Wednesday, September 30, 2020

ബംഗാളിൽ ബിജെപി പാർട്ടി ഓഫീസുകൾ തകർത്ത്‌ പ്രവർത്തകർ; അമിത് ഷാ പറഞ്ഞിട്ടും രക്ഷയില്ല

 കൊല്‍ക്കത്ത > നേതൃത്വത്തിലെ അഴിച്ചുപണിയെ തുടര്‍ന്ന് പശ്ചിമബം​ഗാള്‍ ബിജെപിയിലെ ഗ്രൂപ്പുപോര് കൈയാങ്കളിയിലെത്തി. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലും, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വപൻ ദാസ്‌ഗുപ്‌ത,  കേന്ദ്ര സഹമന്ത്രി ബാബുല്‍ സുപ്രിയോ, മുൻ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ സിൻഹ തുടങ്ങിയവരുടെ ഗ്രൂപ്പുകളുമാണ് തമ്മിലടിക്കുന്നത്. പരസ്യമായ തമ്മിലടി ഓഫീസ് തകര്‍ക്കല്‍വരെയെത്തി. അമിത് ഷാ ഇടപെട്ടിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ല.

തൃണമൂലില്‍നിന്ന് കുടിയേറിയ മുകൾ റോയ്, അനുപം ഹസറ എന്നിവരെ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം മാനിക്കാതെ ​ദേശീയനേതാക്കളായി വാഴിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. ബിജെപിയുടെ സംസ്ഥാനത്തെ മുഖമായ  രാഹുൽ സിൻഹയെ ഒഴിവാക്കി ഹസറയെ ജനറല്‍ സെക്രട്ടറിയാക്കി. ബിജെപി വിടുമെന്ന സൂചന നല്‍കി സിന്‍ഹ ട്വിറ്ററിലൂടെ പരസ്യപ്രതികരണം നടത്തി. പിന്നാലെ ബരയ്‌പുർ, ബസിർഹട്ട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഓഫീസ് തകര്‍ത്തു.  ബരയ്‌പുരിൽ അനുപം ഹസറയുടെ സാന്നിധ്യത്തിലാണ് കൈയാങ്കളി നടന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ദിലീപ് ഘോഷിനെ സംസ്ഥാന അധ്യക്ഷപദവിയില്‍നിന്ന്‌ തെറിപ്പിക്കാന്‍ കച്ചകെട്ടി മറുപക്ഷം രം​ഗത്തുണ്ട്. മുൻ സംസ്ഥാനഅധ്യക്ഷനും ത്രിപുര മുന്‍ ഗവർണറുമായ തഥാഗദ് റോയിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നു. എന്നാല്‍, അം​ഗത്വം വീണ്ടും സജീവമാക്കാനുള്ള തഥാഗദ് റോയിയുടെ അപേക്ഷ പരി​ഗണിക്കാതെ നീട്ടുകയാണ് ദിലീപ് വിഭാഗം.ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ എംഎല്‍എമാരും പഞ്ചായത്ത് മുനിസിപ്പല്‍ അംഗങ്ങളില്‍ പലരും തിരിച്ചുപോക്കിന് ശ്രമിക്കുന്നതും ബിജെപിയെ ആശങ്കയിലാക്കുന്നു.

ഗോപി

നിരന്തര അവഗണന : ആർഎസ്‌എസിന്‌ കടുത്ത അമർഷം ; തദ്ദേശഭരണ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽനിന്നും വിട്ടുനിന്നേക്കും

ബിജെപി ദേശീയ നേതൃത്വത്തിൽനിന്നും നേരിടുന്ന നിരന്തര അവഗണനയിൽ കേരളത്തിലെ ആർഎസ്‌എസിൽ‌ ‌കടുത്ത അമർഷം. കുമ്മനം രാജശേഖരനെ ദേശീയ ഭാരവാഹിപട്ടികയിൽ ഉൾപ്പെടുത്താത്തതാണ്‌‌ ഒടുവിൽ നേരിട്ട അവഗണന. നിരന്തരം നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ച്‌  തദ്ദേശഭരണ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽനിന്നും മാറി നിൽക്കാനും ആർഎസ്‌എസ്‌ ആലോചിക്കുന്നുണ്ട്‌.

