്രഹം. കഴിഞ്ഞ മന്ത്രിസഭയില്‍ ഗണ്യമായ വകുപ്പുകളും നിയന്ത്രണങ്ങളും യുഡിഎഫിനായിരുന്നു. അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. ഇനി യുഡിഎഫ് ഭരണത്തില്‍വന്നാല്‍ കോണ്‍ഗ്രസിനെക്കാള്‍ സ്ഥാനങ്ങള്‍ ലഭിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. അതിനായി മുസ്ലിം ലീഗാണ് ജമാഅത്തെ ഇസ്ലാമിയുമായി മുന്നണിയുണ്ടാക്കാന്‍ തീരുമാനിച്ചത്.
എസ്ഡിപിഐയുമായി മുന്നണിയുണ്ടാക്കാന്‍ അവര്‍ തീരുമാനിച്ചു. ഇത് ലീഗിന് ആധിപത്യമുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായി യുഡിഎഫും മുന്നണി വിപുലമാക്കാന്‍ എടുത്ത തീരുമാനം ഇത്തരം ശക്തികളെ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ്. ജമാഅത്തെ ഇസ്ലാമിയാണ് ഇന്ന് മുസ്ലിം ലീഗിനെ നയിക്കുന്നത്. ലീഗ് ഇപ്പോഴെടുക്കുന്ന പല തീരുമാനങ്ങളിലും അതിന്റെ പ്രതിഫലനങ്ങളുണ്ട്'; കോടിയേരി പറഞ്ഞു.
'തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്ത് സിബിഐയെ ശക്തമായി എതിര്‍ത്തവരാണ് കോണ്‍ഗ്രസ്, ഇപ്പോഴത്തേത് രാഷ്ട്രീയ പാപ്പരത്തം': കോടിയേരി
തിരുവനന്തപുരം> കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളില്‍ സിബിഐയെ ഉപയോഗിച്ച് ബിജെപി ഭരണം അട്ടിമറിച്ചിട്ടുണ്ടെന്നും അവിടെയെല്ലാം കോണ്‍ഗ്രസ് ശക്തമായി ഇത്തരം ഏജന്‍സിയെ എതിര്‍ത്തിരുന്നുവെന്നും കോടിയേരി.ഇന്ത്യയുടെ നാല് സംസ്ഥാനങ്ങളില്‍ ഇടപെടാന്‍ സിബിഐക്ക് കഴിയുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.
ബംഗാളില്‍ സിബിഐ കേസ് അന്വേഷക്കരുതെന്ന് ഉത്തരവിറക്കിയത് മമത ബാനര്‍ജിയാണ്. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായ സന്ദര്‍ഭത്തില്‍ തന്നെ സിബിഐക്ക് അന്വേഷിക്കാനുള്ള അധികാരം നിഷേധിച്ചു. പിന്നീട് വന്ന സര്‍ക്കാരും അതേ നില തുടരുകയാണ്. ചത്തീസ്ഗഢിലും കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് സിബിഐക്ക് അനുമതി നിഷേധിച്ചത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി തന്നെ സിബിഐക്കെതിരെ നിലപാട് സ്വീകരിച്ചു. ഒരു കേസും ഏറ്റെടുക്കരുതെന്ന് തീരുമാനിച്ചു. ഈ അനുഭവം മുന്നിലുണ്ട്. ആ കോണ്‍ഗ്രസാണ് ഇപ്പോള്‍ സിബിഐ വേണമെന്ന് പറയുന്നത്. ഇതിലൂടെ കേരള സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ഉദ്ദേശമെങ്കില്‍ ആ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും എതിര്‍ക്കാന്‍ കേരളത്തിലെ ജനതക്ക് സാധിക്കും.ഇനിയും പല ഇടപെടലുണ്ടാകും. അത് അതിജീവിച്ച് മുന്നോട്ട് പോകാന്‍ എല്‍ഡിഎഫിന് കഴിയും. അതിനുള്ള രാഷ്ട്രീയ പ്രചാരണം സംഘടിപ്പിക്കും. ഇടതിനെ അട്ടിമറിക്കുകയാണ് ബിജെപി -കോണ്‍ഗ്രസ് ലക്ഷ്യം.
No comments:
Post a Comment