കേരളത്തിന്റെ ആരോഗ്യരംഗം ഇന്ത്യക്ക് അപമാനമാണെന്ന് കുറ്റപ്പെടുത്തുന്ന കെപിസിസി പ്രസിഡന്റും പ്രതിരോധം പാളിയെന്ന് ആഹ്ലാദിക്കുന്ന പ്രതിപക്ഷനേതാവും സ്വന്തം അനുയായികൾ കോവിഡ് പ്രതിരോധപ്രവർത്തനത്തെ എത്രമാത്രം ദുർബലപ്പെടുത്തിയെന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്നേയില്ല
പ്രതിപക്ഷം സമരാഭാസത്തിൽനിന്ന് പിന്മാറുമ്പോൾ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ല. എന്നാൽ, സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാക്കുകയെന്ന അപ്രഖ്യാപിത ഗൂഢലക്ഷ്യം അവർ നേടി. യുഡിഎഫും ബിജെപിയും അക്രമസമരം ആരംഭിച്ചശേഷമാണ് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത്. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത സമരാഭാസത്തിനെതിരെ ജനരോഷം വ്യാപകമായതോടെ പരിപാടി അവസാനിപ്പിക്കുമ്പോൾ രോഗവ്യാപനം ഉച്ചസ്ഥായിയിലായി.
കേരളത്തിന്റെ ആരോഗ്യരംഗം ഇന്ത്യക്ക് അപമാനമാണെന്ന് കുറ്റപ്പെടുത്തുന്ന കെപിസിസി പ്രസിഡന്റും പ്രതിരോധം പാളിയെന്ന് ആഹ്ലാദിക്കുന്ന പ്രതിപക്ഷനേതാവും സ്വന്തം അനുയായികൾ സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനത്തെ എത്രമാത്രം ദുർബലപ്പെടുത്തിയെന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്നേയില്ല. സമരങ്ങളിൽ പങ്കെടുത്ത കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരനും ജനറൽ സെക്രട്ടറി തമ്പാനൂർ രവിയുംമുതൽ കെഎസ്‌യു പ്രസിഡന്റ് അഭിജിത്തുവരെയുള്ള നേതാക്കൾ കോവിഡ് ബാധിതരായി. പ്രതിപക്ഷനേതാവിന്റെ സ്റ്റാഫിനും രോഗം.
തൃശൂരിൽ സമരത്തിനുപോയി കോവിഡ് ബാധിച്ച കോൺഗ്രസ് നേതാവിൽനിന്ന് രോഗം പകർന്ന അച്ഛൻ മരിച്ചു. കൊല്ലത്ത് ഐഎൻടിയുസി നേതാവ് കോവിഡ് ബാധിച്ച് മരിച്ചു. സമരത്തിനിറങ്ങിയ നേതാക്കൾ പലരും രഹസ്യമായി സ്വയം നിരീക്ഷണത്തിലാണ്. കെഎസ്‌യു പ്രസിഡന്റ് കള്ളപ്പേരിൽ രഹസ്യമായി കോവിഡ് ടെസ്റ്റിന് പോയി കേസിലുമായി. ജില്ലാതലത്തിലുള്ള മറ്റ് പല നേതാക്കളും രഹസ്യപരിശോധന നടത്തിയതായാണ് വിവരം.
യുഡിഎഫ്, ബിജെപി പ്രവർത്തകരുടെ കുടുംബാംഗങ്ങളിൽ പലർക്കും രോഗം ബാധിച്ചതോടെ അണികളിൽനിന്നുതന്നെ സമരത്തിനെതിരെ എതിർപ്പുയർന്നിരുന്നു. അക്രമാസക്തമായ സമരത്തെ നേരിട്ട നിരവധി പൊലീസുകാർക്കും രോഗം ബാധിച്ചു. ഇനിയും സമരം തുടർന്നാൽ പൂർണമായും ഒറ്റപ്പെടുമെന്ന തിരിച്ചറിവിലാണ് സ്വിച്ചിട്ടപോലെ പരിപാടി അവസാനിപ്പിച്ചത്.
