Sunday, September 27, 2020

കോടികൾ വായ്‌പ തട്ടിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക്‌ ജപ്‌തി നോട്ടീസ്; എല്ലാം അനിൽ അക്കരയുടെ സ്വന്തക്കാർ

 തൃശൂർ > അടാട്ട് ഫാർമേഴ്‌സ് സഹകരണ ബാങ്കിൽ കോൺഗ്രസ് ഭരണസമിതി നടത്തിയ കോടികളുടെ വായ്‌പാതട്ടിപ്പു കേസിൽ കോൺഗ്രസ് നേതാക്കള്‍ക്കെതിരെ‌  ജപ്‌തി നടപടി. 2017ൽ  ഈടോ നിയമോപദേശമോ രേഖകളോ ഇല്ലാതെ 15 കോടി സ്വകാര്യ  കമ്പനിക്ക് നൽകിയ വായ്പ തിരിച്ചടയ്ക്കാത്തതിനാലാണ്  ജപ്‌തി  ആരംഭിക്കുന്നത്. നടപടിക്ക് വിധേയരായവരെല്ലാം അനിൽ അക്കരയുടെ സ്വന്തക്കാരാണ്‌.

‌പേരാമംഗലത്തെ ഭരണസമിതിയംഗമായ റപ്പായി മാസ്‌റ്റർക്ക്‌ ജപ്തി നോട്ടീസ്‌ വില്ലേജ്‌ അധികൃതർ കൈമാറി. അന്നത്തെ ബാങ്ക് പ്രസിഡന്റ് എം വി രാജേന്ദ്രൻ, കോൺഗ്രസ് പ്രാദേശിക നേതാക്കളായ 13 ഭരണസമിതി അംഗങ്ങൾ, വായ്പ അനുവദിച്ച ശാഖാ മാനേജർ കെ വിജയകുമാർ എന്നിവരിൽനിന്ന് വായ്പാ കുടിശ്ശിക 6.50 കോടി രൂപയ്‌ക്ക്‌ തുല്യമായി ജപ്തി ചെയ്യാനാണ് ഉത്തരവ്‌. ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് കലക്ടർ മുഖേന തഹസിൽദാരാണ്  സെപ്തംബർ മൂന്നിന് അതത് വില്ലേജ് ഓഫീസുകളിലേക്ക് ജപ്തി ഉത്തരവ് നൽകിയത്.

മൂന്നരവർഷംമുമ്പ് അടാട്ട്  സഹകരണ ബാങ്കിന്റെ റൈസ്‌മിൽ ശാഖയിൽനിന്നാണ് കാര്യമായ ഈടില്ലാതെ അനധികൃതമായി സ്വകാര്യ  കമ്പനിക്ക് 15കോടി വായ്പ നൽകിയത്.  അടാട്ട് ബാങ്കിൽ അനിൽ അക്കരയും സംഘവും നടത്തിയ നിരവധി ക്രമക്കേടുകളിൽ ഒന്നുമാത്രമാണിത്. കൂടാതെ, അനിൽ അക്കരയുടെ കുടുംബവും വായ്‌പയെടുത്ത 25 ലക്ഷം രൂപ എഴുതിത്തള്ളിയതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പത്തുലക്ഷം രൂപക്ക് ‌മാത്രം വായ്‌പക്ക്‌ അർഹതയുള്ള  കമ്പനിക്കാണ് അന്യായമായി വൻതുക നൽകിയത്. ബാങ്കിലെ ജീവനക്കാർ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്‌.  കോവിഡ്‌ പശ്ചാത്തലത്തിൽ മൊറോട്ടോറിയം നിലനിൽക്കുന്നതിനാൽ തൽക്കാലികമായി ജപ്‌തി നടപടി നിർത്തിവച്ചിട്ടുണ്ട്‌

deshabhimani

No comments:

Post a Comment