ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ ഐക്യപ്പെടുന്നത് കുറ്റമാണെന്ന സന്ദേശമാണ് ഡൽഹി കലാപക്കേസ് അന്വേഷണത്തിലൂടെ കേന്ദ്രസർക്കാർ നൽകുന്നതെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മതനിരപേക്ഷ ശക്തികൾ ഐക്യപ്പെടുന്നത് കുറ്റകരമായി മാറുന്നു. എവിടെയെങ്കിലും സംഘർഷമുണ്ടായാൽ അത് സർക്കാരിനെതിരായ ഗൂഢാലോചനയായി മുദ്രകുത്തി വേട്ടയാടുന്ന സ്ഥിതിയെന്നും ന്യൂസ്‌ക്ലിക്കിനു നൽകിയ അഭിമുഖത്തിൽ ബൃന്ദ പറഞ്ഞു.
പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങളാണ് കലാപത്തിലേക്ക് നയിച്ചതെന്ന ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ പാർലമെന്റിലെ പ്രസ്‌താവനയ്‌ക്ക് അനുസൃതമാണ് പൊലീസ് അന്വേഷണം. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾ സംരക്ഷിക്കപ്പെട്ടു.
ഡൽഹി ഹൈക്കോടതി ജഡ്‌ജി മുരളീധരൻ ഡൽഹി പൊലീസിനോട് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളിൽ 24 മണിക്കൂറിൽ കേസെടുക്കാൻ ആവശ്യപ്പെട്ടു. ഇതോടെ, അദ്ദേഹത്തെ സ്ഥലംമാറ്റി. കേസുകൾ തീർപ്പാകാതെ കോടതിയുടെ പരിഗണനയിലാണെന്നും ബൃന്ദ ചൂണ്ടിക്കാട്ടി.
ബൃന്ദയ്‌ക്കെതിരായ നീക്കം അപലപനീയം: മഹിളാ അസോസിയേഷൻ
ന്യൂഡൽഹി > വടക്കുകിഴക്കൻ ഡൽഹി കലാപക്കേസിന്റെ കുറ്റപത്രത്തിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ ഇംഗിതപ്രകാരം ബൃന്ദ കാരാട്ടിന്റെ പേര് ഉൾപ്പെടുത്തിയതിനെ ശക്തിയായി അപലപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. വർഗീയകലാപത്തിന് ബൃന്ദയെ ഉത്തരവാദിയായി ചിത്രീകരിക്കാനുള്ള ആസൂത്രിതനീക്കമാണിത്. ക്രിമിനൽനിയമ നടപടിക്രമത്തിലെ 160–-ാം വകുപ്പുപ്രകാരമുള്ള പ്രസ്‌താവനകൾ തെളിവായി പരിഗണിക്കാനാകില്ല.
പൗരത്വനിയമഭേദഗതി, എൻആർസി, എൻപിആർ എന്നിവയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെയും അക്കാദമിക് വിദഗ്‌ധരെയും സാമൂഹ്യപ്രവർത്തകരെയും കേസില്‍ കുടുക്കുന്നു. പരസ്യമായി വിദ്വേഷപ്രസംഗം നടത്തിയ കപിൽ മിശ്രയെപ്പോലുള്ള ബിജെപിക്കാരുടെ പേരില്‍ നടപടിയില്ല. മുസ്ലിങ്ങൾ വൻതോതിൽ ആക്രമണങ്ങൾക്ക് ഇരയായ കലാപത്തെക്കുറിച്ച് റിട്ട. ജഡ്‌ജി അന്വേഷിക്കണം. കള്ളക്കേസുകളിൽ ജയിലിൽ അടച്ചവരെ ഉടൻ വിട്ടയക്കണമെന്നും മഹിളാ അസോസിഷേയൻ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ, ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ, നിയമോപദേഷ്ടാവ് അഡ്വ. കീർത്തി സിങ് എന്നിവർ ആവശ്യപ്പെട്ടു.
No comments:
Post a Comment