Tuesday, September 22, 2020

പൊളിഞ്ഞു വീഴാൻ പോകുന്നത് യുഡിഎഫ് അഴിമതിയുടെ നിത്യസ്മാരകം

 കൊച്ചി >പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയണമെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നിന്റെ സ്മാരകമാണ് ഇതോടെ പൊളിയാൻ പോകുന്നത്. ഗതാഗതത്തിന്‌ തുറന്ന്‌ രണ്ടരവർഷത്തിനുള്ളിൽ ബലക്ഷയം സംഭവിച്ച പാലാരിവട്ടം മേൽപ്പാലം യുഡിഎഫ്‌ അഴിമതിയുടെ നിത്യസ്‌മാരകമാണ്‌.

കൊള്ളസംഘം രൂപപ്പെടുന്നു

ഉമ്മൻചാണ്ടി സർക്കാരിന്റെ സ്‌പീഡ്‌ പദ്ധതിയിൽപ്പെടുത്തി 2013 ലാണ്‌ പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന്‌ പദ്ധതി തയ്യാറാക്കുന്നത്‌. അനധികൃത സ്വത്തു സമ്പാദന കേസിൽ സർവ്വീസിൽ നിന്ന്‌ സസ്‌പെൻഷനിലായിരുന്ന ടി ഒ സൂരജ്‌ ഇതോടൊപ്പം പൊതുമരാമത്ത്‌ സെക്രട്ടറിയായി സർവ്വീസിൽ തിരിച്ചെത്തുന്നു.   ദേശീയപാത അതോറിറ്റി നിർമിക്കേണ്ട പാലം പൊതുമരാമത്ത്‌ വകുപ്പ്‌ സ്വമേധയാ ഏറ്റെടുക്കുന്നു. മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ ചെയർമാനായ കേരള റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷ(ആർബിഡിസികെ)ന്‌ മേൽനോട്ട ചുമതല നൽകി. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ കിറ്റ്‌കോ കൺസൾട്ടൻസിയായി.

പാലം നിർമാണം കരാർ നൽകാനുള്ള രേഖകളിൽ തിരുത്തലും കൃത്രിമവും കാണിച്ച്‌ ആർഡിഎസ്‌ പ്രോജക്‌ട്‌സ്‌ എന്ന കമ്പനിക്ക്‌ കരാർ ഉറപ്പിച്ചുകൊടുത്തു. മറ്റു കരാറുകാരെ ഒഴിവാക്കാൻ പൊതുമരാമത്ത്‌ സെക്രട്ടറിയുടെ ഇടപെടലും ഉണ്ടായതായി വിജിലൻസ്‌. ആകെ 47.70 കോടി രൂപ വകയിരുത്തിയ നിർമാണം ആറ്‌ കോടിയോളം കുറവിലാണ്‌ ആർഡിഎസ്‌ കരാറെടുത്തത്‌. നിർമാണത്തിന്‌ മുൻകൂർ പണം(മൊബിലിറ്റി അഡ്വാൻസ്‌) നൽകില്ലെന്ന്‌ മറ്റു കരാറുകാരോട്‌ പറഞ്ഞെങ്കിലും എട്ടേകാൽ കോടി രൂപ മന്ത്രിയുടെ ഇടപെടലിൽ അതിവേഗം അനധികൃതമായി കരാറുകാരന്‌ കൈമാറി. ഇതിന്‌ മന്ത്രിയുടെ ഉത്തരവുണ്ടായിരുന്ന കാര്യം ടി ഒ സൂരജ്‌ വെളിപ്പെടുത്തിയത്‌ ക്രമക്കേടിൽ വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനുള്ള തെളിവായി. അതുവരെ പാലാരിവട്ടം ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ ചുമത്തിയ വി കെ ഇബ്രാഹിംകുഞ്ഞിന്‌ തിരിച്ചടി.

ഇരുമ്പാണിക്ക്‌ പകരം മുളയാണി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ആർഡിഎസ്‌ അത്‌ മറികടക്കാൻ കൂടിയാണ്‌ ഏറ്റവും കുറഞ്ഞ നിരക്കിലും പാലം നിർമാണമേറ്റെടുത്തത്‌. യുഡിഎഫ്‌ സർക്കാർ നൽകിയ സഹായത്തിനുള്ള പ്രതിഫലവും   കരാർ തുകയിൽ നിന്ന്‌ വീതിച്ചു. ബാക്കിയുള്ള തുകകൊണ്ട്‌ പാലം പണിത കരാറുകാരൻ നിർമാണത്തിൽ ക്രമക്കേടുകൾ കാണിക്കുക സ്വാഭാവികം. കൊള്ളപ്പണം കൈപ്പറ്റിയവർ അതിനു നേരെ കണ്ണടയ്‌ക്കുകയും ചെയ്‌തു. പാലം നിർമാണത്തിന്‌ ഉപയോഗിച്ച കോൺക്രീറ്റു കൂട്ട്‌ നിർദ്ദിഷ്‌ട നിലവാരത്തിലും താഴെയായി. കമ്പി നിലവാരം കുറഞ്ഞതായി. അതും ആവശ്യത്തിന്‌ ഉപയോഗിച്ചില്ല.

