കർഷകദ്രോഹ ബില്ലുകൾക്കെതിരെ ബിഹാറിൽ രോഷം അലയടിക്കവെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. അഴിമതി, ക്രമസമാധാന തകർച്ച, പ്രളയക്കെടുതി, അതിഥിത്തൊഴിലാളികളുടെ പലായനം തുടങ്ങിയ പ്രതിസന്ധികളില്‍പ്പെട്ട ബിഹാറിലെ എൻഡിഎ സർക്കാരിന് കർഷകരോഷം തിരിച്ചടിയാകും.
ബംഗളൂരുവിൽ സിഐടിയു കർണാടക സംസ്ഥാന പ്രസിഡന്റ് വരലക്ഷ്‌മിയെ പൊലീസ് ബലംപ്രയോഗിച്ച് അറസ്‌റ്റുചെയ്യുന്നു
ഭരണനേട്ടങ്ങളൊന്നും പറയാനില്ലാത്തതിനാല്‍ സുശാന്ത് സിങ് രാജ്‌പുതിന്റെ ആത്മഹത്യയും മറ്റും പ്രചാരണവിഷയമാക്കാനാണ് ജെഡിയു–- ബിജെപി സഖ്യത്തിന്റെ ശ്രമം. 15 വർഷമായി നിതീഷ് കുമാർ അധികാരത്തിലാണ്. 2005 മുതൽ 2015 വരെ എൻഡിഎയുടെ മുഖ്യമന്ത്രിയായി. 2015ൽ ബിജെപി സഖ്യം വിട്ട് ആർജെഡിയുമായി മഹാസഖ്യമുണ്ടാക്കി വീണ്ടും മുഖ്യമന്ത്രിയായി. 2017ൽ വീണ്ടും എൻഡിഎ ക്യാമ്പിലെത്തി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജെഡിയു–- ബിജെപി–- എൽജെപി സഖ്യം 40ൽ 39 സീറ്റും നേടി.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തകർച്ചയോടെ ആർജെഡിയുടെ ആത്മവിശ്വാസം ഇടിഞ്ഞു. ജയിലിൽ കഴിയുന്ന ലാലുപ്രസാദ് യാദവിന്റെ അഭാവത്തിൽ നേതൃത്വം ഏറ്റെടുത്ത മകൻ തേജസ്വി യാദവിനെതിരായി ചോദ്യങ്ങൾ ഉയർന്നുതുടങ്ങി.
തേജസ്വിയും സഹോദരൻ തേജ്‌പ്രതാപും തമ്മിലുള്ള പടലപിണക്കവും ആർജെഡിയെ ദുർബലമാക്കി. ജിതൻറാം മാഞ്ചിയുടെ എച്ച്‌എഎമ്മും മറ്റും സഖ്യം വിട്ടു. മറ്റൊരു ഘടകകക്ഷിയായ ഉപേന്ദ്ര കുശ്‌വാഹയുടെ ആർഎൽഎസ്‌പിയും സഖ്യം വിടാനുള്ള ഒരുക്കത്തില്‍.
തെരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസത്തോടെ നീങ്ങിയ എൻഡിഎയ്‌ക്ക് കർഷകപ്രക്ഷോഭമാണ് വെല്ലുവിളി. അതിഥിത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും കർഷകരോഷവും ഉയർത്തി നിതീഷ് സർക്കാരിനെതിരായ പ്രചാരണം തീവ്രമാക്കാനാണ് ആർജെഡി സഖ്യത്തിന്റെ ശ്രമം.
രാംവിലാസ് പസ്വാന്റെ എൽജെപിയും നിതീഷുമായുള്ള തമ്മിലടിയും എന്‍ഡിഎയ്‌ക്ക് തലവേദനയാണ്. സീറ്റുചർച്ച എങ്ങുമെത്തിയിട്ടില്ല. 143 സീറ്റിൽ മത്സരിക്കുമെന്ന് എൽജെപിയുടെ ചിരാഗ് പസ്വാൻ ഭീഷണി ഉയർത്തി. എന്നാല്‍, 243 സീറ്റിലും മത്സരിക്കുമെന്നാണ് ജെഡിയു നിലപാട്.നിലപാട്.
