തിരുവനന്തപുരം > കോൺഗ്രസിന്റെ ജനശ്രീ മൈക്രോ ഫിനാൻസിന്റെ പ്രവർത്തനം റിസർവ് ബാങ്ക് വിലക്ക് ലംഘിച്ച്. നിക്ഷേപം സ്വീകരിക്കരുതെന്ന് റിസർവ് ബാങ്ക് വിലക്കിയ ബാങ്കിങ്ങിതര ധനസ്ഥാപനങ്ങളിൽ പ്രധാനിയാണ് ജനശ്രീ മൈക്രോ ഫിനാൻസ്. എന്നാൽ, ഈ വിലക്ക് ലംഘിച്ചാണ് ഇപ്പോഴും ജനങ്ങളിൽനിന്ന് കോടികളുടെ നിക്ഷേപം ജനശ്രീ വാങ്ങുന്നത്.
റിസർവ് ബാങ്ക് കഴിഞ്ഞദിവസം നൽകിയ പത്രപരസ്യം പ്രകാരം ബാങ്കിങ്ങിതര ധനസ്ഥാപനങ്ങളുടെ ബി വിഭാഗത്തിലാണ് ജനശ്രീ. ഈ വിഭാഗത്തിൽപ്പെട്ടവയ്‌ക്ക് നിക്ഷേപം സ്വീകരിക്കാൻ പാടില്ല. സംഗതി പുറത്തായതോടെ നിക്ഷേപകർ പരിഭ്രാന്തിയിലാണ്. അനധികൃതമായി സ്വീകരിച്ച തുകയ്‌ക്ക് നിയമപരമായ കണക്കുണ്ടാകാനും ഇടയില്ല.
കുടുംബശ്രീയെ തകർക്കുക എന്ന ലക്ഷ്യത്തോടെ മുൻ കെപിസിസി പ്രസിഡന്റുകൂടിയായ എം എം ഹസ്സനെ മുൻനിർത്തിയാണ് ജനശ്രീ ആരംഭിച്ചത്. സംസ്ഥാന കോൺഗ്രസിന്റെ മുഖ്യ ധനസ്രോതസ്സുകൂടിയാണ് ഇത്. പ്രദേശിക കോൺഗ്രസ് നേതാക്കളുടെ സഹായത്തോടെ മൈക്രോ യൂണിറ്റുകൾവഴിയാണ് ഫണ്ട് സമാഹരിക്കുന്നത്.
2012 സെപ്‌തംബറിൽ അഞ്ച് കടലാസ് പദ്ധതികളുടെ പേരിൽ 14.36 കോടി രൂപ ഖജനാവിൽനിന്ന് വഴിവിട്ട് ജനശ്രീക്കായി ചെലവഴിച്ചിരുന്നു. കൃഷി, മൃഗസംരക്ഷണ വകുപ്പുകളുടെ പദ്ധതിത്തുകയാണ് അന്ന് വകമാറ്റിയത്. ആരോഗ്യം, സുസ്ഥിര ഗ്രാമവികസനം, വിദ്യാഭ്യാസം, സ്വയംതൊഴിൽ സംരംഭം, ശുചിത്വമിഷൻ തുടങ്ങിയവയുടെയെല്ലാം പദ്ധതി പണം ജനശ്രീയിലേക്ക് വകമാറ്റിയതും വിവാദമായി. ജനശ്രീ മിഷൻ ഹസ്സന്റെ സ്വകാര്യസ്വത്താണെന്ന് വ്യക്തമാക്കുന്നതും റിസർവ് ബാങ്കിനെയും സെബിയെയും കബളിപ്പിക്കാൻ ശ്രമിച്ചതിന്റെയും രേഖകളും പിന്നീട് പുറത്തായി. താൻ ബിസിനസ്സുകാരനാണെന്നാണ് ഹസ്സൻ റിസർവ് ബാങ്കിന് സത്യവാങ്‌മൂലം നൽകിയിരിക്കുന്നത്.
No comments:
Post a Comment