Wednesday, September 23, 2020

വളരുന്നത്‌ മോഡിയുടെ കോർപറേറ്റ്‌ കൃഷി

 കർഷകാനുകൂല’മെന്ന് അവകാശപ്പെടുന്ന മൂന്ന്‌ കർഷകവിരുദ്ധ ഓർഡിനൻസ്/ ബില്ലുകൾക്കെതിരെ വമ്പിച്ച പ്രതിരോധമാണ് ഉയരുന്നത്. രാജ്യത്താകെ ഉയരുന്ന പ്രക്ഷോഭങ്ങളുടെ സമ്മർദം കാരണം, “കർഷക വിരുദ്ധ ഓർഡിനൻസുകളിലും നിയമനിർമാണങ്ങളിലും പ്രതിഷേധിച്ച്‌’ കേന്ദ്ര ഭക്ഷ്യ–- സംസ്കരണ മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവയ്‌ക്കാൻ നിർബന്ധിതയായി. ഭൂമി  ഏറ്റെടുക്കൽ ഓർഡിനൻസ്, നോട്ട്‌ റദ്ദാക്കൽ, ജിഎസ്ടി, സിഎഎ/ എൻപിആർ/ എൻആർസി, 370–--ാം വകുപ്പ് റദ്ദാക്കൽ തുടങ്ങിയ കാര്യങ്ങളിലെല്ലാം മോഡി സർക്കാരിനൊപ്പം അടിയുറച്ചുനിന്ന ശിരോമണി അകാലി ദളിന്റെ മന്ത്രിയാണ് രാജിവച്ചിരിക്കുന്നത്. സഖ്യകക്ഷിയെ അവഗണിക്കാൻ മോഡി സർക്കാർ നിർബന്ധിതമായത്, വൻകിട കോർപറേറ്റ് കമ്പനികളെയും വൻകിട വ്യാപാരികളെയും പ്രീതിപ്പെടുത്തേണ്ടതുകൊണ്ടാണ്.

2019ലെ പ്രകടനപത്രികയിൽ “അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി നിയമം റദ്ദാക്കുകയും കാർഷികോൽപ്പന്ന വ്യാപാരത്തിലെ - എല്ലാ നിയന്ത്രണവും എടുത്തുകളഞ്ഞ് സ്വതന്ത്രമാക്കും’ എന്ന്‌ പ്രഖ്യാപിച്ച കോൺഗ്രസ് പാർടിയും നിലപാട് മാറ്റി പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കാൻ നിർബന്ധിതമായിരിക്കുന്നു. ഇതാകട്ടെ  പ്രക്ഷോഭങ്ങളുടെ മുൻനിരയിലുള്ള സിപിഐ എമ്മും ഇടതുപക്ഷ കക്ഷികളും അഖിലേന്ത്യാ കിസാൻ സഭയും നിരന്തരമായി ഉന്നയിച്ചുപോരുന്ന കാര്യങ്ങളുമാണ്. മോഡി അവകാശപ്പെടുന്നതുപോലെ ഈ നിയമനിർമാണങ്ങൾ “കർഷകാനുകൂല’മാണെങ്കിൽ, അതിനെതിരെ എന്തുകൊണ്ടാണ് കർഷകർ പ്രക്ഷോഭങ്ങളിൽ അണിചേരുന്നത്? നമുക്കതൊന്ന് പരിശോധിക്കാം. കർഷകർക്ക് 1947 ആഗസ്‌ത്‌ 15ന് കിട്ടാത്ത സ്വാതന്ത്ര്യമാണ് ജൂൺ മൂന്നിന്റെ മൂന്ന് ഓർഡിനൻസുവഴി ലഭിച്ചിരിക്കുന്നതെന്ന്‌ വീമ്പിളക്കുകയാണ് ബിജെപി സർക്കാർ. കർഷകർക്ക് ഉൽപ്പന്നങ്ങൾ എവിടെയും കൊണ്ടുപോയി വിൽക്കാനുള്ള സ്വാതന്ത്ര്യമുണ്ടത്രേ.

