Sunday, September 27, 2020

സ്വർണപ്പുക അടങ്ങി; പ്രതിപക്ഷത്തിന്‌ ഇനി "ലൈഫ്‌' വേട്ട

 തിരുവനന്തപുരം > സ്വർണക്കടത്ത്‌ കേസിൽ കേന്ദ്ര ഏജൻസികൾ കൊടികുത്തി അന്വേഷിച്ചിട്ടും സർക്കാരിനെതിരായ ‘കുരുക്ക്‌’ മുറുക്കാത്തതിന്റെ നിരാശയിൽ ലൈഫ്‌ പദ്ധതിയെ വേട്ടയാടാനൊരുങ്ങി പ്രതിപക്ഷം. എൻഐഎ, ഇഡി, നർക്കോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ, ആദായനികുതിവകുപ്പ്‌ തുടങ്ങിയ ആറ്‌ ഏജൻസിയാണ്‌ സ്വർണക്കടത്ത്‌ കേസ്‌ അന്വേഷിക്കുന്നത്‌.

സ്വർണക്കടത്ത്‌ പിടിച്ചയുടൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ വിളിച്ചു എന്നായിരുന്നു ആദ്യ ആരോപണം. ആ കള്ളം കൈയോടെ പൊളിച്ച കസ്റ്റംസ്‌ അസിസ്റ്റന്റ്‌ കമീഷണറെ ഉടൻ സ്ഥലംമാറ്റി. എം ശിവശങ്കറെ കസ്റ്റംസും എൻഐഎയും മാറിമാറി ചോദ്യംചെയ്‌തിട്ടും ഇതുവരെ കേസിൽ പ്രതിയാക്കാൻ തക്ക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതോടെയാണ്‌ വിവാദം യുഎഇ കോൺസുലേറ്റ്‌ സമ്മാനിച്ച ഖുർആനിലേക്കും മന്ത്രി കെ ടി ജലീലിലേക്കും നീക്കിയത്‌. ഖുർആന്റെ മറവിൽ സ്വർണം കടത്തിയെന്നായിരുന്നു ഇവരുടെ ആരോപണം.  കോൺഗ്രസ്‌, മുസ്ലിംലീഗ്‌, ബിജെപി ത്രയം ഒരുമിച്ചുനിന്നാണ്‌ മന്ത്രിയെ വേട്ടയാടിയത്‌. അതും എട്ടുനിലയിൽ പൊട്ടിയതോടെയാണ്‌ പാവങ്ങൾക്ക്‌ വീടൊരുക്കുന്ന ലൈഫ്‌ പദ്ധതിയിലേക്ക്‌ ഇവർ നീങ്ങുന്നത്‌. അതേസമയം, സ്വർണക്കടത്ത്‌ അന്വേഷിച്ചിറങ്ങിയ എൻഐഎ ഒടുവിൽ കേന്ദ്രമന്ത്രി വി മുരളീധരനിലേക്കാണ്‌ എത്തുന്നത്‌.

ഈ സമയത്താണ്‌ സ്വർണം വിട്ട്‌ ഖുർആനിലേക്ക്‌ അന്വേഷണം വഴിമാറിയത്‌. അറ്റാഷെ അടക്കമുള്ള  ഉദ്യോഗസ്ഥരുടെ മൊഴി എടുക്കാനോ  സ്വർണം കയറ്റിവിട്ടവരെ കണ്ടെത്തുന്നതിനോ എൻഐഎയ്‌ക്ക്‌ കഴിയാത്തതും കേന്ദ്ര സഹമന്ത്രിയുടെ ഇടപെടലാണെന്നാണ്‌ സൂചന.

കെ ശ്രീകണ്ഠൻ

വടക്കാഞ്ചേരി കമീഷൻ ഇടപാട് : മലക്കംമറിച്ചിലെന്നത്‌ കഴമ്പില്ലാത്ത വാദം

വടക്കാഞ്ചേരി ലൈഫ്‌ ഭവനപദ്ധതിയിൽ കരാർക്കമ്പനി കോഴ നൽകിയതിനെക്കുറിച്ച്‌ വിജിലൻസ്‌ അന്വേഷണം നടത്താനുള്ള തീരുമാനം മലക്കംമറിച്ചിലെന്ന വാദം കഴമ്പില്ലാത്തത്‌. വസ്‌തുതകൾ പുറത്തുവന്നശേഷം അന്വേഷണം നടത്തുമെന്നാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യംമുതൽ പറഞ്ഞത്‌‌. ഇത്‌ മറച്ചുപിടിച്ചാണ്‌ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഭയന്നാണ്‌ സർക്കാരിന്റെ ചുവടുമാറ്റമെന്ന്‌ ചില മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നത്‌.

യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ്‌ ക്രസന്റാണ്‌ വടക്കാഞ്ചേരി ഭവനസമുച്ചയത്തിന്‌ പണം മുടക്കുന്നത്‌. യുഎഇ കോൺസുലേറ്റാണ്‌ 140 കുടുംബത്തിന്‌ വീട്‌ നിർമിച്ച്‌ നൽകാൻ മുന്നോട്ടുവന്നത്‌.  റെഡ്‌ ക്രസന്റും നിർമാണക്കമ്പനിയായ യുണിടാക്കും തമ്മിലാണ്‌ കരാർ ഉണ്ടാക്കിയത്‌. റെഡ്‌ ക്രസന്റ്‌ പണം മുടക്കാൻ തയ്യാറായപ്പോൾ നഗരസഭ സ്ഥലം അനുവദിച്ചു. ഭവനനിർമാണ അനുമതി അടക്കമുള്ള കാര്യങ്ങൾ ലൈഫ്‌ മിഷനും ചെയ്‌തുകൊടുത്തു. സർക്കാർ ഒരു ഘട്ടത്തിലും നേരിട്ട്‌ ഇടപെട്ടിട്ടില്ല.  

യുണിടാക്കിന്‌ കരാർ തരപ്പെടുത്തി കൊടുത്തതിന്‌ പ്രതിഫലമായാണ്‌ സ്വപ്‌ന സുരേഷിന്‌ കമീഷൻ നൽകിയത്‌. ഇക്കാര്യം നിർമാണക്കമ്പനിയുടെ ഉടമ എൻഐഎക്കടക്കം മൊഴി നൽകിയിട്ടുണ്ട്‌. കമീഷൻ ഇടപാടിന്റെ സമയത്ത്‌ സ്വപ്‌ന സുരേഷ്‌ കോൺസുലേറ്റിൽ ഉദ്യോഗസ്ഥയുമായിരുന്നു. വിവാദം ഉയർന്ന ഘട്ടത്തിൽ  മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാകില്ലെന്നും വസ്‌തുതകൾ പുറത്തുവന്നശേഷം അന്വേഷണം നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ, ഇതിന്റെ പേരിൽ ലൈഫ്‌ ഭവനപദ്ധതിയെ ആകെ സംശയമുനയിൽ നിർത്താനാണ്‌ പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിച്ചത്‌. അത്‌ ഇപ്പോഴും തുടരുന്നു‌. സർക്കാരും മുഖ്യമന്ത്രിയും എടുത്ത നിലപാടിൽ ഉറച്ചുനിൽക്കുന്നൂവെന്നാണ്‌ വിജിലൻസ്‌ അന്വേഷണം നടത്താനുള്ള തീരുമാനത്തിലൂടെ വ്യക്തമാകുന്നത്‌.

ഇതേകുറിച്ച്‌ അന്വേഷിക്കുമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ കഴിഞ്ഞ ഒന്നരമാസമായി ചോദിച്ചിരുന്നത്‌.  അന്വേഷണത്തിന്‌ സർക്കാർ തീരുമാനിച്ചപ്പോഴാകട്ടെ മറ്റെന്തോ ഭയന്നാണെന്നായി വാദം‌. വടക്കാഞ്ചേരി പദ്ധതിയിൽ സ്വപ്‌നയും നിർമാണക്കമ്പനിയും തമ്മിലുള്ള കമീഷൻ ഇടപാട്‌ സർക്കാരിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന്‌ വ്യക്തമാണ്‌. സിബിഐയോ അതിനപ്പുറമുള്ള മറ്റാരെങ്കിലുമോ വന്നോട്ടെ എന്ന്‌ മുഖ്യമന്ത്രി നട്ടെല്ലുറപ്പോടെ പറയുന്നതും ഈ ബോധ്യത്തിൽനിന്നാണ്‌.

No comments:

Post a Comment