തിരുവനന്തപുരം > ലൈഫ്മിഷനെ സംബന്ധിച്ച് കോൺഗ്രസ് എംഎൽഎയുടെ പരാതിയിൽ കേസെടുത്ത സി.ബി.ഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. ലൈഫ്മിഷനുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയമട്ടിലാണ് സിബിഐ പ്രവർത്തിച്ചത്. ഈ നടപടി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.
രാവിലെ ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ പ്രഖ്യാപിച്ച കാര്യമാണ് മണിക്കൂറുകൾക്ക് ശേഷം പ്രതിപക്ഷ നേതാവും ആവർത്തിച്ചത്. കോൺഗ്രസ് എംഎൽഎ നൽകിയ പരാതിയിലാണ് സാധാരണ കീഴ്വഴക്കങ്ങൾ ലംഘിച്ച് സിബിഐ കേസെടുത്തിരിക്കുന്നത്. കോൺഗ്രസ്-ബിജെപി കൂട്ടുകെട്ട് ഏതറ്റം വരെ പോയിരിക്കുന്നു എന്നതിന്റെ തെളിവാണിത്.
അഖിലേന്ത്യാതലത്തിൽ സിബിഐക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് കേരളത്തിൽ സിബിഐയുടെ സ്തുതിപാഠകരാണെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ്, ലീഗ് നേതാക്കൾ പ്രതികളായ ടൈറ്റാനിയം, മാറാട് കേസുകൾ വർഷങ്ങളായിട്ടും സിബിഐ ഏറ്റെടുക്കാത്തതും ഈ അവിശുദ്ധ സഖ്യത്തിന്റെ തീരുമാന പ്രകാരമാണ്.
സാധാരണഗതിയിൽ സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടേയോ വിധികളുടെ അടിസ്ഥാനത്തിലും സംസ്ഥാനങ്ങളിൽ നടന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സിബിഐക്ക് അന്വേഷണം നടത്താം. ഇവിടെ ഫെറ കേന്ദ്ര നിയമമാണെന്ന സാങ്കേതികത്വത്തിൽ നടത്തിയ ഇടപെടൽ യഥാർത്ഥത്തിൽ നിയമവിരുദ്ധവും അധികാര ദുർവിനിയോഗവുമാണ്.
സമീപകാലത്ത് സൃഷ്ടിക്കപ്പെട്ട വിവാദങ്ങളെ സംബന്ധിച്ച് ഏതന്വേഷണവും ആകാമെന്ന നിലപാടാണ് സംസ്ഥാന സർക്കാരും എൽഡിഎഫും സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, അത് സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടി ആകുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും സിപഐ എം പ്രസ്താവനയിൽ പറയുന്നു.
No comments:
Post a Comment