കാർഷികോൽപ്പന്ന വ്യാപാര -വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബിൽ 2020, വില ഉറപ്പിനും കാർഷിക സേവനങ്ങൾക്കും വേണ്ടിയുള്ള കർഷക ശാക്തീകരണ, സംരക്ഷണ ബിൽ 2020, അവശ്യവസ്തുഭേദഗതി ബിൽ 2020 എന്നിവ ഫെഡറൽ തത്വങ്ങൾക്കുനേരെയുള്ള കടന്നാക്രമണമാണ്, സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുനേരെയുള്ള കടന്നുകയറ്റമാണ്.  ഭരണഘടന പ്രകാരം കൃഷി സംസ്ഥാന ലിസ്റ്റിൽ പെട്ടതാണ്. കോർപറേറ്റ് കമ്പനികൾക്ക് സ്വതന്ത്രവിഹാരത്തിനുള്ള സൗകര്യമൊരുക്കാനായി  സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവർന്നെടുക്കുകയാണ്. ഈ നിയമങ്ങൾ കർഷകരെ അഗ്രിബിസിനസ്‌ കമ്പനികളുടെയും വൻകിട റീട്ടെയിലർമാരുടെയും കയറ്റുമതിക്കാരുടെയും ദയാദാക്ഷിണ്യത്തിന് എറിഞ്ഞുകൊടുക്കുന്നവയാണ്. സ്വകാര്യകമ്പനികൾക്കും അഗ്രിബിസിനസുകാർക്കും ഉള്ള എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയിരിക്കുകയാണ്. കൃഷിയും സംസ്ഥാനത്തിനകത്തെ വ്യാപാരവും വാണിജ്യവും സംസ്ഥാന വിഷയമാണെങ്കിലും സംസ്ഥാന സർക്കാരുകൾക്ക്  ഭാവിയിൽ ഒരു നിയന്ത്രണാധികാരവും ഉണ്ടായിരിക്കില്ല. കർഷകർക്ക് ഇപ്പോൾ ലഭിക്കുന്ന പരിമിതമായ സംരക്ഷണംപോലും ഇല്ലാതാകും. അഗ്രിബിസിനസുകാരും വൻകിട വ്യാപാരികളും അവർക്ക് സമന്മാരായാണ് കണക്കാക്കപ്പെടുക. കോർപറേറ്റുകളുടെ ലാഭതാൽപ്പര്യത്തിന് ഇണങ്ങിയരീതിയിൽ കമ്പനിരാജിന് വഴിയൊരുക്കാൻ കർഷകരെ ദുർബലമാക്കുന്ന തരത്തിലാണ് പുതിയ മാറ്റങ്ങൾ.

ബിജെപി അവകാശപ്പെടുന്നത് കാർഷികോൽപ്പന്ന വ്യാപാര വാണിജ്യ നിയമം, തടസ്സരഹിതമായ അന്തർ സംസ്ഥാന വ്യാപാരത്തെയും സംസ്ഥാനത്തിനകത്തെ കച്ചവടത്തിനും വഴിയൊരുക്കുമെന്നും സംസ്ഥാന അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്‌ നിയമങ്ങൾ പ്രഖ്യാപിച്ച മാർക്കറ്റുകൾക്കപ്പുറം ഇ–-കൊമേഴ്സ്‌ സാധ്യതകൾ തുറന്നുകൊടുത്തുകൊണ്ട് കർഷകർക്ക് എവിടെവച്ചും ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള സ്വാതന്ത്ര്യമാണ് നൽകുന്നത് എന്നുമാണ്. ഇത് വസ്തുതകൾക്ക് ഒട്ടും നിരക്കാത്ത പ്രചാരണംമാത്രമാണ്. കാലങ്ങളായി കർഷകർ മിച്ചംവരുന്ന ഉൽപ്പന്നങ്ങൾ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയുടെ യാർഡുകൾക്ക് പുറത്ത് കച്ചവടം നടത്തുന്നുണ്ട്‌. 2012 ജൂലൈക്കും 2013 ജൂണിനുമിടയിൽ വിൽപ്പന നടന്ന 31 വിളയിൽ 29 എണ്ണത്തിലും ഏറ്റവും കൂടുതൽ കച്ചവടം നടത്തിയത് പ്രാദേശിക സ്വകാര്യവ്യാപാരികളായിരുന്നു. സോയാബീൻ ഒഴികെ മറ്റൊരു വിളയുടെയും 25 ശതമാനത്തിൽ കൂടുതൽ വിൽപ്പന എപിഎംസി യാർഡുകൾവഴി നടത്തിയിട്ടില്ല.

കേരളത്തിലാണെങ്കിൽ എപിഎംസി മാർക്കറ്റുകൾതന്നെയില്ല. പക്ഷേ, സർക്കാർ കൃഷിക്കാർക്ക് അനുകൂലമായി ഇടപെടുന്നുണ്ട്.  അറുപതുകളിലും എഴുപതുകളിലുമായി എപിഎംസി നിയമങ്ങൾ കൊണ്ടുവന്നത് വൻകിട വ്യാപാരികളുടെ കുത്തകാധികാരത്തിന് കടിഞ്ഞാണിടാനാണ്. കാർഷികോൽപ്പന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കാനായി ആ ചന്തകളിൽ ലേലംവഴിയാണ് വിൽപ്പന നടന്നിരുന്നത്. എന്നിട്ടും കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. മാർക്കറ്റ് നിയന്ത്രണങ്ങളല്ല കർഷകരെ ദുരിതത്തിലേക്ക് നയിക്കുന്നത്, പകരം ആദായവില ഉറപ്പാക്കാത്തതും തക്ക സമയത്തുള്ള സർക്കാർ സംഭരണം ഇല്ലാത്തതുമാണ്.