ഗുണമേന്മ പരിശോധനകളൊന്നും നടത്താതെ, ചുമതലയുള്ളവരുടെ മേൽനോട്ടമില്ലാതതൊർഡിഎസ്‌ തോന്നിയപടി നിർമാണം പൂർത്തിയാക്കി. ഗതാഗതത്തിന്‌ തുറന്ന പാലം ഒന്നാംദിവസം മുതൽ തന്നെ ബലക്ഷയം കാണിച്ചുതുടങ്ങി. വാഹനങ്ങൾ കയറുമ്പോൾ വലിയ ശബ്‌ദത്തോടെ പലാം ഇളകി. സ്‌പാനുകൾക്കിടയിലെ ജൊയിന്റ്‌ തകർന്നു. പാലത്തെയും തൂണിന്റെ മുകൾഭാഗത്തെയും ബന്ധിപ്പിക്കുന്ന ബെയറിങുകൾ നിലവാരക്കുറവ്‌ മൂലം തകർന്നു. കോൺക്രീറ്റ്‌ നിർമാണങ്ങളിൽ പരക്കെ പൊട്ടലും വിള്ളലും രൂപപ്പെട്ടു. പാലം യാത്രായോഗ്യമല്ലെന്ന്‌ വിലയിരുത്തലുണ്ടായതോടെ മദ്രാസ്‌ ഐഐടിയെ പരിശോധനക്ക്‌ നിയോഗിച്ചു. രണ്ടര വർഷത്തിനകം പൊളിഞ്ഞ പാലം കഴിഞ്ഞ ജൂൺ ഒന്നിന്‌ അടച്ചു.

ഞെട്ടിച്ച കണെടത്തലുകൾ

ആദ്യം മദ്രാസ്‌ ഐഐടിയും പിന്നീട്‌ മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്‌ദ സംഘവും നടത്തിയ പരിശോധനയിൽ വെളിപ്പെട്ടത്‌ കേരളത്തെ മാത്രമല്ല രാജ്യത്തെയാകെ ഞെട്ടിച്ച കണ്ടെത്തലുകൾ. ഐഐടിയിലെ വിദഗ്‌ധ സംഘത്തിന്റെ പരിശേളാധനയിൽ തന്നെ പാലത്തിന്റെ ബലക്ഷയം ബോധ്യപ്പെട്ടെങ്കിലും ഇ ശ്രീധരന്റെ അഭിപ്രായം കൂടി തേടാനാണ്‌ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരം ഇ ശ്രീധരനും മഹേഷ്‌ ഠണ്ടനെ പൊലുള്ള വിദഗ്‌ധരുമുൾപ്പെട്ട സംഘം രണ്ട്‌വട്ടം പാലം പരിശോധിച്ചു.

പാലം പൊളിച്ചു പണിയണമെന്ന്‌ വിധിയെഴുതി. പാലത്തിന്റെ ഡിസൈനിൽ മുതൽ കുഴപ്പങ്ങളുള്ളതായി ശ്രീധരൻ വെളിപ്പെടുത്തി. 18.71 കോടി രൂപ ചെലവിൽ പാലം പുനർനിർമിക്കണമെന്നും അറ്റകുറ്റപ്പണിയിലൂടെ പാലം സുരക്ഷിതമാകില്ലെന്നും അദ്ദേഹം സർക്കാരിനെ അറിയിച്ചു. രാജ്യത്ത്‌ ഇത്തരമൊരു നിർമാണം ആദ്യമാണെന്ന്‌ ശ്രീധരൻ മാധ്യമങ്ങളോട്‌ പറഞ്ഞു.

പാലം വിഴുങ്ങിയതാരൊക്കെ

പാലം പെുനർനിർമിക്കാനുള്ള നടപടികൾക്കൊപ്പം നിർമാണത്തിലെ അഴിമതി കണ്ടെത്താൻ സർക്കാർ വിജിലൻസ്‌ അന്വേഷണവും പ്രഖ്യാപിച്ചു. അതിന്‌ പിന്നാലെ ഉമ്മൻചാണ്ടി ഉൾപ്പെടെ യുഡിഎഫ്‌ നേതൃനിരയാകെ  പങ്കെടുത്ത യൂഡിഎഫ്‌ സമരം കളമശേരിയിൽ അരങ്ങേറി. വിജിലൻസ്‌ അന്വേഷണത്തെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം ഫലംകണ്ടില്ലെന്ന്‌ തുടർന്നുണ്ടായ സംഭവങ്ങളിലൂടെ കേരള സമൂഹത്തിന്‌ ബോധ്യപ്പെട്ടു.  

