Wednesday, September 23, 2020

അഴീക്കോടന്‍ ജ്വലിക്കുന്ന സ്മരണ

 കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ അമരക്കാരനായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ  വാർഷികദിനമാണ് ഇന്ന്. സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് നാൽപ്പത്തിയെട്ട് വർഷം പിന്നിടുകയാണ്. സംസ്ഥാന ചരിത്രത്തിലെ അതിഭീകരമായ മനുഷ്യഹത്യക്കായിരുന്നു അന്ന് തൃശൂർ സാക്ഷ്യം വഹിച്ചത്. ആ ക്രൂരകൊലപാതകത്തിൽ നാടാകെ നടുങ്ങി. ഒരു രാഷ്ട്രീയ സംഘർഷത്തിന്റെയും ഭാഗമായിട്ടായിരുന്നില്ല ആ സംഭവം. പാർടി പരിപാടിയിൽ പങ്കെടുക്കാനായി  തൃശൂരിലെത്തുന്നുണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കിയ രാഷ്ട്രീയശത്രുക്കൾ ആസൂത്രണം ചെയ്തതായിരുന്നു അത്. വലതുപക്ഷശക്തികൾ ഇടതുപക്ഷ അരാജകവാദികളുമായി ചേർന്ന് നടത്തിയ ആസൂത്രണമായിരുന്നു അരുംകൊലയ്ക്ക് ഇടയാക്കിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ എല്ലാവിധ പിന്തുണയും അതിനുണ്ടായിരുന്നു. 1972 സെപ്തംബർ 23ന് രാത്രിയായിരുന്നു തൃശൂരിനെ ചോരക്കളമാക്കിയ കിരാതകൃത്യം നടന്നത്. ആ സമയത്ത്  സിപിഐ എം  സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കൺവീനറുമായിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ കണ്ണിലെ കരടായിരുന്നു സഖാവ്.

വളരെ സാധാരണമായ തൊഴിലാളികുടുംബത്തിലാണ് സഖാവ് ജനിച്ചത്. കണ്ണൂർ പട്ടണത്തിലെ തെക്കിബസാറിനടുത്തായിരുന്നു വീട്. ചെറുപ്രായത്തിൽത്തന്നെ ഉപജീവനത്തിന് ബീഡി തൊഴിലാളിയായി. ബീഡിതെറുപ്പിനൊപ്പം രാഷ്ട്രീയ ആദർശങ്ങളും വളർത്തി. അങ്ങനെ ബീഡിത്തൊഴിലാളികളുടെ സജീവ സംഘടനാ പ്രവർത്തകനായി. 1946ൽ കമ്യൂണിസ്റ്റ് പാർടിയുടെ  കണ്ണൂർ ടൗൺ സെക്രട്ടറിയായി. 1954ൽ മലബാർ ട്രേഡ് യൂണിയൻ കൗൺസിലിന്റെ സെക്രട്ടറിയായി.

തുടർന്ന്, പാർടി സംഘടനാരംഗത്ത് വിവിധ ചുമതലകൾ വഹിച്ചു. സംഘർഷഭരിതമായ രാഷ്ട്രീയ കാലാവസ്ഥയിലാണ്  1956ൽ സഖാവ് പാർടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്. 1959ൽ സംസ്ഥാനകേന്ദ്രത്തിലേക്ക് പ്രവർത്തനം മാറ്റി.  1967ൽ ഐക്യമുന്നണി കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറായി. മുന്നണിരാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിൽ അസാമാന്യപാടവമാണ് സഖാവ് പ്രകടിപ്പിച്ചിരുന്നത്.  നിരവധിയായ സമരപോരാട്ടങ്ങളിൽ ആവേശകരമായ സാന്നിധ്യമായിരുന്നു അദ്ദേഹം. പ്രതിസന്ധി മുറിച്ചുകടക്കുന്നതിൽ അഴീക്കോടന്റെ നേതൃത്വവും അനുഭവസമ്പത്തും പാർടിക്ക് മുതൽക്കൂട്ടായിരുന്നു.  എതിരാളികളുടെ അക്രമങ്ങളെ നിരവധി തവണ നേരിട്ടു. അശേഷം പതറാതെതന്നെ  മുന്നോട്ടുപോയി. വിവിധകാലങ്ങളിലായി നിരവധിപ്രാവശ്യം ജയിലിലടയ്‌ക്കപ്പെട്ടു. 1948ൽ അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായ മർദനത്തിന് വിധേയമാകേണ്ടി വരികയും ചെയ്തു. 1950, 1962, 1964 എന്നീ വർഷങ്ങളിലും  ജയിൽവാസം ഏറ്റുവാങ്ങി.