ഈ മൂന്നു ബില്ലിലും അതേപ്പറ്റി മിണ്ടാട്ടമേയില്ല. ലോക വ്യാപാര സംഘടനയുടെ കൽപ്പനകൾ അതേപടി നടപ്പാക്കി പൊതുസംഭരണത്തെ തകർത്തെറിയുകയാണ് മൂന്ന് ഓർഡിനസും/ ബില്ലും ചെയ്യുന്നത്. മുമ്പ് ശാന്തകുമാർ കമ്മിറ്റി അത്തരമൊരു നിർദേശം വച്ചതാണ്. സംഭരണത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നും അത് സ്വകാര്യവൽക്കരിക്കണമെന്നുമായിരുന്നു ശുപാർശ. മിനിമം താങ്ങുവിലയ്‌ക്ക് മുകളിൽ മറ്റ് സഹായം നൽകുന്ന സംസ്ഥാന സർക്കാരുകളിൽനിന്ന് കേന്ദ്രപൂളിലേക്ക് സംസ്ഥാനാവശ്യത്തിനപ്പുറം ഭക്ഷ്യധാന്യങ്ങൾ സ്വീകരിക്കരുതെന്നും കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ഈ ദിശയിലേക്കാണ് ബിജെപി സർക്കാർ നീങ്ങുന്നത്. നെല്ലിന് കേന്ദ്ര സർക്കാർ നിശ്ചയിച്ച താങ്ങുവിലയിലും 900 രൂപ കൂടുതലാണ് കേരളം നൽകുന്ന വില. ക്വിന്റലിന് 2750 രൂപ.

പൂഴ്‌ത്തിവയ്‌പിനും കരിഞ്ചന്തയ്‌ക്കും അതിരുകളില്ലാതാകും

അവശ്യവസ്തുക്കളുടെ പട്ടികയിൽനിന്ന് ധാന്യങ്ങൾ, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, ഭക്ഷ്യ എണ്ണകൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ ഒഴിവാക്കിക്കൊണ്ടുള്ള അവശ്യവസ്തുനിയമ ഭേദഗതികൾ ഭക്ഷ്യസുരക്ഷയ്‌ക്ക് ഭീഷണിയാകും എന്നുമാത്രമല്ല, വൻകിട വ്യാപാരികൾക്കും ആഗ്രിബിസിനസുകാർക്കും വൻതോതിലുള്ള പൂഴ്‌ത്തിവയ്‌പിനുള്ള അവസരമൊരുക്കുകകൂടി ചെയ്യും. അതിനെതിരെയുള്ള ആയുധമായിരുന്നു അവശ്യവസ്തു നിയമം. ബിൽ പറയുന്നത്, വാല്യൂ ചെയിൻ പങ്കാളികളുടെ സ്ഥാപിതശേഷിയും കയറ്റുമതിക്കാരുടെ കയറ്റുമതി ഡിമാന്റും സ്റ്റോക്ക് കണക്കാക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നാണ്. അതോടെ പഴയ അവശ്യവസ്തു നിയമം പൂർണമായും റദ്ദാക്കപ്പെടുകയാണ്. രംഗം പൂർണമായും അഗ്രിബിസിനസുകാർക്ക് അനിയന്ത്രിതമായി ഏൽപ്പിച്ചുകൊടുത്താൽ കൃത്രിമക്ഷാമവും പൂഴ്‌ത്തിവയ്‌പും കരിഞ്ചന്തയും വമ്പിച്ച വില വർധനയും ഉറപ്പാകും. ശീത സംഭരണികളുടെയും സ്റ്റോറേജ് സംവിധാനത്തിന്റെയും കാർഷികമേഖലയിലെ പശ്ചാത്തല സൗകര്യങ്ങളുടെയും കാര്യത്തിൽ നിക്ഷേപങ്ങൾ ആകർഷിക്കാനാണ് അവശ്യവസ്തുനിയമ ഭേദഗതി എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഈ മേഖലകളിൽ 100 ശതമാനം വിദേശ പ്രത്യക്ഷ നിക്ഷേപം നടപ്പാക്കാനുള്ള സർക്കാർ ശ്രമത്തെ ഇതോട് കൂട്ടിവായിക്കുക.