നിർമാണ മേൽനോട്ടം വഹിച്ച ആർബിഡിസികെ, കൺസൾട്ടൻസിയായ കിറ്റ്‌കോ, ഫണ്ടിങ് ഏജൻസിയായ കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ എന്നിവയുടെ ഓഫീസുകൾ പരിശോധിച്ച്‌ വിജിലൻസ്‌ 147 സുപ്രധാന രേഖകൾ പിടിച്ചെടുത്തു. ഉദ്യോഗസ്ഥർ ഉൾശപ്പടെ നൂറ്റമ്പതോളം പേരെ ചൊദ്യംചെയ്‌തു. 17 പേരെ പ്രതിസ്ഥാനത്തു സംശയിക്കുന്ന പട്ടിക തയ്യാറാക്കി. 

പാലാരിവട്ടം പാലം നിർമാണത്തിന്‌ പിന്നിൽ നടന്ന അഴിമതിയിൽ രാഷ്‌ട്രീയ നേതൃത്വത്തിന്‌ പങ്കുണ്ടെന്ന വിവരം വിജിലൻസ്‌ കോടതിയെ അറിയിച്ചു. വിജിലൻസ്‌ സമർപ്പിച്ച അന്വേഷണ വിവരങ്ജളോട്‌ കോടതികൾ ഞെട്ടലോടെയാണ്‌ പ്രതികരിച്ചത്‌. അറസ്‌റ്റിലായ പ്രതികൾക്ക്‌ കോടതി തുടർച്ചയായി ജാമ്യം നിഷേധിച്ചു. അവർ പുറത്തിറങ്ങിയാൽ കേസിനെ വഴിതിരിച്ചുവിടാൻ ഇടപെടുമെന്ന വിജിലൻസ്‌ വാദം അംഗീകരിച്ചാണ്‌ ഓരോ തവണയും ജാമ്യം നിഷേധിച്ചത്‌.

നാണക്കേടിന്റെ പാലം

പാലാരിവട്ടം പാലം അഴിമതി കൊച്ചി നഗരത്തിന്‌ സമ്മാനിച്ചത്‌ തീരാദുരിതം മാത്രമല്ല ലോകത്തിന്‌ മുന്നിൽ തലകുനിച്ചുപോകുന്ന നാണക്കേട്‌ കൂടിയാണ്‌. മഹാനഗരവും മെട്രോ നഗരവുമായി വളർന്ന കൊച്ചിക്ക്‌ ലോകമറിയുന്ന തിരിച്ചറിയൽ അടയാളം നാണക്കേടിന്റെ ഈ പഞ്ചവടിപ്പാലമാണ്‌. 

നഗരവാസികൾ പാലാരിവട്ടം പാലത്തിന്‌ അപ്പുറമിപ്പുറം മണിക്കൂറുകളോളം കുരുങ്ങിക്കിടക്കും. എത്രയോ ലക്ഷം രൂപയുടെ ഇന്ധനം അതിനായി പാഴാകും. എത്രയോ വിലപ്പെട്ട സമയം ചെലവാകും.

പാലാരിവട്ടം പാലം പൊളിച്ചുപണിയാമെന്ന്‌ സുപ്രീംകോടതി; സംസ്ഥാന സർക്കാരിന് അനുമതി

ന്യൂഡൽഹി > പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുന്നതിന് സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിലാണ് സംസ്ഥാന സർക്കാർ നിയമവിജയം കൈവരിച്ചത്. ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

 കരാറുകാരുടെയും കൺസൾട്ടൻസി കമ്പനിയായ കിറ്റ്‌കോയുടെയും ഹർജികൾ കോടതി തള്ളി. പാലം പൊളിച്ചു പണിയുന്നതിന്റെ ആവശ്യകത സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കോടതി പരിഗണിച്ചു.