എം പ്രശാന്ത‌്
വയലുകൾ ഉണർന്നു ; ജ്വലിച്ചു രോഷം ; കാർഷിക ബില്ലുകൾക്കെതിരെ രാജ്യത്ത് പ്രതിഷേധം
അന്നദാതാക്കളെ അടിമകളാക്കുന്ന കാർഷിക ബില്ലുകൾക്കെതിരെ രാജ്യത്ത് പ്രതിഷേധം ജ്വലിച്ചു. കശ്‌മീർമുതൽ കന്യാകുമാരിവരെ കർഷകരും തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി അണിനിരന്നു. ജനദ്രോഹനിയമം പിൻവലിച്ചില്ലെങ്കില്‍ വരുംനാളുകൾ തീവ്ര പ്രക്ഷോഭത്തിന്റേതായി മാറുമെന്ന മുന്നറിയിപ്പായി കർഷകസംഘടനകൾ ആഹ്വാനം ചെയ്‌ത അഖിലേന്ത്യാ പ്രതിഷേധദിനം. പഞ്ചാബിലും ഹരിയാനയിലും ഉത്തർപ്രദേശിലും പൂർണ ബന്ദായി.
രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്‌ഗഢ്, ഹിമാചൽപ്രദേശ്, ബിഹാർ, കർണാടക, ഗുജറാത്ത്, ഒഡിഷ, പശ്‌ചിമബംഗാൾ, ത്രിപുര, തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, അസം എന്നിവിടങ്ങളില്‍ ഗ്രാമീണമേഖല നിശ്‌ചലമായി. മറ്റ്സംസ്ഥാനങ്ങളിൽ വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. റോഡ് ഉപരോധം, ട്രെയിൻ തടയൽ, ഗ്രാമീണബന്ദ്, റാലികൾ, ബില്ലുകളുടെ കോപ്പി കത്തിക്കൽ തുടങ്ങിവിവിധ പ്രതിഷേധ രൂപങ്ങൾ രാജ്യമെമ്പാടും അലയടിച്ചു.
അഖിലേന്ത്യാ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനംചെയ്‌ത പ്രതിഷേധദിനാചരണത്തിന് 10 കേന്ദ്രട്രേഡ് യൂണിയനുകളും പിന്തുണ നൽകി. ഇടതുപാർടികളുൾപ്പെടെ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഡൽഹി ജന്തർ മന്ദറിൽ കർഷകപ്രസ്ഥാനങ്ങളുടെയും ട്രേഡ് യൂണിയനുകളുടെയും വിദ്യാർഥി–-മഹിള സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഹനൻ മൊള്ള, തപൻ സെൻ, കെ ഹേമലത, മറിയം ധാവ്ളെ, വിജു കൃഷ്‌ണൻ, എ ആർ സിന്ധു, മയൂഖ് ബിശ്വാസ്, എംപിമാരായ കെ കെ രാഗേഷ്, ബികാസ് രഞ്ജന്‍ ഭട്ടാചാര്യ, ബിനോയ് വിശ്വം തുടങ്ങിയവർ സംസാരിച്ചു.
ഗാസിയാബാദിനു സമീപം മോഡിനഗറിൽ ഡൽഹി–-മീററ്റ് ദേശീയപാതയും ഡൽഹി–-നോയിഡ എക്‌സ്‌പ്രസ്‌വേ, ലഖ്‌നൗ–-അയോധ്യ ദേശീയപാതകളും ഉപരോധിച്ചു. ഡൽഹി–-അമൃത്‌സർ ദേശീയപാതയിൽ ഉടനീളം കർഷകർ അണിനിരന്നു. പഞ്ചാബിൽ ട്രെയിൻതടയൽ രണ്ടാം ദിവസവും തുടർന്നു. പഞ്ചാബിൽ ബിജെപി ഒഴികെയുള്ള പാർടികൾ പ്രക്ഷോഭത്തിന് പൂർണപിന്തുണ നൽകുന്നു. കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച ഹർസിമ്രത് കൗർ ബാദൽ മുക്‌സ്‌തറിലെ ലാംബിയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകി. പട്‌നയിൽ ആർജെഡി അധ്യക്ഷൻ തേജസ്വിയാദവിന്റെ നേതൃത്വത്തിൽ കർഷകർ ട്രാക്ടർ റാലി നടത്തി. കർണാടകത്തിലും തമിഴ്‌നാട്ടിലും വ്യാപകമായി വഴി തടഞ്ഞു.
