തിരുവനന്തപുരം> കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭരിക്കുകയാണെന്നും എളമരം കരീമും കെ കെ രാഗേഷും അടക്കമുള്ള എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹനയത്തിലും ജനാധിപത്യ ധ്വംസനങ്ങളിലും പ്രതിഷേധിച്ച് സിപിഐ എം തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിച്ച എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌തത് പ്രതികാരനടപടിയാണ്. എതിര്‍ശബ്ദങ്ങളെ ഭയക്കുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോദിയും കൂട്ടരും വീണ്ടും തെളിയിച്ചു. ബിജെപിയുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണ്.
കോര്‍പ്പറേറ്റുകളെ സഹായിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുകയാണ്. കര്‍ഷകരെ ബിജെപി വഞ്ചിക്കുകയാണ്. ഇതിനെതിരെ വന്‍ പ്രക്ഷോഭം ഉയര്‍ന്നു വരുമെന്നും കോടിയേരി പറഞ്ഞു.
സംസ്‌ഥാനത്ത് എല്‍ഡിഎഫിന്റെ നേട്ടത്തില്‍ യുഡിഎഫിന് ഭയമാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പറ്റുമോയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികൾ ശ്രമിക്കുന്നത്. അതിനായി കോണ്‍ഗ്രസും, ബിജെപിയും ഒറ്റക്കെട്ടാണെന്നും കോടിയേരി പറഞ്ഞു.
കഴിഞ്ഞവർഷം പതിനായിരത്തിലേറെ കർഷകരാണ് രാജ്യത്ത് ആത്‌മഹത്യചെയ്‌തത്. കേന്ദ്രസർക്കാരിന്റെ ഈ നിയമങ്ങൾ കർഷകരുടെ ദുരിതം കൂട്ടും. കൃഷിഭൂമിയും കർഷകരുടെ വിയർപ്പും ജീവിതവും കോർപ്പറേറ്റുകൾക്ക് അടിയറ വെയ്‌ക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കമെന്നും കോടിയേരി പറഞ്ഞു. ഈ രാജ്യദ്രോഹനയത്തിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച എം പിമാരെയാണ് രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. ജനാധിപത്യപരമായ വിയോജിപ്പുകൾ പോലും മോഡി സർക്കാർ അനുവദിക്കുന്നില്ലെന്നും ഇതിനെതിരെ ശക്‌തമായ ബഹുജനപ്രതിഷേധമുയരുമെന്നും കോടിയേരി പറഞ്ഞു. സംസ്‌ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വൈകിട്ട് പ്രതിഷേധസമരം നടക്കും .
മോഡി സർക്കാർ കർഷകരെ വഞ്ചിച്ചു: കെഎസ്‌കെടിയു
രാജ്യത്തെ കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്ന കാർഷിക ബില്ലുകൾ ഇരുസഭകളിലും പാസാക്കിയ മോഡി സർക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കെഎസ്‌കെടിയു പ്രസ്താവനയിൽ പറഞ്ഞു.
ബില്ലുകൾ പാർലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളി വോട്ടെടുപ്പില്ലാതെ ശബ്ദവോട്ടിന്റെ പിൻബലത്തിലാണ് ബില്ലുകൾ പാസാക്കിയത്. കാർഷിക മേഖലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനും കരാർ കൃഷിക്കുമുള്ള ബില്ലുകളാണ് കോർപറേറ്റുകൾക്കുവേണ്ടി ബിജെപി സർക്കാർ പാസാക്കിയത്.
മോഡിസർക്കാർ രാജ്യത്തെ കൃഷിക്കാരെയും കർഷകത്തൊഴിലാളികളെയും വഞ്ചിച്ചു. ബിജെപി നേതൃത്വം നൽകുന്ന മുന്നണിയിൽ പോലും എതിർപ്പുണ്ട്. ബില്ലിൽ പ്രതിഷേധിച്ച് ഒരു കേന്ദ്രമന്ത്രിതന്നെ രാജിവച്ചു. വിളകൾക്കുള്ള താങ്ങുവില നിയമപരിഷ്‌കരണത്തോടെ ഇല്ലാതാകും. കോർപറേറ്റുകൾക്ക് പരിധിയില്ലാതെ വിള സംഭരിക്കാൻ അനുമതി നൽകുന്ന മൂന്ന് ബില്ലിലും താങ്ങുവിലയെക്കുറിച്ച് പരാമർശമില്ല. ജനങ്ങൾക്ക് നൽകിയ വാക്കിന് വിലനൽകാത്ത പ്രധാനമന്ത്രി നൽകുന്ന ഉറപ്പ് വിശ്വാസയോഗ്യമല്ല. നരേന്ദ്ര മോഡി സർക്കാരിന്റെ കാർഷിക വിരുദ്ധ നീക്കങ്ങൾക്കെതിരെയും കോർപറേറ്റ് ദാസ്യ മനോഭാവത്തിനെതിരെയും ശക്തമായ പ്രതിഷേധമുയർത്താൻ യൂണിയന്റെ മുഴുവൻ പ്രവർത്തകരും തയ്യാറാകണമെന്ന് സംസ്ഥാന പ്രസിഡന്റ് എം വി ഗോവിന്ദനും ജനറൽ സെക്രട്ടറി എൻ ആർ ബാലനും അഭ്യർഥിച്ചു.
No comments:
Post a Comment