മതനിരപേക്ഷ വികസിത നവകേരളം യാഥാർഥ്യമാവുകയാണ്. തീർച്ചയായും പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ കാലങ്ങളായുള്ള ആവശ്യങ്ങളെല്ലാം നിറവേറ്റപ്പെടുകതന്നെ ചെയ്യും. പാവങ്ങളുടെ സ്വപ്നങ്ങൾ സഫലീകരിക്കാൻ മുൻഗണന നൽകുന്ന സർക്കാരെന്ന മികവ് എൽഡിഎഫ് സർക്കാരിനുമാത്രമേ അവകാശപ്പെടാൻ കഴിയൂ. യുഡിഎഫ്–- ബിജെപി–- മാധ്യമ കൂട്ടുകെട്ട് എല്ലാ രാഷ്ട്രീയമര്യാദകളും മാധ്യമ നൈതികതയും കൈവെടിഞ്ഞ് നിരന്തരം ആക്രമണം നടത്തുന്നതിനിടയിലാണ് ജനപക്ഷത്തുനിന്നുകൊണ്ട്, വികസന ബദലുകൾവഴി സർക്കാർ മാതൃകയാകുന്നത്.
ഐക്യകേരളം ആവിഷ്‌കൃതമാകുന്നതിനുമുമ്പേ കർഷക‐കർഷകത്തൊഴിലാളി യൂണിയൻതന്നെ ഭൂമിക്കും വീടിനും വേണ്ടിയുള്ള മുദ്രാവാക്യം മുന്നോട്ടുവച്ചിരുന്നു. അയിത്തവും മറ്റ് ജാത്യാചാരങ്ങളും നിലനിന്നിരുന്ന മലയാളമണ്ണിനെ പ്രബുദ്ധകേരളമാക്കി പടുത്തുയർത്തിയത് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളാണ്. ഭൂമി, വിദ്യാഭ്യാസം, ആരോഗ്യം, അധികാര വികേന്ദ്രീകരണം, ഭരണപരിഷ്‌കാരം തുടങ്ങി വിവിധ തലങ്ങളിൽ കേരളത്തിന് അടിത്തറയൊരുക്കാൻ ഇ എം എസിന്റെ നേതൃത്വത്തിലുള്ള സർക്കാരുകൾക്ക് സാധിച്ചു. പുരോഗമനപരമായ മാറ്റങ്ങളുടെ കൊടുങ്കാറ്റാഞ്ഞടിച്ചപ്പോഴാണ് ഹാലിളകിയ വലതുപക്ഷം വിമോചനസമരം നടത്തിയത്.
കേരളം ഭരിച്ച വലതുപക്ഷ സർക്കാരുകൾ വിമോചനസമരത്തിന്റെ ബാക്കിപത്രങ്ങളായിരുന്നു. പാവപ്പെട്ടവന്റെ ജീവിതം താറുമാറാക്കാൻ അവർ എല്ലാക്കാലത്തും പരിശ്രമിച്ചു. ഉദാരവൽക്കരണ–- സ്വകാര്യവൽക്കരണ നയങ്ങളുടെ നടത്തിപ്പുകാരായി. ജാതി–-- മത ജീർണതകൾ തിരികെ കൊണ്ടുവരാൻ പരിശ്രമിച്ചു. അധികാരത്തിൽ വന്ന വേളകളിലെല്ലാം ഇ എം എസ് സർക്കാരിന്റെ തുടർച്ചകളാകാൻ ഇടതുപക്ഷ സർക്കാരുകൾ പരിശ്രമിച്ചു.