കമ്യൂണിസ്റ്റ് പാർടിയിലുണ്ടായ പ്രത്യയശാസ്ത്രപരവും സഘടനാപരവുമായ വിഷയങ്ങളിൽ ശരിയായ മാർക്‌സിസ്റ്റ്‌ നിലപാടെടുക്കാൻ  അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. പ്രായോഗികപ്രവർത്തനങ്ങളിലൂടെ ആർജിച്ച വിജ്ഞാനത്തിന്റെ അളവിനെക്കൂടിയാണത് കാണിക്കുന്നത്. വലത് റിവിഷനിസത്തിനും ഇടത് തീവ്രവാദത്തിനുമെതിരെ നിരന്തരം പോരാടുകയുണ്ടായി. ശരിയായ രാഷ്ട്രീയനിലപാട് ഉയർത്തിപ്പിടിച്ച്  പാർടിയെയും പ്രസ്ഥാനത്തെയും നയിച്ചു. ജീവിതത്തിന്റെ വിവിധതുറകളിൽ അഴീക്കോടൻ തന്റേതായ സംഭാവനകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പടർന്നുപന്തലിച്ച സഹകരണമേഖലയിലും അതുകാണാം. കേരളത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട സഹകരണ പ്രസുകളിലൊന്നായ കണ്ണൂർ കോ–-ഓപ്പറേറ്റീവ് പ്രസ് സ്ഥാപിതമായത് പ്രധാനമായും അഴീക്കോടന്റെ നേതൃത്വത്തിലായിരുന്നു.  ജീവിതത്തിന്റെ എല്ലാ മേഖലയിലും കമ്യൂണിസ്റ്റ് പ്രതിബദ്ധതയോടെ അഴീക്കോടൻ ഇടപെട്ടിരുന്നു.

തൊഴിലാളിവർഗ പാർടിക്ക് സ്വന്തമായുണ്ടാകേണ്ടുന്ന മാധ്യമത്തിന്റെ പ്രാധാന്യം ശരിയായി മനസ്സിലാക്കിയ നേതാവായിരുന്നു അഴീക്കോടൻ. അദ്ദേഹം 1969ൽ ദേശാഭിമാനി പ്രിന്റിങ്‌ ആൻഡ്‌ പബ്ലിഷിങ്‌ കമ്പനിയുടെ ഭരണസമിതി ചെയർമാനായിരുന്നു. ദേശാഭിമാനിയെ ബഹുജനപത്രമാക്കുന്നതിന് നടന്ന പ്രവർത്തനങ്ങളിൽ സവിശേഷമായി ഇടപെട്ടു. എതിരാളികളുടെ നുണപ്രചാരണങ്ങളെ നേരിടുന്നതിന് ദേശാഭിമാനിയെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓരോ ഘട്ടത്തിലും അദ്ദേഹം ഓർമപ്പെടുത്തിയിരുന്നു. സഖാവിന്റെ രക്തസാക്ഷിത്വദിനത്തിലാണ് സ്ഥിരംവരിക്കാരെ ചേർക്കുന്നതിനുള്ള ദേശാഭിമാനി പത്രപ്രചാരണപ്രവർത്തനം ആരംഭിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ബഹുജനപത്രമായി ദേശാഭിമാനിയെ വളർത്തിയെടുക്കുകയെന്ന അഴീക്കോടൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയാകട്ടെ ഇത്തവണത്തെ അഴീക്കോടൻ ദിനാചരണം. സിപിഐ എമ്മിനും ഇടതുപക്ഷത്തിനും നേർക്ക് വെഞ്ഞാറമൂട് ഉൾപ്പെടെയുള്ള ഇടങ്ങളിൽ നടത്തിയ അരുംകൊലരാഷ്ട്രീയത്തെ തുറന്നുകാട്ടാനുള്ള ബഹുജനക്കൂട്ടായ്മകൾ ഈ ദിനത്തിൽ സംഘടിപ്പിക്കുന്നുണ്ട്. അത് വിജയമാക്കണം.

