തിരുവനന്തപുരം> കോവിഡ് കാലം ഉപയോഗിച്ച് പാര്‍ലമെന്റില്‍ ഓരോ ബില്ലുകളും ഞൊടിയിടയില്‍ പാസാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐ എം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്തും ഇത്തരത്തില്‍ പ്രതിലോമകരമായ നയം നടപ്പാക്കുന്നു. ഡിജിറ്റല്‍ ആരോഗ്യ രംഗത്തേക്ക് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെയും കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്.
വലിയ തോതിലുള്ള പ്രത്യാഘാതമാണ് ഇതുണ്ടാക്കുക. ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങളെ നിരാകരിക്കുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം.സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണ് കാര്‍ഷിക രംഗത്തെ പുതിയ നിയമനിര്‍മാണം. ഫെഡറല്‍ ഘടനയെ തകര്‍ക്കുന്ന ഈ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന എല്‍ഡിഎഫിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. കോണ്‍ഗ്രസിന് ഈ വിഷയത്തിലുള്ള കള്ളക്കളിയുടെ ഭാഗമാണ് യുഡിഎഫ് പാര്‍ലമെന്റില്‍ സ്വീകരിച്ച സമീപനം വ്യക്തമാക്കുന്നത്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ നടപ്പാക്കുമെന്ന് പറഞ്ഞ കാര്യങ്ങളാണ് തങ്ങള്‍ നടപ്പാക്കുന്നത് എന്നാണ് ബിജെപി പറയുന്നത്. കാര്‍ഷിക രംഗത്തും തൊഴില്‍ രംഗത്തും ഇപ്പോള്‍ കൊണ്ടുവന്ന കാര്യങ്ങളെല്ലാം നടപ്പാക്കുമെന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസ്. രാജ്യസഭയില്‍ ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ ഇടപെട്ടതുപോലുള്ള ഇടപെടല്‍ ലോക്‌സഭയില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് നടത്തിയില്ല.
കേരളത്തിലെ 19 എംപിമാര്‍ തൊഴിലാളികളേയും കര്‍ഷകരേയും വഞ്ചിച്ചു.അവര്‍ ഒരു ആത്മാര്‍ഥതയും പ്രകടിപ്പിച്ചില്ല. കേരളത്തിലെ ഇടത് എംപിമാര്‍ രാജ്യസഭയില്‍ നടത്തിയ പോലുള്ള ഒരു പ്രതിഷേധം നടത്താന്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംപിമാര്‍ക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ അവര്‍ കേരളത്തിലെ ജനങ്ങളോട് ഉത്തരം പറയണം. ഇത് ജനങ്ങള്‍ക്കിടയില്‍ തുറന്നു കാണിക്കാന്‍ പ്രചരണം നടത്തും.
കേന്ദ്രത്തിന്റെ ഉദാരവത്കരണം എല്ലാ മേഖലയിലും കടന്നുകയറാനാണ് ശ്രമിക്കുന്നതെങ്കില്‍ കേരള സര്‍ക്കാര്‍ അതിനെ ചെറുക്കുകയാണ്. കേന്ദ്രം കേരളത്തിലെ എല്ലാ പൊതുമേഖലയും വില്‍പ്പനക്ക് വച്ചിരിക്കുന്നു. എന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് ഇവിടേക്ക് കടന്നുവരാന്‍ കഴിയുന്നില്ല. അത് ഇടത് സര്‍ക്കാരിന്റെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ ഉള്ളതുകൊണ്ടാണ്.
1957 ല്‍ ഇഎംഎസ് സര്‍ക്കാര്‍ വന്നപ്പോള്‍ സിഐഎയുടെ പണം വാങ്ങി സമരം നടത്തിയവരാണ് കോണ്‍ഗ്രസുകാരെന്നും കോടിയേരി പറഞ്ഞു. ഇപ്പോള്‍ കോര്‍പറേറ്റുകളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഇടത് സര്‍ക്കാരിന് അനുകൂലമായ മുന്നേറ്റമുണ്ടായെന്ന് വിവിധ ഘട്ടങ്ങളില്‍ കേരളം തളിയിച്ചു.അതിനാല്‍ ഈ സര്‍ക്കാരിനെ വച്ചുപൊറുപ്പിക്കരുത് എന്നാണ് പ്രതിപക്ഷ തീരുമാനമെന്നും കോടിയേരി വ്യക്തമാക്കി
No comments:
Post a Comment