കർഷകദ്രോഹ ബില്ലുകൾക്കെതിരെ ഉത്തരേന്ത്യയിൽ കർഷകരോഷം കത്തിയാളുന്നു. പഞ്ചാബിൽ കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ എന്നിവരുടെ കോലം കത്തിച്ചു. ഹരിയാന, പശ്ചിമ ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ പ്രതിഷേധ മാർച്ച് നടത്തി. കർഷകവിരുദ്ധ ബില്ലുകളെ പിന്തുണയ്‌ക്കുന്ന രാഷ്‌ട്രീയ പാർടികളെ ബഹിഷ്‌കരിക്കുമെന്ന് അഖിലേന്ത്യാ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി ആവർത്തിച്ചു. അഖിലേന്ത്യാ പ്രതിഷേധദിനം ആചരിക്കുന്ന 25ന് പഞ്ചാബിൽ റോഡുകൾ പൂർണമായി ഉപരോധിക്കുമെന്ന് എൻഡിഎ ഘടകകക്ഷി ശിരോമണി അകാലിദൾ (എസ്‌എഡി) പ്രഖ്യാപിച്ചു.
ഗോവ ആസാദ് മൈതാനത്ത് കർഷകസംഘടനകൾ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. രണ്ട് കോടി കർഷകർ ഒപ്പിട്ട നിവേദനം രാഷ്‌ട്രപതിക്ക് സമർപ്പിക്കും. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് ചൊവ്വാഴ്‌ച പ്രതിഷേധമാർച്ച്. കൊൽക്കത്തയിൽ തൃണമൂൽകോൺഗ്രസ് വനിതാ വിഭാഗത്തിന്റെ കുത്തിയിരിപ്പുസമരം. ഉത്തരേന്ത്യയിലെ 182 കർഷക സംഘടനയുടെ സംയുക്തവേദി കിസാൻ മഹാസംഘിന്റെ നേതൃത്വത്തിലും വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം നടന്നു. പ്രതിഷേധിക്കുന്ന കർഷകരെ ഭീകരരെന്ന് അധിക്ഷേപിച്ച ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ കോലം പഞ്ചാബിൽ കർഷകർ കത്തിച്ചു.
ഭഗത്‌സിങ്ങിന്റെ 114–-ാം ജന്മവാർഷിക ആചരണത്തിന്റെ ഭാഗമായി 28ന് കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നീക്കങ്ങൾ തുറന്നുകാട്ടുമെന്ന് അഖിലേന്ത്യാ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. കുത്തകകൾക്ക് അനുകൂലമായ കർഷകദ്രോഹ ബില്ലുകൾ, കേന്ദ്ര വൈദ്യുത ബിൽ, പാരിസ്ഥിതിക ആഘാത വിലയിരുത്തൽ കരട്, പെട്രോൾ–-ഡീസൽ വിലവർധന തുടങ്ങിയവയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും.
ഉപവസിച്ച് ശരദ് പവാർ
രാജ്യസഭാംഗങ്ങളെ സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ച് എൻസിപി അധ്യക്ഷനും രാജ്യസഭാംഗവുമായ ശരദ് പവാർ ഉപവാസം നടത്തി. ഉപാധ്യക്ഷൻ ചട്ടങ്ങൾക്ക് മുൻഗണന നൽകിയില്ല. ഈ നിലയിൽ ബില്ലുകൾ പാസാക്കിയത് മുമ്പ് കണ്ടിട്ടില്ല. ചർച്ചയ്‌ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കുന്ന സമീപനമാണ് സർക്കാരിന്റേത്. ചോദ്യമുന്നയിക്കാൻ അവസരമില്ലാതായതോടെയാണ് എംപിമാർ പ്രതിഷേധിച്ചതെന്ന് പവാർ ചൂണ്ടിക്കാട്ടി.
ഒപ്പം തൊഴിലാളികളും ജീവനക്കാരും
കർഷക സംഘടനകളുടെ നേതൃത്വത്തിൽ 25ന് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പ്രതിഷേധദിനത്തിന് 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും തൊഴിലാളികളുടെയും ജീവനക്കാരുടെയും ഫെഡറേഷനുകളുടെയും പിന്തുണ.പ്രക്ഷോഭങ്ങളിൽ അണിചേരാൻ സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്‌എംഎസ്, എഐസിടിടിയു, ടിയുസിസി, എഐയുടിയുസി, സേവ, എൽപിഎഫ്, യുടിയുസി എന്നീ ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ആഹ്വാനം ചെയ്‌തു.
മഹിളാ അസോസിയേഷനും
പ്രതിഷേധത്തിന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചു. കർഷക പോരാട്ടത്തിൽ സ്‌ത്രീകളും പങ്കെടുക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ, ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ എന്നിവർ ആഹ്വാനംചെയ്‌തു.
ആളുന്നു രോഷം; അടിച്ചമർത്തലിനെ നേരിട്ടും കർഷകർ തെരുവിൽ
ന്യൂഡൽഹി > കർഷകവിരുദ്ധ ബില്ലുകൾക്കെതിരെ പഞ്ചാബിലും ഹരിയാനയിലും ദിവസങ്ങളായുള്ള പ്രക്ഷോഭം തുടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കർഷകർ പലയിടത്തും ട്രാക്‌ടറുകൾക്ക് തീയിട്ടു. ലാത്തി വീശിയും ജലപീരങ്കി ഉപയോഗിച്ചും പൊലീസ് കർഷകരെ നേരിട്ടു.
കർഷക പ്രക്ഷോഭം രാജ്യത്തിന്റെ കൂടുതൽ മേഖലകളിലേക്ക് പടരുകയാണ്. പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള ശ്രമങ്ങളെ അവഗണിച്ച് വിവിധ സംസ്ഥാനങ്ങളിൽ കർഷകർ തെരുവിൽ അണിചേർന്നു. അഖിലേന്ത്യാ കിസാൻസഭ, സംയുക്ത കർഷക പ്രക്ഷോഭവേദിയായ അഖിലേന്ത്യാ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി തുടങ്ങി വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. രാജസ്ഥാനിലെ ഹനുമാൻഗഢിൽ ആയിരത്തിലധികം കർഷകർ അണിനിരന്ന പ്രതിഷേധസംഗമം നടന്നു. കർഷകർക്ക് ഐക്യദാർഢ്യവുമായി സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധറാലി നടത്തി. സംയുക്തസമിതിയുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ പ്രതിഷേധറാലി നടന്നു. കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്‌ളെ പങ്കെടുത്തു.
തമിഴ്‌നാട്ടിൽ സിപിഐ എം നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് മാർച്ച് നടത്തി. നൂറുകണക്കിന് കർഷകർ അണിനിരന്നു. മാർച്ച് വഴിയിൽ തടഞ്ഞ പൊലീസ് നിരവധി കർഷകരെ അറസ്‌റ്റുചെയ്‌തു. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ കർഷകർ കോലം കത്തിച്ചു.
ഡിഎംകെയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗം 28ന് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചു. 25ന് കർഷക സംഘടനകൾ ആഹ്വാനംചെയ്‌ത റോഡ് ഉപരോധമടക്കമുള്ള പ്രക്ഷോഭ പരിപാടികൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.
No comments:
Post a Comment