പ്രതിസന്ധികാലത്തും എല്ലാ മാസവും 20നും 30നും ഇടയിൽ പെൻഷൻ നൽകുമെന്ന എൽഡിഎഫ് സർക്കാരിന്റെ ഉറപ്പ് യാഥാർഥ്യമാകുന്നു. വ്യാഴാഴ്‌ചമുതൽ സെപ്‌തംബറിലെ ക്ഷേമനിധി- പെൻഷൻ വിതരണം ചെയ്‌താണ് സർക്കാർ വാക്ക് പാലിക്കുന്നത്.
സാമൂഹ്യസുരക്ഷാ പെൻഷന്റെ വിതരണം വെള്ളിയാഴ്‌ചയോടെയും ആരംഭിക്കും. പുതുക്കിയ 1400 രൂപവീതമാണ് ഇക്കുറി അർഹരിലേക്കെത്തുക. ഉയർന്ന പെൻഷൻ ലഭിക്കുന്നവർക്ക് പഴയനിരക്ക് തുടരും. സംസ്ഥാനത്താകെ 54,73,343 ഗുണഭോക്താക്കളാണുള്ളത്. സാമൂഹ്യസുരക്ഷാ പെൻഷനായി 606.63 കോടി രൂപയും ക്ഷേമ പെൻഷന് 85.35 കോടി രൂപയുമാണ് സർക്കാർ അനുവദിച്ചത്. സാമൂഹ്യസുരക്ഷാ പെൻഷന് 48,53,733 പേരും ക്ഷേമ പെൻഷന് 6,19,610 പേരും അർഹരാണ്. കോവിഡ് പശ്ചാത്തലത്തിൽ മുൻകരുതൽ പാലിച്ചാകും വിതരണം.
വീണ്ടും കിറ്റെത്തും ; 88 ലക്ഷം കാർഡുടമകൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ
കോവിഡ് കാലത്തെ പ്രതിസന്ധി മുന്നിൽകണ്ട് സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വ്യാഴാഴ്‌ചമുതൽ വിതരണം ചെയ്യും. സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്ക് നാല് മാസം(ഡിസംബർവരെ) റേഷൻ കട വഴിയാകും കിറ്റ് നൽകുക. വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യമന്ത്രി പി തിലോത്തമൻ അധ്യക്ഷനാകും.
ഒരു കിലോ പഞ്ചസാര, ആട്ട, ഉപ്പ്, 750 ഗ്രാം കടല, ചെറുപയർ, 250 ഗ്രാം സാമ്പാർ പരിപ്പ്, അര ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം മുളക്പൊടി എന്നിവയാണ് ഇക്കുറി നൽകുന്നത്. എഎവൈ കാർഡുടമകൾക്ക് വ്യാഴാഴ്‌ചമുതൽ 28 വരെയും 29, 30 തീയതികളിൽ മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കും കിറ്റ് ലഭിക്കും. കാർഡ് അവസാന നമ്പർ –- വിതരണ ദിവസം 0 –- 24 . 1–- 25. 2–- 26. 3,4,5–- 28. 6,7,8–- 29 പിങ്ക് കാർഡ് 0,1,2, –- 30. മഞ്ഞ കാർഡിലെ ബാക്കിയുള്ള ഗുണഭോക്താക്കൾക്കും 30 നൽകും. ഒക്‌ടോബർ 15നകം വിതരണം പൂർത്തിയാക്കും. സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി. നാല് മാസത്തേക്ക് 1800 കോടി രൂപയാണ് ഇതിനായി മാറ്റിവയ്‌ക്കേണ്ടി വരുക.
No comments:
Post a Comment