സംയുക്ത കർഷക സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 250ൽപ്പരം കേന്ദ്രങ്ങളിൽ സത്യഗ്രഹം സംഘടിപ്പിച്ചു. രാജ്‌ഭവനുമുന്നിൽ അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻപിള്ള സമരം ഉദ്‌ഘാടനംചെയ്‌തു. സംയുക്ത കർഷകസമിതി സംസ്ഥാന ചെയർമാൻ സത്യൻ മൊകേരി അധ്യക്ഷനായി. സമരസമിതി നേതാക്കളായ കെ എൻ ബാലഗോപാൽ, സി കെ നാണു, ഉഴമലയ്‌ക്കൽ വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
സമരൈക്യം ; കാർഷികബില്ലുകൾക്കെതിരെ പ്രതിഷേധനിര
മോഡി സർക്കാരിന്റെ കാർഷികബില്ലുകൾക്കെതിരെ ഉയരുന്നത് രാജ്യത്തിന്റെ ചരിത്രത്തിലെ അപൂർവമായ പ്രതിഷേധനിര. പ്രക്ഷോഭത്തില്‍ കർഷക സംഘടനകളും -ട്രേഡ് യൂണിയനുകളും യുവജന,- വിദ്യാർഥി, മഹിളാ സംഘടനകളും രാഷ്ട്രീയപാർടികളും ഒന്നിച്ച് അണിനിരന്നു.
എൻഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദളിന്റെ രണ്ട് എംപിമാർ പഞ്ചാബിൽ പ്രതിഷേധത്തിന് നേതൃത്വം നൽകി. ബില്ലുകളോട് വിയോജിച്ച് കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജിവച്ച ഹർസിമ്രത് കൗറും ഭർത്താവും എസ്‌എഡി അധ്യക്ഷനുമായ സുഖ്‌ബീർ സിങ് ബാദലും ട്രാക്ടറിൽ സഞ്ചരിച്ചാണ് മുക്‌സ്‌തർ ജില്ലയിലെ ലാംബിയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
പലയിടങ്ങളിലും ബില്ലുകളുടെ കോപ്പിയും പ്രധാനമന്ത്രിയുടെ കോലവും കത്തിച്ചു. പഞ്ചാബിലും ഹരിയാനയിലും വെള്ളിയാഴ്‌ച ബസ് ഓടിയില്ല. പഞ്ചാബിലേക്കുള്ള 14 ട്രെയിൻ നിർത്തിവച്ചു. ബംഗാൾ, അസം, ഹരിയാന, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർടികൾ പ്രതിഷേധങ്ങളിൽ പങ്കുചേർന്നു. ഹരിയാനയിൽ വ്യാപകമായി റോഡ് ഉപരോധിച്ചു. ബംഗാളിൽ 92 ഇടത്ത് ദേശീയപാതകളും 89 സ്ഥലത്ത് സംസ്ഥാനപാതകളും ഉപരോധിച്ചു. കേരളത്തിൽ 250 കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധധർണ നടത്തി.
തമിഴ്‌നാട്ടിൽ നൂറുകണക്കിനു കേന്ദ്രങ്ങളിൽ വഴി തടഞ്ഞു. തിരുച്ചിറപ്പള്ളിയിൽ കർഷകർ തലയോട്ടികളുമായി കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. രാജസ്ഥാനിൽ മിക്ക ജില്ലകളിലും ബന്ദിന്റെ പ്രതീതിയായി. ത്രിപുരയിൽ വ്യാപകമായി റോഡുകൾ ഉപരോധിച്ചു. ബിഹാറിൽ ആർജെഡി, ഇടതുപാർടികൾ, കോൺഗ്രസ് എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മഹാരാഷ്ട്രയിൽ പാൽഗഡിലും ദഹാനുവിലും ദേശീയപാത ഉപരോധിച്ചു.
ഉത്തർപ്രദേശ്, കർണാടകം, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിലും കർഷകർ വൻപ്രതിഷേധം ഉയർത്തി.
250ൽപരം സംഘടനകളുടെ പൊതുവേദിയായ അഖിലേന്ത്യാ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റിയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തത്. ഭാവിസമരപരിപാടികൾ തീരുമാനിക്കാൻ 27ന് കോ–-ഓർഡിനേഷൻ കമ്മിറ്റി ചേരും.
സാജൻ എവുജിൻ
No comments:
Post a Comment