കര്‍ഷകദ്രോഹ ബില്ലുകള്‍ക്കെതിരെ രാജ്യത്ത് രോഷം പടരുമ്പോള്‍ 23 വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്‌പി) പ്രഖ്യാപിച്ചത് മോഡിസര്‍ക്കാരിന്റെ താൽക്കാലിക രക്ഷപ്പെടല്‍തന്ത്രം. ബില്ലുകളുടെ ഫലമായി താങ്ങുവില സമ്പ്രദായം പൂര്‍ണമായി ഇല്ലാതാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. വിലത്തകർച്ചയില്‍ വീര്‍പ്പുമുട്ടുന്ന കര്‍ഷകര്‍ക്ക് ഇപ്പോഴത്തെ പ്രഖ്യാപനവും ആശ്വാസമല്ല. പരിമിതതോതിൽ മാത്രമാണ് സർക്കാർ സംഭരണം. ഉൽപ്പാദനചെലവിന്റെ അത്രപോലും താങ്ങുവില പ്രഖ്യാപിച്ചിട്ടുമില്ല. ഉൽപ്പാദനചെലവും അതിന്റെ 50 ശതമാനവും ചേർത്തുള്ള തുക എംഎസ്‌പി പ്രഖ്യാപിക്കണമെന്ന സ്വാമിനാഥൻകമീഷൻ ശുപാർശ നടപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
രാജ്യത്ത് വിളയുന്ന അരിയുടെയും ഗോതമ്പിന്റെയും മൂന്നിലൊന്ന് മാത്രമാണ് സർക്കാർ സംഭരിക്കുന്നത്. പലവ്യഞ്‌ജനങ്ങളും എണ്ണക്കുരുവും നാമമാത്രമായും. കേന്ദ്രത്തിന് സംസ്ഥാനസർക്കാർ ഏജൻസികൾ വഴി സംഭരണം നടത്താൻ നിയമപരമായി സംവിധാനമുള്ള പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ മാത്രമാണ് സംഭരണം കാര്യമായിനടക്കുന്നത്. എഫ്‌സിഐ ആശ്രയിക്കുന്ന ഇതര സംസ്ഥാനങ്ങളിൽ സ്ഥിതി മോശം. റാബി സീസണിൽ എഫ്‌സിഐ സംഭരണത്തില്‍ മുന്‍ വർഷത്തെ അപേക്ഷിച്ച് നാലുശതമാനം കുറവുണ്ടായി.
കണക്കുകൾ വ്യാജം
വ്യാജകണക്കുകൾ പ്രസിദ്ധീകരിച്ച് കർഷകരെ കബളിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അഖിലേന്ത്യാ കിസാൻസഭ പ്രസ്‌താവനയിൽ പറഞ്ഞു. സ്വാമിനാഥൻ കമീഷൻ ശുപാർശപ്രകാരമുള്ള എംഎസ്‌പി നിയമപരമായി പ്രഖ്യാപിക്കണമെന്ന് കിസാൻസഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെയും ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും ആവശ്യപ്പെട്ടു.
സാജൻ എവുജിൻ
No comments:
Post a Comment