സിപിഐ എം ഭരണത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തായപ്പോഴും മുന്നണിയുടെ സംസ്ഥാന കൺവീനറായിരുന്ന പക്വമതിയും രാഷ്ട്രീയനയതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവുമായി. സിപിഐ എമ്മിനെ താഴ്ത്തിക്കെട്ടാനും ഇടതുപക്ഷ ചേരിയെ ശിഥിലമാക്കാനും ഇല്ലാത്ത അഴിമതിക്കഥകൾ കമ്യൂണിസ്റ്റ് നേതൃത്വത്തിനെതിരെ ശത്രുപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിച്ചു. അതിന്റെ ഭാഗമായി അഴീക്കോടൻ രാഘവനെ അഴിമതിക്കോടൻ എന്ന് മനോരമയുൾപ്പെടെയുള്ള വലതുപക്ഷ പത്രങ്ങൾ വിശേഷിപ്പിച്ചു. എന്നാൽ, ചെട്ടിയങ്ങാടി തെരുവിൽ കുത്തേറ്റ് മരിച്ച സഖാവിന്റെ മൃതദേഹം ഓലമേഞ്ഞ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോഴാണ് അത്രമേൽ നിസ്വാർഥനായ നേതാവായിരുന്നു എന്നത് നാടറിഞ്ഞത്. ത്യാഗസമ്പന്നനായ നേതാവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള ജനങ്ങളുടെ ആഭിമുഖ്യം ഇല്ലാതാക്കാനുള്ള വലതുപക്ഷ മാധ്യമങ്ങളുടെയും ശത്രുപക്ഷരാഷ്ട്രീയക്കാരുടെയും തന്ത്രം ഇപ്പോൾ കൂടുതൽ തീവ്രമായിരിക്കുകയാണ്.

എൽഡിഎഫ് ഭരണനേതൃത്വത്തിനും മന്ത്രിമാർക്കും സിപിഐ എം  നേതാക്കൾക്കും അവരുടെയെല്ലാം കുടുംബാംഗങ്ങൾക്കുമെതിരെ അഴിമതിയാക്ഷേപത്തിന്റെ നുണക്കഥകൾ കെട്ടിയുയർത്തുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. പിണറായി വിജയൻ സർക്കാർ  അഴിമതിരഹിത ഭരണമാണ് നയിക്കുന്നത്. ഈ സർക്കാർ പുതിയൊരു ഭരണസംസ്കാരം ഇന്ത്യക്ക്‌ പ്രദാനം ചെയ്തിരിക്കുകയാണ്. കോവിഡ് പ്രതിരോധംമുതൽ വികസന–-ജനക്ഷേമ കാര്യങ്ങളിൽവരെ ഇത് പ്രകടമാണ്. മോഡി സർക്കാരും പിണറായി സർക്കാരും തമ്മിൽ കറുപ്പും വെളുപ്പും പോലുള്ള അന്തരം കണ്ണുള്ള ആർക്കും കാണാം. ഭരണനയത്തിലെ വർഗപരമായ ഭേദം കർഷകവിഷയത്തിൽ ഇന്ന് കൂടുതൽ പ്രസക്തമായിരിക്കുകയാണ്. നൂറുദിന നൂറുപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി എൽഡിഎഫ് സർക്കാർ പച്ചക്കറിക്ക് തറവില നിശ്ചയിക്കുന്ന പദ്ധതി നടപ്പാക്കുന്നു. പച്ചക്കറിക്ക് ഒരു സർക്കാർ രാജ്യത്ത് താങ്ങുവില ഏർപ്പെടുത്തുന്നത് ഇന്ത്യയിൽ ആദ്യമായി കേരളമാണ്.

