ആരോപണങ്ങൾ ഒന്നൊന്നായി പൊളിഞ്ഞു. കെട്ടിപ്പൊക്കിയ മനക്കോട്ടകൾ കൺമുന്നിൽ തകർന്നു. ജനങ്ങളും മുഖംതിരിച്ചതോടെ സമരം പിൻവലിച്ച് തടിയൂരുകയാണ് യുഡിഎഫ്. കേരളത്തിൽ ഇത്രമേൽ പരിഹാസ്യമായ സർക്കാർ വിരുദ്ധ സമരം അത്യപൂർവം.
കോവിഡ്‌കാലത്ത് ആദ്യം സ്‌പ്രിങ്ക്‌ളർ കരാറിനെതിരായാണ് സമരം ആരംഭിച്ചത്. പിന്നീട്, സ്വർണക്കടത്തിന്റെ പേരിൽ ഇല്ലാക്കഥകൾ പറഞ്ഞ് സമരം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സമരത്തിലൂടെ ഓരോ ദിവസവും രോഗികൾ വർധിച്ചു. ആരോഗ്യപ്രവർത്തകരും പൊലീസുകാരുമുൾപ്പെടെ രോഗബാധിതരായി.
ഷോർട്ട് സർക്യൂട്ട് കാരണം സെക്രട്ടറിയറ്റിൽ തീപിടിത്തമുണ്ടായപ്പോൾ അക്രമസമരത്തിലേക്ക് യുഡിഎഫ് കടന്നു. കൂട്ടിന് ബിജെപിയും. ഇത് പൊളിഞ്ഞതോടെ ഖുർആന്റെ പേരിലായി സമരം. എന്നാൽ, വിശുദ്ധ ഗ്രന്ഥത്തെ രാഷ്‌ട്രീയലാഭത്തിനായി ഉപയോഗിക്കുന്നതിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തുവന്നതോടെ അത് വിട്ടു. പിന്നീട്, സ്വർണക്കടത്തിലേക്ക് യുടേൺ അടിച്ചു.
ഇങ്ങനെയിരിക്കെയാണ് ജനങ്ങൾ തങ്ങൾക്കെതിരെ തിരിയുന്നുവെന്ന് യുഡിഎഫ് മനസ്സിലാക്കിയത്. അതോടെ അപ്രതീക്ഷിതമായി സമരം നിർത്തി തടിയൂരി. കെഎസ്‌യു പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചതും അദ്ദേഹം വ്യാജ പേരിൽ പരിശോധന നടത്തിയ സംഭവവും യുഡിഎഫിന് നാണക്കേടായി.
തൃശൂരിൽ സമരത്തിനിറങ്ങിയ നേതാവിന്റെ അച്ഛൻ കോവിഡ് ബാധിച്ച് മരിച്ചതും കടുത്ത വിമർശനമുയർത്തി. കേരളത്തിൽ കോവിഡ്‌കാലത്ത് എൽഡിഎഫും സിപിഎ എമ്മും കോവിഡ് മാനദണ്ഡം പാലിച്ച് സമരം നടത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിനെതിരെ സിപിഐ എം വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ സമരത്തിൽ അണിചേർന്നത് 25 ലക്ഷം പേരാണ്.
പിടിവിട്ടു; യുഡിഎഫ് സ്ഥലം വിട്ടു
കോവിഡ് മാനദണ്ഡം ലംഘിച്ച് അക്രമ ആൾക്കൂട്ടസമരം നടത്തിയ യുഡിഎഫ് എല്ലാം അവസാനിപ്പിച്ച് തടിയൂരി. അനുയായികൾക്കും നേതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പിന്മാറ്റം. ആൾക്കൂട്ട സമരത്തിൽനിന്ന് യുഡിഎഫ് പിൻമാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പ്രഖ്യാപിച്ചു. യുഡിഎഫ് നേതാക്കളുമായി ആലോചിച്ചാണ് പ്രത്യക്ഷസമരം വേണ്ടെന്ന് തീരുമാനിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുമായി രാവിലെ സംസാരിച്ചു. കോവിഡ് വ്യാപനത്തിന്റെ ഗുരുതര സാഹചര്യം ബോധ്യപ്പെട്ടു. ചൊവ്വാഴ്‌ചത്തെ സർവകക്ഷി യോഗത്തിൽ പങ്കെടുക്കും. കോവിഡ് പ്രതിരോധത്തിൽ സർക്കാരുമായി യോജിച്ച് പോകും. അഞ്ചിന് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ യുഡിഎഫ് നടത്താൻ തീരുമാനിച്ച സമരം ഒഴിവാക്കിയതായും ചെന്നിത്തല പറഞ്ഞു.
കോവിഡ് വ്യാപനം ആശങ്കയുണർത്തുംവിധം വർധിക്കുന്നതിനിടെയാണ് സർക്കാരിനെതിരെ യുഡിഎഫും ബിജെപിയും ആൾക്കൂട്ടസമരം ആരംഭിച്ചത്. സെക്രട്ടറിയറ്റ് പരിസരം സമരകേന്ദ്രമായി. മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമായിരുന്നു സമരം. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു. സമരം നിയന്ത്രിച്ച നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥരും രോഗബാധിതരായി.
No comments:
Post a Comment