വിനയത്തിന്റെ കിരീടം
പ്രായത്തിൽ ഇളയവനായ എം ഡി രാമനാഥന്റെ പാദങ്ങളിൽ ശെമ്മാങ്കുടി സാഷ്ടാംഗം പ്രണമിച്ചിട്ടുണ്ട്. രീതിഗൗള രാഗാലാപനത്തിനു മുമ്പിലായിരുന്നു ആ നമസ്കാരം. എം ഡി ആറിന്റെ രീതിഗൗളയുള്ളിടത്ത് തന്റേതിന് സാംഗത്യമില്ലെന്നു പറഞ്ഞ് ശെമ്മാങ്കുടി ആ രാഗത്തിലെ ആലാപനംനിർത്തി എന്നുമുണ്ട് കേൾവി. സമാനമായ സാഷ്ടാംഗപ്രണാമത്തിന് സാക്ഷിയാവാൻ എനിക്ക് ഇടവന്നു. കടപ്പാക്കട സ്വരലയ ഓഡിറ്റോറിയത്തിൽ ദേവരാജപുരസ്കാരം എസ് പി ബാലസുബ്രഹ്മണ്യത്തിന് യേശുദാസ് നൽകുന്ന സന്ദർഭം. എസ് പി ബിയെ ആദരിക്കാനുള്ളതായിരുന്നു ചടങ്ങെങ്കിലും ബഹുമാനം മുഴുവൻ യേശുദാസിനായി. അതും എസ് പി ബിയുടെ വക. അതിനൊടുവിലാണ് വേദിയിൽ യേശുദാസിനുമുമ്പിൽ അദ്ദേഹം നമസ്കരിച്ചത്. വെറും നമസ്കാരമല്ല; സാഷ്ടാംഗ പ്രണാമം! പ്രായത്തിൽ ഇളയവനായ എം ഡി ആറിനെ നമസ്കരിച്ച ശെമ്മാങ്കുടിയുടെ ശിഷ്യനാണ് യേശുദാസ്. ഇവിടെ എസ് പി ബിയാണ് ഇളയവൻ. ഇളയ ആൾ മൂത്തയാളുടെ മുമ്പിൽ നമസ്കരിക്കുന്നതിൽ അപാകമില്ല.
അങ്ങനെ നമസ്കരിക്കണമെങ്കിൽ വലിയ മനസ്സുവേണം. ആ മനസ്സുകൊണ്ടുകൂടി അനുഗൃഹീതനാണ് എസ് പി ബാലസുബ്രഹ്മണ്യം. വേദിയിൽനിന്ന്് "നാദശരീരാപരാ' എന്നു പാടുമ്പോൾ അദ്ദേഹം, സദസ്സിന്റെ മുൻനിരയിലിരുന്ന യേശുദാസാണ് ആ നാദശരീരൻ എന്ന് കൂപ്പുകൈയാൽ വ്യക്തമാക്കി.എസ് പി ബി ഇന്ത്യയിലെ ഒന്നാംനിര ഗായകരിലൊരാളാണ്. വിനയത്തിന്റെ ശൈലിയിൽ പെരുമാറിയാലേ നിലനിൽക്കാനും അതിജീവിക്കാനും കഴിയൂ എന്നില്ല. എന്നിട്ടും അർഹതയ്ക്കും യോഗ്യതയ്ക്കും മുമ്പിൽ വിനീതനായി. അത് അദ്ദേഹത്തെ താഴ്ത്തുകയല്ല, ജനമനസ്സുകളിൽ ഉയർത്തുകയായിരുന്നു. വിനയം കിരീടമാവുന്നത് അങ്ങനെ."യേശുദാസ്, വഴിമാറൂ' എന്ന് മനസ്സുകൊണ്ടെങ്കിലും പറഞ്ഞ, പറയുന്ന ഒരുപിടി ഗായകർ കേരളത്തിലുണ്ട്. ചിലർ സ്വകാര്യസംഭാഷണത്തിൽ സൂചിപ്പിക്കും. വഴിമാറിത്തരൂ എന്നുപറയുന്നത് കഴിവില്ലായ്മയുടെ വിളംബരമാണ്. കഴിവുണ്ടെങ്കിൽ അപേക്ഷിക്കുകയല്ല, ആ കഴിവുകൊണ്ട് തട്ടിമാറ്റി മുമ്പോട്ടുപോവുകയാണ് വേണ്ടത്. മൂന്നാംനിര ഗായകർക്ക് അവസരമുണ്ടാക്കാൻ ഒന്നാംനിര പാട്ട് നിർത്തണമെന്ന് പറയാൻ സംഗീതത്തെ സ്നേഹിക്കുന്ന ആർക്കും കഴിയില്ല.