കാർഷികോൽപ്പന്നങ്ങൾ മെച്ചപ്പെട്ട വിലയ്‌ക്ക് എവിടെയും കൊണ്ടുപോയി വിൽക്കാൻ കർഷകർക്ക് സ്വാതന്ത്ര്യം നൽകുന്നു എന്ന അവകാശവാദത്തിന്റെ പൊള്ളത്തരം വ്യക്തമാകാൻ നന്നായി പൊതിഞ്ഞുകെട്ടി അവതരിപ്പിച്ച “വില ഉറപ്പിനും കാർഷിക സേവനങ്ങൾക്കും വേണ്ടിയുള്ള കർഷക ശാക്തീകരണ, സംരക്ഷണ ബിൽ 2020’ ഒന്ന്‌ മറിച്ചുനോക്കിയാൽ മതി. അതിൽ ഒരിടത്തുപോലും പറയുന്നില്ല, കർഷകർക്ക് വ്യാപാരികൾ നൽകുന്ന വില മിനിമം താങ്ങുവിലയേക്കാൾ കുറയരുതെന്ന്! ബിജെപിയും നരേന്ദ്ര മോഡിയും 2014ൽ വാഗ്ദാനം ചെയ്ത സി2+ 50 എന്ന ഫോർമുലയെപ്പറ്റി പരാമർശമേയില്ല.( ചെലവായതിന്റെ പകുതികൂടി കൂട്ടിവേണം വില നിശ്ചയിക്കാൻ എന്നതാണ് ആ ഫോർമുല.) അദാനി വിൽമർ, പെപ്സികോ, വാൾമാർട്ട്, റിലയൻസ് ഫ്രെഷ്, ഐടിസി തുടങ്ങിയ ആഗ്രിബിസിനസ് കമ്പനികൾ കർഷകരുടെ നടുവൊടിക്കും. അപ്രതീക്ഷിത ലോക്‌ഡൗൺ കർഷകരുടെയും അധ്വാനിച്ച് ജീവിക്കുന്നവരുടെയും വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കിയിരിക്കുന്നു. അവർക്ക് വരുമാന സഹായം നൽകിയും വായ്പ എഴുതിത്തള്ളിയും ഭക്ഷ്യധാന്യങ്ങൾ എത്തിച്ചുകൊടുത്തും തൊഴിലവസരങ്ങൾ സൃഷ്ടിച്ചും ആരോഗ്യസംവിധാനങ്ങൾ ഏർപ്പെടുത്തിയും സഹായിക്കണം.

അതിനു പകരം കോർപറേറ്റുകളെ തടിപ്പിച്ച്‌ കൊഴുപ്പിക്കാനാണ് ബിജെപി എണ്ണമറ്റ സൗജന്യങ്ങൾ വാരിവിതറുന്നത്. വാസ്തവത്തിൽ ചെയ്യേണ്ടതെന്താണ്? എല്ലാ വിളകൾക്കും ഉൽപ്പാദനച്ചെലവിന്റെ 50 ശതമാനംകൂടി കൂട്ടിയ താങ്ങുവിലയും യഥാസമയ സംഭരണവും ഉറപ്പാക്കുക, കർഷകത്തൊഴിലാളികൾക്ക്‌ മിനിമംകൂലി പ്രതിദിനം 600 രൂപയാക്കുക, ആദായനികുതി നൽകാത്ത കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപ വരുമാനം ഉറപ്പാക്കുക, ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള കൂലി ദിവസം 300 രൂപയാക്കുക, പിഎം കിസാൻ പ്രതിവർഷം 18,000 രൂപയാക്കി വർധിപ്പിക്കുക, ഭൂരഹിതർക്കും കുടിയാന്മാർക്കുമുള്ള വായ്പകൾ എഴുതിത്തള്ളുക, ഭക്ഷ്യ സുരക്ഷിതത്വവും സമഗ്രമായ സാമൂഹ്യ സുരക്ഷാ പദ്ധതികളും ഉറപ്പാക്കുക എന്നിവയാണ്.

പ്രക്ഷോഭത്തിന്റെ ഭാഗമായി 3000 കേന്ദ്രത്തിലായി കർഷകർ നിർദിഷ്ട ഓർഡിനൻസുകളും വൈദ്യുതി ഭേദഗതി ബില്ലും തീയിട്ടു. ഓൾ ഇന്ത്യാ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി 250 സംഘടന ഉൾക്കൊള്ളുന്ന പ്രക്ഷോഭവേദിയാണ്, അതിൽ കിസാൻ സഭ നിർണായക പങ്ക് വഹിക്കുന്നുണ്ട്. കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ഭൂമി അധികാർ ആന്ദോളനും ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സെപ്‌തംബർ 25ന് രാജ്യവ്യാപകമായി പ്രതിരോധദിനമായി ആചരിക്കാൻ കോ–-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ബന്ദാചരിക്കാനാണ് തീരുമാനം.

വിജൂകൃഷ്‌ണൻ 

(കിസാൻസഭ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിയാണ്‌ ലേഖകൻ)

No comments:

Post a Comment