ഇത്തരം ആൾക്കൂട്ട സമരരീതി ഈ ഘട്ടത്തിൽ ആപത്താണെന്ന് ആരോഗ്യരംഗത്തെ വിദഗ്‌ധരടക്കം നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും കണ്ടില്ലെന്നു നടിച്ച പ്രതിപക്ഷത്തിന് ‘ലക്ഷ്യം’ പൂർത്തീകരിച്ചശേഷമാണ് പൊടുന്നനെ തിരിച്ചറിവുണ്ടായത്.
കണക്കുകൾ പറയും; 6.56ൽനിന്ന് 13.66ൽ
സ്പ്രിങ്ക്‌ളർ, സ്വർണക്കടത്ത്, സെക്രട്ടറിയറ്റ് തീപിടിത്തം തുടങ്ങിയ കാരണം പറഞ്ഞ് മാസങ്ങളായി യുഡിഎഫും ബിജെപിയും സംസ്ഥാനത്താകെ സംഘർഷം സൃഷ്ടിക്കുന്നു. തിരുവോണം കഴിഞ്ഞ് ആൾക്കൂട്ടസമരം ആരംഭിച്ച സെപ്‌തംബർ 12 വരെ രോഗവ്യാപനനിരക്ക് പിടിച്ചുനിർത്താൻ കഴിഞ്ഞു എന്ന് കണക്കുകളിൽ വ്യക്തം.
അഴിഞ്ഞാട്ടസമരം തുടങ്ങിയതുമുതൽ രോഗവ്യാപനം വൻതോതിൽ വർധിച്ചു. മാസ്ക് വലിച്ചെറിഞ്ഞും ആൾക്കൂട്ട അതിക്രമം സൃഷ്ടിച്ചുമുള്ള സമരങ്ങൾ എല്ലാം മാറ്റിമറിച്ചു. സമരം തുടങ്ങുമ്പോൾ രോഗസ്ഥിരീകരണനിരക്ക് 6.56 ആയിരുന്നു. കോവിഡ് വ്യാപനമെന്ന ഗൂഢലക്ഷ്യം നടപ്പാക്കി മരണത്തിന്റെ വ്യാപാരികൾ സമരം അവസാനിപ്പിക്കുമ്പോൾ അത് 13.66 ആയി.
സമരം തുടരുമെന്ന് ബിജെപി
സംസ്ഥാന സർക്കാരിനെതിരെ സമരം തുടരുമെന്ന് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. സമരം വികേന്ദ്രീകൃതമാക്കും. സമരത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനും യുഡിഎഫിനും ഇരട്ടത്താപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു.
8 മാസം; ഇതാണ് പോരാട്ടം
എട്ട് മാസത്തിലധികമായി കോവിഡിനെതിരെ രാപ്പകൽ പോരാട്ടത്തിലാണ് ആരോഗ്യപ്രവർത്തകർ. ജോലി സമയം നോക്കാതെ, വ്യക്തിപരമായ ബുദ്ധിമുട്ടുകൾ മാറ്റിവച്ച് നാടിന്റെ സുരക്ഷയ്‌ക്കായി പൊരുതുകയാണ് ഇവർ. ആഴ്ചകളോളം കുഞ്ഞുങ്ങളെ പിരിഞ്ഞും സ്വന്തം വിവാഹം മാറ്റിവച്ചും പ്രവർത്തിക്കുന്നവരുണ്ട്. രാജ്യത്ത് നാനൂറോളം ആരോഗ്യപ്രവർത്തകർ കോവിഡിന് ഇരയായപ്പോഴും സംസ്ഥാന സർക്കാർ പാലിച്ച ജാഗ്രതയുടെ ഫലമായി ഇവിടെ ഒരു ഡോക്ടറുടെ ജീവൻ മാത്രമാണ് നഷ്ടമായത്.