"എത്രകാലം തപസ്സുചെയ്താലാ‐
ണെത്തിടുന്നതൊരിക്കലീശബ്ദം
ഉത്തമ കവേ നന്നായറിവു
ഹൃത്തിലായതിൻ ദിവ്യമഹത്വം'
എന്ന് ചങ്ങമ്പുഴയെ ഉദ്ധരിച്ച് നന്ദിയോടെ പ്രണമിക്കേണ്ടതാണ് ആ ശബ്ദമാധുര്യത്തിനും ഭാവഗരിമയ്ക്കും മുമ്പിൽ. എളിയ നിലയിൽനിന്ന് ഒരുപാട് തടസ്സങ്ങൾ മറികടന്ന് ഉയർന്നുവന്ന ഗായകനാണ് അദ്ദേഹം. അങ്ങനെയൊരാൾ നമുക്കിടയിൽ ചലച്ചിത്രഗാനാലാപന കലയുടെ ശീർഷകമായി മാറിയല്ലോ എന്നോർത്ത് അഭിമാനിക്കുകയാണ് വേണ്ടത്. ഈ ഘട്ടത്തിലാണ് മലയാളിയല്ലാത്ത ഉന്നതനായ കലാകാരൻ പൊതുവേദിയിൽ യേശുദാസിനുമുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചത്. അത് അേദ്ദഹത്തിനുള്ള ആദരം മാത്രമല്ല, മലയാളിയുടെ കലുഷ മനസ്സിനുമുമ്പിൽ തുറന്നുവച്ച വിനയത്തിന്റെ പാഠം കൂടിയാണ്.കഴിവില്ലാത്തവൻ കഴിവുള്ളവനാണ് എന്ന് തെറ്റിദ്ധരിപ്പിക്കാൻ അണിയുന്ന മുഖപടമാണ് അഹങ്കാരം. കഴിവുള്ളവന് അതാവശ്യമില്ല,വിനയമാണ് അലങ്കാരം. അത് യേശുദാസിന്റെ മനസ്സിനെ കൂടുതൽ ദീപ്തമാക്കി. അതാണ്, ഒരേ അമ്മയുടെ ഗർഭപാത്രത്തിലല്ലെങ്കിലും ഒരേ ഭൂമിയുടെ ഗർഭപാത്രത്തിലാണ് താനും എസ് പി ബിയും ജനിച്ചതെന്ന ആ വാക്കുകളിൽ തെളിഞ്ഞത്.