വിദഗ്ധ സമിതി റിപ്പോർട്ട് തള്ളിക്കളയണമെന്നായിരുന്നു കിറ്റ്‌കോയും നിർമാണകമ്പനിയും കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇത് പൊതുതാൽപര്യാർത്ഥമുള്ള വിഷയമാണെന്നും ട്രാഫിക്ക് കുരുക്ക് ഒഴിവാക്കാൻ എത്രയും പെട്ടെന്ന് പാലം പൊളിച്ചുപണിയണമെന്നും സംസ്ഥാന സർക്കാർ വാദിച്ചു. വിദഗ്ധ സമിതി റിപ്പോർട്ടും പൊതുതാൽപര്യമെന്ന നിലപാടും അംഗീകരിച്ചാണ് സുപ്രീംകോടതി വിധി.

പാലാരിവട്ടത്ത് പുതിയ പാലം നിർമ്മിക്കുവാനുള്ള പണം ഉമ്മൻചാണ്ടിയിൽ നിന്നും ഇബ്രാഹിംകുഞ്ഞിൽ നിന്നും ഈടാക്കണം: ഡിവൈഎഫ്‌ഐ

തിരുവനന്തപുരം > ബലക്ഷയം വന്ന പാലാരിവട്ടം മേൽപ്പാലം പൊളിച്ച് പുതിയത് പണിയുന്നതിന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിൽ, പാലം നിർമ്മിക്കുന്നതിനാവശ്യമായ തുക മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽ നിന്നും മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിൽ നിന്നും ഈടാക്കണമെന്ന് ഡിവൈഎഫ്‌ഐ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബ്രിഡ്ജസ് ആൻഡ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ മുഖേന 47.70 കോടി രൂപ മുടക്കി സ്ഥാപിച്ച പാലം ഉദ്ഘാടനം ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോൾ അപകടാവസ്ഥയിലായത് പകൽകൊള്ളയാണ്. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ദേശീയപാത അതോറിറ്റി നടത്തേണ്ട പ്രവർത്തനം സംസ്ഥാന സർക്കാർ ഏറ്റെടുത്തതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന് ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അനധികൃതമായി ഒന്നും നടന്നിട്ടില്ലെന്ന ഉമ്മൻചാണ്ടിയുടെ വാദമാണ് ഇന്നത്തെ സുപ്രീംകോടതി വിധിയോടെ തകർന്നിരിക്കുന്നതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമപരമായി ശിക്ഷ ഉറപ്പാക്കണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും ഇബ്രാഹിംകുഞ്ഞുമാണ് ഈ അഴിമതിയുടെ മുഖ്യ സൂത്രധാരന്മാർ. അതുകൊണ്ടുതന്നെ ഇവരിൽ നിന്നും ഒത്താശചെയ്തുകൊടുത്ത ഉദ്യോഗസ്ഥരിൽ നിന്നുംകൂടിയാണ് പുതിയ പാലം നിർമ്മിക്കാൻ ആവശ്യമായ തുക ഈടാക്കേണ്ടത്, പൊതു ഖജനാവിൽ നിന്നല്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

സുപ്രീംകോടതി വിധി സർക്കാർ നിലപാടിനുള്ള അംഗീകാരം; പാലം നിർമാണം എത്രയും വേഗം ആരംഭിക്കുമെന്ന് ജി സുധാകരൻ

കൊച്ചി > പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയണമെന്ന സുപ്രീംകോടതി ഉത്തരവ് എൽഡിഎഫ് സർക്കാരിന്റെ നിലപാടുകൾക്കുള്ള അംഗീകാരമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. കോടതി വിധി എഞ്ചിനീയറിംഗ് പ്രൊഫഷണലിസം, ശരിയായ ഭരണതീരുമാനം എന്നിവയുടെ വിജയമാണ്. വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായും ഇ ശ്രീധരനുമായും ചർച്ച ചെയ്ത ശേഷം നിര്ഡമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

9 മാസം കൊണ്ട് പഴയ പാലം പൊളിച്ച് പുതിയത് നിർമ്മിക്കാമെന്ന് ഇ ശ്രീധരൻ അംഗീകരിക്കുകയും മന്ത്രിസഭയോഗം അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അത് നടന്നിരുന്നെങ്കിൽ പാലം പണി ഇപ്പോൾ പൂർത്തിയാകുമായിരുന്നു. പാലം പണിയുടെ വിലപ്പെട്ട 8 മാസക്കാലം തടസ്സപ്പെടുത്തിയെന്ന് മാത്രമാണ് കീഴ്‌കോടതിയുടെ വിധികൊണ്ട് ഉണ്ടായത്. അങ്ങനെയൊരു വിധി ഒരിക്കലും ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാൽ പാലം സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ എല്ലാ നിലപാടുകളും ശരിയായിരുന്നുവെന്ന് സുപ്രീംകോടതി വിധിയോടെ തെളിയിക്കപ്പെട്ടെന്നും മന്ത്രി പറഞ്ഞു.

No comments:

Post a Comment