കേരളത്തിൽ കോവിഡ് വ്യാപന നിരക്ക് ഇനി കുറയുകയേയുള്ളൂവെന്ന് ഐസിഎംആർ ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ടി ജേക്കബ് ജോൺ. "കേരളത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ല. ഈ ആഴ്‌ച കഴിയുന്നതോടെ രോഗികളുടെ ഗ്രാഫ് താഴേക്ക് വരും. രോഗം പ്രതിരോധിക്കുന്നതിൽ കേരളത്തിനുള്ള ഖ്യാതി ഇല്ലാതാക്കാനും തെറ്റിദ്ധാരണ പരത്താനും ശ്രമം നടക്കുന്നതായി സംശയിക്കണം’, തമിഴ്‌നാട്ടിലെ വെല്ലൂരിലെ വസതിയിൽനിന്ന് ദേശാഭിമാനിയോട് ടെലിഫോണിൽ സംസാരിക്കുകയായിരുന്നു ഡോ. ടി ജേക്കബ് ജോൺ.
മൊത്തം ജനസംഖ്യയുടെ 30 ശതമാനംപേർ അണുബാധിതരായാൽ രോഗവ്യാപനം മൂർദ്ധന്യത്തിലെത്തിയതായി കണക്കാക്കാം. കേരളത്തിൽ തിങ്കളാഴ്‌ചവരെ 1,79,982 ലക്ഷം പേരാണ് അണുബാധിതർ. ഐസിഎംആറിന്റെ സീറോ സർവേ പ്രകാരം പോസിറ്റീവായ ഒരു കേസിലൂടെ ചുരുങ്ങിയത് 80 പേരിലെങ്കിലും വൈറസ് വ്യാപനമുണ്ടാകും. 80ന് പകരം 60 പേരിൽ വ്യാപനമുണ്ടായതായി കണക്കാക്കിയാൽ ഒരു കോടി എട്ട് ലക്ഷം പേരിൽ വൈറസ് ബാധിച്ചു. കേരളത്തിന്റെ ജനസംഖ്യ 3.6 കോടിയായി എടുത്താൽ ഇതിന്റെ 30 ശതമാനം ഒരു കോടി എട്ട് ലക്ഷംവരും. തമിഴ്‌നാട്ടിൽ പത്ത് ലക്ഷം പേരിൽ 7615 പേർ അണുബാധിതരാണ്. കർണാടകത്തിൽ ഇത് 8693 ആണ്. ആന്ധ്രയിൽ 12,614 ഉം. അതേസമയം, കേരളത്തിൽ 4997 ആണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കോവിഡ് മരണനിരക്കിലും കേരളം പിന്നിലാണ്. തമിഴ്‌നാട്ടിൽ 1.77 ശതമാനം, കർണാടകം–-1.87. ആന്ധ്ര 0.93. കേരളത്തിൽ 0.57 ശതമാനംമാത്രമാണ്. കേരളം ഇപ്പോഴും സുരക്ഷിതമാണെന്നുതന്നെയാണ് എന്റെ വിശ്വാസം. വല്ലാതെ പേടിക്കേണ്ട കാര്യമില്ല. എന്നാൽ, ജാഗ്രത ഒട്ടും കുറയരുത്. സമ്പൂർണ ലോക് ഡൗണിലേക്ക് പോകേണ്ട സാഹചര്യമില്ല. സ്‌കൂൾ തുറക്കുന്നത് നീട്ടിവയ്‌ക്കണം. രോഗവ്യാപനം കുറയുന്ന മുറയ്‌ക്ക് ജില്ലാതലത്തിൽ വിലയിരുത്തിമാത്രമേ സ്‌കൂൾ തുറക്കാവൂ. വാക്‌സിൻ വരാൻ മാർച്ചുവരെ കാത്തിരിക്കേണ്ടി വരും. വാക്‌സിൻ വിതരണം സംബന്ധിച്ച് തയ്യാറെടുപ്പ് ഇപ്പോഴേ തുടങ്ങാം–- ഡോ. ജേക്കബ് ജോൺ പറഞ്ഞു.
No comments:
Post a Comment