പ്രഭാവർമ്മ
കടൽ മുഴക്കംപോൽ ആ സ്വരധാര
ഒരു വെറും ശിശു ആയിരിക്കുന്ന കാലംമുതൽ മനസ്സിൽ പതിഞ്ഞ ആകാശവലിപ്പമുള്ള ആൾരൂപം. കടൽ മുഴക്കമുള്ള സ്വരസാന്നിധ്യം. എസ് പി ബി എന്ന ബാലസുബ്രഹ്മണ്യവുമായി ഇടപെടുക എന്നുള്ളതിന് ഒരു സാധ്യതയുമില്ലായിരുന്നു. അക്ഷരം തിരിയുന്നതിനുമുമ്പേ ചുണ്ടുകൾ പാടിപ്പഠിച്ച ഒരു ഗാനമുണ്ട്, “ഈ കടലും മറുകടലും ഭൂമിയും മാനവും കടന്ന് .. ’അത് പ്രായത്തോടൊപ്പം വളർന്നു. ആ ഗാനം കേൾക്കുമ്പോഴെല്ലാം ഒരു കടൽപ്പാലത്തിന്റെ തെറ്റത്ത് ചെന്നുനിന്ന് മഹാസാഗരത്തെ അനുഭവിക്കുന്ന പ്രതീതി, ഇന്നും.
ലാളിത്യത്തിന്റെ, വിനയത്തിന്റെ നിറകുടമായിരുന്നു എസ് പി ബി. എത്രയോ വലിയ കലാകാരന്മാർ നമുക്കുണ്ട്. തന്നിലെ മനുഷ്യത്വവും കലാകാരൻ എന്ന അസ്തിത്വവും ഒരേ വലിപ്പത്തിലായിരിക്കുന്നവർ അത്യപൂർവം.
തൊണ്ണൂറുകളിൽ അമ്പിളിക്കുട്ടൻ എന്ന സംഗീതജ്ഞനുവേണ്ടി ഞാനെഴുതിയ ‘ആദ്യമഴ’ എന്ന ആൽബത്തിലെ ഒരു ഗാനം പാടിയത് എസ് പി ബി ആയിരുന്നു. തിരയടങ്ങിയ കടലിന്റെ ഉൾമുഴക്കമുള്ള ആ ശബ്ദത്തിൽ എന്റെ പരിമിത വിഭവമായ ഒരു പാട്ട് അദ്ദേഹം ആലപിച്ചു. പക്ഷേ, അപ്പോൾ അദ്ദേഹത്തെ നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടിരുന്നില്ല.
വർഷങ്ങൾക്കുശേഷം ഒരു സന്ധ്യക്ക് ആ ശബ്ദം ഫോണിലൂടെ എന്നെ വിളിച്ചു. അതീവ വിനയത്തോടെ, കുലീനതയോടെ. ഒരു സഹായം ചെയ്യാൻ കഴിയുമോ എന്ന എളിമ നിറഞ്ഞ അഭ്യർഥന. ‘അങ്ങേയ്‌ക്ക് ആജ്ഞാപിക്കാമല്ലോ’ എന്നു ഞാൻ മറുപടി കൊടുത്തു. മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകം അടച്ചുപൂട്ടിയപ്പോൾ അദ്ദേഹം വെറുതെ ഇരുന്നില്ല. വീട്ടിലിരുന്ന് ലോകത്തോട് സംസാരിച്ചു. സാന്ത്വനിപ്പിച്ചു. പാട്ടുപാടിക്കൊടുത്തു. പല ഭാഷങ്ങളിൽ അത് പടർന്നുപടർന്നു പോയി. അക്കൂട്ടത്തിൽ മലയാളത്തിലൊരു പാട്ടുവേണം എന്നായിരുന്നു ആവശ്യം. അതു ചെയ്തുകൊടുത്തു.