ആദ്യഘട്ടംമുതൽ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്‌ക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകിയത്. സുരക്ഷാ കവചം ഉൾപ്പെടെയുള്ളവ ഉറപ്പാക്കി. ആശുപത്രികളിൽ ജീവനക്കാരെ മൂന്ന് പാളിയായി തിരിച്ച് വൈറസ് വ്യാപനം ചെറുത്തു. കോവിഡ് ഡ്യൂട്ടിക്കുശേഷം നിരീക്ഷണവും പരിശോധനയും ഉറപ്പാക്കി.
മാനസിക പിന്തുണ നൽകാൻ വിദഗ്‌ധസംഘത്തെ നിയോഗിച്ചു. ഇതുവരെ കോവിഡ് ബാധിതരായത് 4685 ആരോഗ്യപ്രവർത്തകർ. കോവിഡ് ഇതര ചികിത്സയ്‌ക്കെത്തുന്നവരിൽനിന്നാണ് കൂടുതലും രോഗബാധ. സമരങ്ങൾ രൂക്ഷമായ സെപ്‌തംബറിൽ 1469 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പിടിപെട്ടു.
പൊതുപരിപാടി നിർത്തിവയ്‌ക്കും: എൽഡിഎഫ്
കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ പൊതുപരിപാടികളും നിർത്തിവയ്‌ക്കാൻ എൽഡിഎഫ് തീരുമാനിച്ചു. അതിവ്യാപനം സംഭവിക്കാതിരിക്കാനുള്ള സർക്കാരിന്റെ പ്രവർത്തനത്തെ പിന്തുണയ്‌ക്കും. ജാഥ, പൊതുയോഗം എന്നിവയെല്ലാം മാറ്റിവയ്‌ക്കാൻ തീരുമാനിച്ചതായി കൺവീനർ എ വിജയരാഘവൻ പറഞ്ഞു.
സംസ്ഥാന സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങളുടെ പൂർത്തീകരണമാണ് അടുത്ത ആറുമാസത്തിനുള്ളിൽ നടത്തുക. നൂറുദിന നൂറ് കർമപദ്ധതികളും പൂർത്തീകരിക്കും. പ്രതിപക്ഷവും ബിജെപിയും സംയുക്തമായി കേന്ദ്ര ഏജൻസികളെ കേരളത്തിലെത്തിച്ച് വികസനപ്രവർത്തനങ്ങൾക്ക് തടയിടാൻ ശ്രമിക്കുന്നു.
പ്രതിപക്ഷ സമരങ്ങളെ സഹായിക്കാനുള്ള ഉപകരണമായി കേന്ദ്ര ഏജൻസികളെ ദുർവിനിയോഗിക്കുന്നു. കേന്ദ്ര ഏജൻസികളുടെ തെറ്റായ ഇടപെടലുകളിൽ ഇടതുപക്ഷം ശക്തമായ പ്രതിഷേധവും കോവിഡ് മാനദണ്ഡപ്രകാരം ജനകീയപ്രതിരോധവും സംഘടിപ്പിക്കുമെന്നും എ വിജയരാഘവൻ അറിയിച്ചു.
വീണ്ടും ആറായിരം കടന്നു ; പാനൂരിൽ 6 ലീഗുകാർക്കും, തൃശൂരിൽ സമരത്തിനിറങ്ങിയ നേതാവിനും രോഗം
തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് ആറായിരത്തിലധികം കോവിഡ് ബാധിതർ. വെള്ളിയാഴ്ച 6477 പേർക്ക് രോഗം. 6131 പേർക്ക് സമ്പർക്കത്തിലൂടെയാണ്. 713 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 3481 പേർക്ക് ഭേദമായി.
