പാലാരിവട്ടം പാലം പൊളിച്ചുപണിയണമെന്ന സുപ്രീംകോടതി വിധിയോടെ തങ്ങളുടെ ഭരണകാലത്തെ മറ്റൊരു വൻ അഴിമതികൂടി യുഡിഎഫിനെ തുറിച്ചുനോക്കുകയാണ്. പൊളിച്ചുമാറ്റി പുതിയത് നിർമിച്ചാലും യുഡിഎഫ് അഴിമതിയുടെ നിത്യസ്‌മാരകമായി പാലാരിവട്ടം പാലം രാഷ്‌ട്രീയ കേരളത്തിന്റെ ഓർമയിൽ സജീവമായി നിലനിൽക്കും.
മുൻ സർക്കാരിലെ മുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാർക്കെതിരായ ഗുരുതരമായ അഴിമതിക്കേസാണുള്ളത്. ഇവയെല്ലാം അന്വേഷണത്തിന്റെ വിവിധ ഘട്ടത്തിലാണിേപ്പോൾ. ഉമ്മൻചാണ്ടി പ്രതിയായ പാറ്റൂർ ഫ്‌ളാറ്റ് കേസ് മുതൽ പാലാരിവട്ടം അഴിമതിവരെ ഇതിലുൾപ്പെടും. അനധികൃത സ്വത്ത് സമ്പാദനത്തിൽ മൂന്ന് മുൻ മന്ത്രിമാർക്കെതിരെയാണ് കേസ്. സോളാർ അഴിമതി, പാറ്റൂർ ഫ്‌ളാറ്റ് നിർമാണം, കടകംപള്ളി ഭൂമി തട്ടിപ്പ് എന്നിവയിലാണ് ഉമ്മൻചാണ്ടി ആരോപണ വിധേയനായത്. ഇതിന് പുറമെ സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ട ടൈറ്റാനിയം അഴിമതിക്കേസിലും ഉമ്മൻചാണ്ടി പ്രതിപ്പട്ടികയിലുണ്ട്. പാലാരിവട്ടം അഴിമതിയിൽ മുഖ്യ പ്രതിയായ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, വ്യവസായമന്ത്രിയായിരുന്ന കാലത്ത് അരങ്ങേറിയ ടൈറ്റാനിയം അഴിമതി കേസിലും പ്രതിയാണ്.
പി കെ കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ്, കെ ബാബു, വി എസ് ശിവകുമാർ എന്നിവരും വിവിധ അഴിമതിക്കേസുകളിൽ അന്വേഷണ പരിധിയിലുണ്ട്. സർക്കാർ ഭൂമി കൈയേറിയ പാറ്റൂർ ഫ്‌ളാറ്റ് നിർമാണ കേസിൽ ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തുടർനടപടി അവസാനിപ്പിച്ചത്. കെ ബാബുവിനെതിരെ ബാർ കോഴ അഴിമതിക്ക് പുറമെ അവിഹിത സ്വത്ത് സമ്പാദന കേസുമുണ്ട്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഈ കേസ് വിചാരണയിലാണ്. പി കെ കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ് എന്നിവർ എറണാകുളം ഐടി പാർക്കിന് നെൽവയൽ ഭൂമി അനുവദിച്ചതിലാണ് അന്വേഷണം നേരിടുന്നത്. ഇതിന്റെ വസ്‌തുതാ അന്വേഷണ റിപ്പോർട്ട് വിജിലൻസ് എഡിജിപിയുടെ പരിഗണനയിലാണ്. റവന്യൂഭൂമി പതിച്ചുകൊടുത്തതു സംബന്ധിച്ചും അടൂർ പ്രകാശ് അന്വേഷണം നേരിടുന്നുണ്ട്. വി എസ് ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം അന്തിമഘട്ടത്തിലാണ്.
പാലാരിവട്ടം പാലം : നിർമാണച്ചെലവ് ഇബ്രാഹിംകുഞ്ഞിൽനിന്ന് ഈടാക്കണം: സിപിഐ എം
പാലാരിവട്ടത്ത് പുതിയ മേൽപ്പാലം നിർമിക്കേണ്ടതിന്റെ ചെലവ് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിൽനിന്നും നിർമാണക്കമ്പനിയിൽനിന്നും ഈടാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഇബ്രാഹിംകുഞ്ഞിന്റെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടി സ്വീകരിക്കണം. പാലാരിവട്ടം പാലം പൊളിച്ചുപണിയണമെന്ന സർക്കാർവാദം പൂർണമായും അംഗീകരിക്കുന്നതാണ് സുപ്രീംകോടതി വിധി.
സിപിഐ എമ്മും ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തുടർച്ചയായി നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് സർക്കാരും മുഖ്യമന്ത്രിയും പ്രശ്‌നത്തിൽ ഇടപെട്ടത്. വിവിധ പഠനങ്ങളിൽ പാലം പൊളിക്കണമെന്ന് നിർദേശിച്ചെങ്കിലും ഒരുവിഭാഗം മാധ്യമങ്ങളും യുഡിഎഫ് നേതൃത്വവും കരാർ കമ്പനിയും കിറ്റ്കോയും ഇതിനെതിരെ നിലപാടെടുത്തു. തുടർന്ന്, സർക്കാർ ഇ ശ്രീധരനെ ചുമതലപ്പെടുത്തി. അദ്ദേഹവും പാലം അടിയന്തരമായി പൊളിച്ചുമാറ്റണമെന്ന റിപ്പോർട്ടാണ് നൽകിയത്.
പാലത്തിൽ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി വിധി. അന്നത്തെ പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും അഴിമതിക്കാരായ ഉദ്യോഗസ്ഥകൂട്ടാളികളും ചേർന്ന് നടത്തിയ ഭയാനകമായ അഴിമതിയുടെ ഉൽപ്പന്നമാണ് അഴിമതിപ്പാലം. ഇബ്രാഹിംകുഞ്ഞിനെതിരായ വിജിലൻസ് അന്വേഷണം വേഗത്തിൽ പൂർത്തീകരിച്ച് ശിക്ഷാ നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
No comments:
Post a Comment