‘ഒരുമിച്ചു നിൽക്കേണ്ട സമയം’ എന്ന ഗാനം യാതൊരുവിധ അനുസാരികളുമില്ലാതെ സ്വരമാധുര്യം കൊണ്ടുമാത്രംതന്നെ ആകർഷണീയമായിരുന്നു. പ്രായംകൊണ്ട് പാകമാകുകയും മാധുര്യമേറുകയുംചെയ്ത ശബ്ദം. തുടർന്ന്, ആരോഗ്യ പ്രവർത്തകരെ മാനിച്ചുകൊണ്ട് ഒരു ഗാനംകൂടി എഴുതി. ഹൃദയം തുളുമ്പുന്ന വാക്കുകളോടെ അദ്ദേഹം നന്ദി പറഞ്ഞു. ഇന്ത്യ കണ്ട മഹാഗായകരിൽ ഒരാളായി കാലം എന്നെന്നേക്കും അടയാളപ്പെടുത്തിയ ആ മഹാപ്രതിഭയുമായി തീർത്തും അവിചാരിതമായി ഒരുമിക്കുവാനായി. അത് മഹാമാരിയുടെ ദുർഘടസമയമാണ് എന്നിരുന്നാലും.
ആ സ്വരം നിലയ്ക്കുകയില്ല. അത് നമ്മെ തൊട്ടുകൊണ്ടേയിരിക്കും. എന്തെന്നാൽ അതു വരുന്നത് കണ്ഠത്തിൽ നിന്നല്ല, ഹൃദയത്തിൽനിന്നാണ്.
റഫീക് അഹമ്മദ്
ദേവഗായകന് കണ്ണീർ പ്രണാമം- ഒരു ഓർമ്മക്കുറിപ്പ്
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ ആയിരുന്നു എന്റെ ആദ്യ തെലുഗു സിനിമയുടെ പാട്ടിന്റെ റെക്കോഡിങ്..എന്റെ ഒരു ഭാഗ്യം എന്ന് പറയാം..ആ സിനിമയിൽ ഞാൻ സംഗീതം ചെയ്ത ഒരു പാട്ട് SPB സർ നെ കൊണ്ട് പാടിക്കാൻ ഫിലിം പ്രൊഡ്യൂസർ തീരുമാനിച്ചു.. .
SPB sir ന്റെ സൗകര്യം കണക്കിലെടുത്ത് ചെന്നൈയിലെ studio ൽ ആണ് ആ ഗാനം record ചെയ്തത്..
നമ്മൾ എല്ലാവരും ഒരുപാട് ആരാധിക്കുന്ന SPB sir ആണ് ആ പാട്ട് പാടുന്നത് എന്നുള്ളത് കൊണ്ട് തന്നെ സന്തോഷവും, പേടിയും ഒക്കെ ഉള്ളിലൊതുക്കി അദ്ദേഹത്തെ studio ൽ കാത്തു നിന്നു..
ഞാൻ കണ്ടത് ബഹുമാനത്തോടെ കൈകൂപ്പി ചിരിച്ചു കൊണ്ട് വന്ന SPB sir നെയാണ്.. നല്ല പരിചയമുള്ള ഒരാളോടെന്ന പോലെ അദ്ദേഹം എന്നോട് സംസാരിച്ചു..
വളരെ simple ആയ ഒരു വ്യക്തി..അഹങ്കാരത്തിന്റെ മേലങ്കി അണിയാത്ത ദൈവതുല്യനായ വ്യക്തി..അറിവ് കൂടുന്തോറും ലാളിത്യവും കൂടും എന്ന് നമ്മെ മനസ്സിലാക്കി തന്ന ഭാവഗായകൻ.
സംഗീതം ചെയ്ത ഗാനം ഏതു രാഗത്തിൽ ആണ് എന്ന് എന്നോട് ചോദിച്ചു..മിയാൻ കി മൽഹാർ രാഗത്തിൽ ആണ് എന്ന് ഞാൻ പറഞ്ഞു..
'ആ രാഗത്തെ കുറിച്ചു കൂടുതലൊന്നും അറിയില്ല..എങ്കിലും പാടാം..പഠിപ്പിച്ചു തരൂ മലയാളിയായ ഒരു lady music director ടെ പാട്ട് ആദ്യമായാണ് പാടുന്നത്'..എന്നും sir പറഞ്ഞു.. ..tension ഓടെ ആണെങ്കിലും sir ന്റെ മുമ്പിൽ ഇരുന്ന് ഞാൻ ആ പാട്ട് പാടി.. പാടികൊടുത്തതിനേക്കാൾ 100 ഇരട്ടി നന്നായി അദ്ദേഹം ആ പാട്ടു പാടി..