എന്നാൽ, കേന്ദ്രസർക്കാരാകട്ടെ കർഷകദ്രോഹ നിയമനിർമാണം നടത്തിയിരിക്കുകയാണ്. അതിനെ ചോദ്യം ചെയ്യുന്നതിന് നേതൃത്വം നൽകിയ എളമരം കരീം, കെ കെ രാഗേഷ് ഉൾപ്പെടെയുള്ള എംപിമാരെ രാജ്യസഭയിൽനിന്ന്‌ പുറത്താക്കി.

കാർഷികവിളകളുടെ താങ്ങുവില ഇല്ലാതാക്കുന്ന, സർക്കാരും ഫുഡ് കോർപറേഷനും വഴിയുള്ള വിളസംഭരണം അവസാനിപ്പിക്കുന്ന കാർഷികമേഖലകളുടെ നിയന്ത്രണവും കമ്പോളവും കോർപറേറ്റുകൾക്ക് വിറ്റുകൊടുക്കുന്ന നയമാണ് മോഡി സർക്കാരിന്റേത്. ഈ ഘട്ടത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്ന സർക്കാർ എൽഡിഎഫിന്റേതാണെന്ന ബോധം നാട്ടിൽ കൂടുതലായി വേരുറയ്ക്കുന്നുണ്ട്. അതിനെ മറികടക്കാനാണ് എൽഡിഎഫ് ഭരണത്തിന്റെയും സിപിഐ എമ്മിന്റെയും നേതൃത്വങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരെ അഴിമതി ആക്ഷേപത്തിന്റെ ഇല്ലാക്കഥ ചമയ്ക്കുന്നത്.

കമ്യൂണിസ്റ്റ് നേതൃഭരണ കാലങ്ങളിലെല്ലാം അടിസ്ഥാനമില്ലാത്ത അപവാദ വ്യവസായം വളർത്തിയിട്ടുണ്ട്. കേരളം കണ്ട ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെ കുടുംബത്തെ ആക്ഷേപ പുകമറയിലാക്കാൻ വിഫലശ്രമം ഇക്കൂട്ടർ നടത്തിയിരുന്നു. മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദന്റെ മകനെതിരെ വ്യാജപരാതികൾ കൊടുത്ത് കേസ് വരെയുണ്ടാക്കി. സംശുദ്ധഭരണത്തിന് നേതൃത്വം കൊടുക്കുന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെപ്പോലും പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും ആക്ഷേപവലയിൽ കുടുക്കാമോയെന്ന് ഒട്ടും മനസ്സാക്ഷിക്കുത്തില്ലാതെ പരീക്ഷിക്കുന്നു.

ജനമനസ്സുകളിൽ ആഴത്തിൽ സ്ഥാനം നേടിയിട്ടുള്ള കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദുർബലമാക്കാനുള്ള ലാക്കാണ് ഇത്തരം നുണനിർമിതിയിൽ ഒളിഞ്ഞിരിക്കുന്നത്. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും തളർത്തി എൽഡിഎഫ് ഭരണം ഇല്ലാതാക്കാം എന്ന അട്ടിമറി മോഹമാണ് ഇതിലേക്ക് ഇക്കൂട്ടരെ നയിക്കുന്നത്. അത് മനസ്സിലാക്കാൻ ഇടതുപക്ഷത്തെ സ്നേഹിക്കുന്ന ജനങ്ങൾക്കും പാർടിയുടെയും എൽഡിഎഫിന്റെയും പ്രവർത്തകർക്കും കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രതിലോമശക്തികളുടെ അപവാദ സുനാമിയിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിന്നോട്ടടിക്കപ്പെടില്ല. ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന സിപിഐ എമ്മിന് ജനങ്ങളിൽനിന്ന്‌ മറച്ചുവയ്ക്കാൻ ഒന്നുമില്ല. കമ്യൂണിസ്റ്റ് നേതാക്കളുടെ ജീവിതം തുറന്നപുസ്തകമാണ്. അതിലേതെങ്കിലും പോറലോ വീഴ്ചയോ സംഭവിച്ചാൽ അത്തരം തെറ്റുകൾ കണ്ടെത്തുന്നതിനും അവരെ തിരുത്തിക്കാനും തിരുത്താത്തവർക്കെതിരെ തക്കതായ അച്ചടക്ക നടപടി സ്വീകരിക്കാനുമുള്ള കരുത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ട്. ഏതെങ്കിലും ഘട്ടത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ജനങ്ങളുടെ മുന്നിൽ തുറന്നുപറഞ്ഞ് തിരുത്തൽ നടപടികൾ സ്വീകരിച്ച പാർടിയാണ് സിപിഐ എം.

യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിൽ എൽഡിഎഫ് സർക്കാരിനെയും പാർടിയെയും അപകീർത്തിപ്പെടുത്താൻ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. അഴീക്കോടൻ രാഘവനെ അഴിമതിക്കോടൻ എന്നുവിളിച്ച് കരിതേച്ചവർ ഇതുവരെ പരസ്യമായി മാപ്പ് പറഞ്ഞിട്ടില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും നേതൃത്വത്തോടും ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസം ഞങ്ങൾ കാത്തുസൂക്ഷിക്കും. നാടിന്റെ ഐശ്വര്യത്തിന് മാർക്സിസം–-ലെനിനിസമാണ് വഴിയെന്ന് ചൂണ്ടിക്കാട്ടിയ സ. അഴീക്കോടൻ രാഘവനെപ്പോലുള്ള രക്തസാക്ഷികളുടെ സ്മരണയ്ക്ക് കളങ്കം വരുത്തുന്ന ഒന്നും കമ്യൂണിസ്റ്റുകാരിൽനിന്ന്‌ ഉണ്ടാകില്ല.  ക്രിയാത്മകമായ വിമർശനം ഞങ്ങൾ സ്വാഗതം ചെയ്യുകയും ഉൾക്കൊള്ളുകയും ചെയ്യും. എന്നാൽ, രാഷ്ട്രീയഎതിരാളികളും  ഒരു വിഭാഗം മാധ്യമങ്ങളും  ഉന്നയിക്കുന്ന ആക്ഷേപങ്ങൾ സദുദ്ദേശ്യപരമല്ല. എൽഡിഎഫ് ഭരണത്തുടർച്ച ഇല്ലാതാക്കാനുള്ള വൻഗൂഢാലോചനയുടെ ഭാഗമാണ് സർക്കാരിനും സിപിഐ എം നേതൃത്വത്തിനുമെതിരെയുള്ള ചെളിവാരിയെറിയൽ. ബിജെപി, കോൺഗ്രസ്, മുസ്ലിംലീഗ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി മഹാസഖ്യത്തിനുള്ള വേദി ഉറപ്പിക്കാനാണ് നുണക്കോട്ടകൾ കെട്ടിപ്പൊക്കുന്നത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും കേരളത്തിന്റെ രക്ഷയ്ക്കായി ഇടതുപക്ഷ നേതൃഭരണത്തിനുംവേണ്ടി തുടിച്ച ഹൃദയത്തിനുടമയായിരുന്നു  അഴീക്കോടൻ രാഘവൻ. സഖാവിന്റെ ആ ജീവിതസ്വപ്നം സാക്ഷാൽക്കരിക്കുന്നതിനുള്ള പോരാട്ടം ശക്തമാക്കാനാണ് ഈ രക്തസാക്ഷിത്വദിനം നമ്മെ ജാഗ്രതപ്പെടുത്തുന്നത്.

കോടിയേരി ബാലകൃഷ്ണൻ 

No comments:

Post a Comment