നേതാക്കൾക്കിടയിലെ ഭിന്നത മുതലെടുത്താണ്‌ വി മുരളീധരപക്ഷം കേരളത്തിലെ ആർഎസ്‌എസിനെതിരെ കഴിഞ്ഞ കുറെകാലമായി മേൽക്കൈ നേടുന്നത്‌. ആർഎസ്‌എസ്‌ കേന്ദ്രീയ കാര്യകാരി എസ്‌ സേതുമാധവൻ മറ്റ്‌ കേന്ദ്ര നേതാക്കളായ ജെ നന്ദകുമാർ, എ ഗോപാലകൃഷ്‌ണൻ എന്നിവർ ഒരു വശത്തും സംസ്ഥാന  പ്രാന്തകാര്യവാഹക്‌ പി ഗോപാലൻകുട്ടി, പ്രാന്തപ്രചാരക്‌ പി ആർ ശശിധരൻ, മുൻ പ്രാന്തപ്രചാരക്‌ എം രാധാകൃഷ്‌ണൻ മറുവശത്തുമായുള്ള പോരാണ്‌ ആർഎഎസ്‌എസിൽ വർഷങ്ങളായി നടക്കുന്നത്‌. ഇതിൽ സേതുമാധവൻ വിഭാഗത്തെയും സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിനെയും ഉപയോഗിച്ചാണ്‌ വി മുരളീധരൻ കരുക്കൾ നീക്കുന്നത്‌.  ഭിന്നത വിശ്വഹിന്ദുപരിഷത്ത്‌  ഉൾപ്പെടെയുള്ള സംഘ്‌പരിവാറിലെ മറ്റ്‌ സംഘടനകളിലേക്കും പടർന്നിട്ടുണ്ട്‌.

നേതൃത്വത്തിന്റെ അവഗണന‌  കേരള ആർഎസ്‌എസ്-‌ ബിജെപി കേന്ദ്രനേതൃത്വത്തെ നിരവധി തവണ അറിയിച്ചിട്ടും പ്രയോജനമൊന്നുമുണ്ടായില്ല. എ പി  അബ്ദുള്ളക്കുട്ടിയുടെ ദേശീയ ഭാരവാഹിയാകാനുള്ള യോഗ്യത സംബന്ധിച്ച്‌ ദേശീയ പ്രസിഡന്റിനേ അറിയുകയുള്ളൂവെന്ന കുമ്മനത്തിന്റെ പ്രതികരണം ഈ പ്രതിഷേധത്തിന്റെ ഭാഗമാണ്‌.

വി മുരളീധരൻ സംസ്ഥാന പ്രസിഡന്റായ സമയത്താണ്‌ ആർഎസ്‌എസ്‌–-ബിജെപി ഭിന്നത ശക്തമായത്‌. എന്നാൽ, കൃഷ്‌‌ണദാസ്‌പക്ഷത്തെ കൂട്ടുപിടിച്ച്‌ മുരളീധരനോട് നിസ്സഹകരണം പ്രകടിപ്പിക്കുകയാണ്‌ ആർഎസ്‌എസ്‌ അന്ന്‌ ചെയ്‌തത്‌‌.  മുരളീധരൻ ഒഴിഞ്ഞ്‌ കുമ്മനം പ്രസിഡന്റായതോടെ ബിജെപിയുടെ സമ്പൂർണ നിയന്ത്രണം ആർഎസ്‌എസ്‌ കൈപ്പിടിയിലൊതുക്കി. എന്നാൽ, മുരളീധരൻ ഇടപെട്ട്‌ കുമ്മനത്തെ മിസോറാം ഗവർണറാക്കി വിട്ടതോടെ   ആർഎസ്‌എസിന്റെ പിടി അയഞ്ഞു. തുടർന്ന്‌ ഓരോ ഘട്ടത്തിൽ എടുക്കുന്ന തീരുമാനവും ആർഎസ്‌എസിന്‌ എതിരായി.

ശ്രീധരൻപിള്ള ഗവർണറായി പോയപ്പോൾ എം ടി രമേശ്‌, ശോഭ സുരേന്ദ്രൻ എന്നിവർക്കു വേണ്ടി ആർഎസ്‌എസ്‌ കടുത്ത സമ്മർദം ചെലുത്തെിയെങ്കിലും നടന്നില്ല. കുമ്മനത്തെ കേന്ദ്രമന്ത്രിയാക്കണമെന്ന ആവശ്യം നിരാകരിച്ച കേന്ദ്രം ഭാരവാഹിപട്ടികയിൽനിന്നുകൂടി അദ്ദേഹത്തെ തഴഞ്ഞു.

ഇ എസ്‌ സുഭാഷ് 

No comments:

Post a Comment