പുതിയ രോഗികളിൽ 80 ആരോഗ്യ പ്രവർത്തകരുമുണ്ട്. 58 പേർ വിദേശത്തുനിന്നും 198 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്. 22 മരണംകൂടി കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തി. തിരുവനന്തപുരം അഞ്ച്, ആലപ്പുഴ, കോട്ടയം നാലുവീതം, കൊല്ലം, തൃശൂർ മൂന്നുവീതം, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ഒന്നുവീതം. ആകെ മരണം 635. 24 മണിക്കൂറിനിടെ 56,057 സാമ്പിൾ പരിശോധിച്ചു.
പാനൂരിൽ 6 ലീഗുകാർക്കും
പാലത്തായി പീഡനക്കേസിന്റെപേരിൽ മുസ്ലിംലീഗ് പെരിങ്ങത്തൂരിൽ നടത്തിയ ആൾക്കൂട്ട സമരത്തിൽ പങ്കെടുത്ത ആറുപേർക്ക് കോവിഡ്. സമരം മൂന്നുദിവസമുണ്ടായിരുന്നു. ലീഗ് പാനൂർ നഗരസഭാ ജനറൽ സെക്രട്ടറിക്കും മറ്റ് അഞ്ചുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 25 പേർക്കും പെരിങ്ങത്തൂരിലും പരിസര പ്രദേശങ്ങളിലുമായി വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുവയസ്സുള്ള കുഞ്ഞും 60 വയസ് കഴിഞ്ഞവരുമുണ്ട്. സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച യൂത്ത് ലീഗ് നേതാവ് സമരത്തിലുടനീളം പങ്കെടുത്തതാണ് രോഗവ്യാപനത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
തൃശൂരിൽ സമരത്തിനിറങ്ങിയ നേതാവിനും രോഗം
മന്ത്രി കെ ടി ജലീലിനെതിരെ അക്രമസമരങ്ങൾക്ക് നേതൃത്വം നൽകിയ കെഎസ്‌യു തൃശൂർ ജില്ലാ സെക്രട്ടറി വി എസ് ഡേവിഡിനും കോവിഡ്. കഴിഞ്ഞയാഴ്‌ച ഉമ്മൻചാണ്ടി രാമനിലയത്തിൽ വന്നപ്പോൾ ഡേവിഡ് സ്വീകരിച്ചിരുന്നു. മറ്റു നിരവധി സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
തൃശൂർ കിഴക്കേകോട്ട വഴി മന്ത്രി കടന്നുപോവുമ്പോൾ ഡേവിഡുൾപ്പെടെ പ്രവർത്തകർ കാറിനുമുന്നിലേക്ക് ചാടാൻ ശ്രമിച്ചിരുന്നു. പൊലീസ് സംഘം തടഞ്ഞതിനെത്തുടർന്ന് മാസ്ക്പോലും ധരിക്കാതെ പൊലീസുമായി ഏറ്റുമുട്ടി. ഇവരെ ബലംപ്രയോഗിച്ചാണ് അറസ്‌റ്റ് ചെയ്‌തു നീക്കിയത്. തിരുവനന്തപുരത്തും സമരത്തിന് ഡേവിഡ് എത്തിയിരുന്നു.
കഴിഞ്ഞ ദിവസം കെപിസിസി സെക്രട്ടറി ജോൺ ഡാനിയേലിനും കോവിഡ് സ്ഥിരീകരിച്ചു. ഒല്ലൂർ മണ്ഡലത്തിൽ കോൺഗ്രസ് സമരങ്ങളിലും യോഗങ്ങളിലും പങ്കെടുത്തവർക്കും കുടുംബാംഗങ്ങൾക്കുമുൾപ്പെടെ പത്തുപേർക്ക് നേരത്തേ കോവിഡ് വന്നിരുന്നു. എംപി വിൻസെന്റ് ഡിസിസി പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുത്തവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
No comments:
Post a Comment