ആ ഗാനം ഒരു duet ആയത് കൊണ്ട് SPB sir പോയതിനു ശേഷം എന്റെ ഭാഗം പാടാം എന്നു തീരുമാനിച്ചിരി ക്കുകയായിരുന്നു...
പക്ഷെ sir എന്നോട് duet portion പാടാൻ പറഞ്ഞു..SPB sir ന്റെ മുമ്പിൽ ഒരു പാട്ട് take എടുക്കൽ അത് ആലോചിക്കാൻ പോലും വയ്യ.... പാടാൻ tension ആണ് എന്നു പറഞ്ഞു രക്ഷപ്പെടാൻ നോക്കി..
'സംഗീത ഒട്ടുംതന്നെ tension ആവണ്ട..ഞാൻ പാട്ടു പറഞ്ഞു തരാം..എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് music director ടെ seat ൽ ഇരുന്ന് telugu lyrics pronunciation ഒക്കെ ശരിയാക്കി എന്നെ പാടിച്ചു..
അങ്ങനെ SPB sir ന്റെ ശബ്ദത്തിനൊപ്പം എന്റെ ശബ്ദം കൂടി studio ലെ സ്പീക്കറിൽ നിന്നും ഒഴുകി എത്തി...
അന്ന് വരെ ഞാൻ പഠിച്ച സംഗീതത്തിന് ഒരർത്ഥം ഉണ്ടായത് പോലെ തോന്നി..
പിന്നീട് ഒരു തവണ കൂടി sir നെ കണ്ടു..മറ്റൊരു പാട്ടിന്റെ പണിപ്പുരയിൽ മറ്റൊരു studio ൽ വച്ച്..
sir ന് എന്നെ ഓർമയു ണ്ടാകുമോ എന്ന സംശയത്തിൽ നിന്ന എന്നോട് ഒരുപാട് പരിചയമുള്ള ഒരാളെ പോലെ സംസാരിച്ചു..അന്ന് പാടിയ ആ പാട്ടിനെ കുറിച്ചും പറഞ്ഞു..ഇനിയും സംഗീതം ചെയ്യണം ഉയരങ്ങളിൽ എത്തണം എന്ന അനുഗ്രഹവും തന്നു..
എത്രയോ ഗാനങ്ങൾ പാടി അനശ്വരങ്ങളാക്കിയ പ്ര ഗത്ഭനായ വ്യക്തി ..ഒരു തുടക്കക്കാരിയായ എന്നോട് കാണിച്ച ബഹുമാനം, സ്‌നേഹം..അതാണ് SPB sir ന്റെ മഹത്വം..
ജീവിതത്തിൽ എനിക്ക് കിട്ടിയ ഒരു മഹാഭാഗ്യം..
കർമ്മങ്ങൾ ആണ് ഒരാളെ ദൈവസന്നിധിയിൽ എത്തിക്കുന്നത് എന്നു പറയും..അങ്ങനെ എങ്കിൽ sir എത്തിയിരിക്കുന്നത് അവിടേക്കാണ്..
മധുര ഗാനങ്ങളിലൂടെ മനുഷ്യ മനസ്സുകളെ സ്വാധീനിച്ച ഒരു ദേവഗായകൻ ..പാടാൻ ഇനിയും ബാക്കി വെച്ചു മറഞ്ഞുപോയി..
മഹാനായ SPB sir ന് എന്റെ കണ്ണീർ പ്രണാമം
സംഗീത വർമ്മ
(സംഗീത സംവിധായകയാണ് ലേഖിക. കൊച്ചി എഫ്എമ്മിലും ജോലി ചെയ്യുന്നു)
No comments:
Post a Comment