എട്ട് വർഷം, നൂറുകണക്കിന് സാക്ഷികൾ, ആയിരക്കണക്കിന് പേജുകളുള്ള രേഖകൾ –- എല്ലാം ഉണ്ടായിട്ടും 2ജി സ്‌പെക്‌ട്രം കേസിൽ പ്രതിപ്പട്ടികയിലെ ഒരാൾക്കുപോലും ശിക്ഷ വാങ്ങിക്കൊടുക്കാനാകാതെ സിബിഐ. 2017 ഡിസംബറിൽ 2ജി കേസിൽ വിധി പുറപ്പെടുവിച്ച സിബിഐ പ്രത്യേക കോടതി ജഡ്‌ജി ഒ പി സെയ്‌നി ‘ഏഴ് വർഷം തെളിവിനായി കാത്തിരുന്നത് വെറുതെയായി’ എന്നാണ് പറഞ്ഞത്. എല്ലാ പ്രവൃത്തിദിവസവും പകൽ 10 മുതൽ വൈകിട്ട് അഞ്ച് വരെ ഞാൻ ഇവിടെ ഉണ്ടായിരുന്നു. നിയമപ്രകാരം സ്വീകരിക്കാൻ കഴിയുന്ന എന്തെങ്കിലും തെളിവ് ആരെങ്കിലും കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, ഒന്നും സംഭവിച്ചില്ല–- 1,552 പേജുള്ള വിധിന്യായത്തിൽ ജഡ്‌ജി പറഞ്ഞു.
2ജി ഇടപാടിൽ 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടാകാം എന്നായിരുന്നു സിഎജി അനുമാനം. 30,984 കോടിയാണ് നഷ്ടമെന്ന് സിബിഐ അവകാശപ്പെട്ടു. 2001ലെ സ്‌പെക്‌ട്രം ലേലത്തുകയും 2007ൽ സ്‌പെക്ട്രം വിറ്റ തുകയും താരതമ്യപ്പെടുത്തിയാണ് ഈ കണക്കിൽ എത്തിയതെന്നും സിബിഐ വാദിച്ചു. ഈ തുക എവിടെ പോയെന്ന് വിശദീകരിക്കാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ല. സിബിഐയുടെ വിശ്വാസ്യതയിൽ വീണ കരിനിഴലാണ് 2ജി കേസിലെ വിധിയെന്നാണ് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത്‌ദവേ അന്ന് പറഞ്ഞത്.
2ജി ഇടപാടുമായി ബന്ധപ്പെട്ട കമ്പനികളുടെ പേരുകൾ അടുത്തിടെ പുറത്തുവന്ന ഫിൻസെൻ ഫയലുകളിൽ ഉണ്ടായി. അമേരിക്കയിലെ സാമ്പത്തിക കുറ്റകൃത്യ നിയമനിർവഹണ ശൃംഖലയുടെ പരിഗണനയിലുള്ള സംശയാസ്‌പദമായ രാജ്യാന്തര സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് ഫിൻസെൻ ഫയലുകളിലുള്ളത്. ഇതോടെ, 2ജി കേസിലെ പണമൊഴുക്ക് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം വീണ്ടുമുയരുകയാണ്.
No comments:
Post a Comment