കോൺഗ്രസ് തുടക്കമിട്ട ഉദാരവൽക്കരണ ആഗോളവൽക്കരണ നയങ്ങൾ മോഡി സർക്കാർ ഏറ്റവും തീക്ഷ്ണമായി നടപ്പാക്കുന്ന വർത്തമാനത്തിൽ, കോർപറേറ്റുകൾക്കു മുന്നിൽ രാജ്യത്തെയാകെ അടിയറവയ്‌ക്കുകയാണ്. അപ്പോഴാണ് ജനകീയബദലുകളുമായി എൽഡിഎഫ് സർക്കാർ വ്യത്യസ്തമാകുന്നത്. കർഷക–- കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങൾ സ്വാതന്ത്ര്യത്തിനുമുമ്പേതന്നെ ഉയർത്തിയ മുദ്രാവാക്യങ്ങൾ സാർഥകമാക്കാൻ നാളിതുവരെ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരുകൾ ശ്രമിച്ചിരുന്നു. പിണറായി വിജയൻ സർക്കാരാകട്ടെ സമാനതകളില്ലാത്ത രീതിയിലാണ് പാർശവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി ഭരണം നടത്തുന്നത്. ഇന്ത്യൻ ഭരണകൂടത്തിന്റെ വർഗപരമായ പിന്തിരിപ്പൻ കാഴ്ചപ്പാടുകളെ മറികടക്കാൻ കേരളം മുന്നോട്ടുവയ്‌ക്കുന്ന ബദലുകളെ ലോകം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പലരും പിന്തുടരുന്നുമുണ്ട്.
വാഗ്ദാനങ്ങൾ വെറുംവാക്കല്ല
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ മാത്രമല്ല, അതിനുമപ്പുറം നടപ്പാക്കാൻ ഈ സർക്കാരിന് സാധിച്ചു. പ്രകടനപത്രികയിൽ ഭൂമി, പാർപ്പിടം എന്നീ വിഷയങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു: ‘‘ഭൂരഹിതർക്കെല്ലാം കിടപ്പാടമെങ്കിലും ലഭ്യമാക്കും. ഇ എം എസ് പാർപ്പിട പദ്ധതി, എം എൻ ലക്ഷംവീട് പദ്ധതി എന്നിവ പുനരുജ്ജീവിപ്പിച്ച് അഞ്ചുവർഷംകൊണ്ട് എല്ലാവർക്കും വീടും ടോയ്‌ലെറ്റും ഉറപ്പുവരുത്തും. ഭൂപരിഷ്‌കരണ നിയമം സംരക്ഷിക്കും.'' ഈ വാഗ്ദാനത്തിനുമപ്പുറത്തേക്ക് എത്താൻ സർക്കാരിന് സാധിച്ചു.
ഭൂരഹിതരായ ഭവനരഹിതർക്ക് വീടുനൽകുക എന്നതുമാത്രമല്ല, ജീവനോപാധികൾ ഉറപ്പുവരുത്തി, സാമ്പത്തിക ശാക്തീകരണത്തിലൂടെ അഭിമാനത്തോടെ ജീവിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണ് ലൈഫ് മിഷൻ. മൂന്ന് ഘട്ടത്തിലായി നടപ്പാക്കുന്ന ലൈഫ് പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടം പൂർത്തിയാവുകയാണ്. 2020 ആഗസ്തുവരെയുള്ള കണക്ക് പരിശോധിക്കുമ്പോൾ 2,25,924 വീട് പൂർത്തിയായിക്കഴിഞ്ഞു. 49,737 വീടിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്. വീട് നിർമാണം പൂർത്തീകരിക്കാൻ കഴിയാത്ത കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ സർക്കാർ കരുതലായി മാറിയത്. 52,070 വീട് അങ്ങനെ യാഥാർഥ്യമാക്കി. ഭൂമിയുള്ള ഭവനരഹിതർക്ക് വീട് നൽകുക എന്ന ലക്ഷ്യവുമായി രണ്ടാംഘട്ടം മുന്നോട്ടുപോയപ്പോൾ ഒരു വീടിനായി നാല് ലക്ഷം രൂപ വകയിരുത്തി. ലൈഫ്മിഷൻ എന്നത് കേന്ദ്രസർക്കാരിന്റെ പദ്ധതി പേര് മാറ്റിയതാണെന്ന് വ്യാജപ്രചാരണം നടത്തുന്ന ബിജെപി–- സംഘപരിവാറുകാർ, രാജ്യത്ത് മറ്റേതെങ്കിലും സംസ്ഥാനത്ത് നാല് ലക്ഷം രൂപ ഒരു വീട് നിർമിക്കാനായി നൽകുന്നുണ്ടോ എന്ന് വെളിപ്പെടുത്താൻ തയ്യാറാകണം. പിഎംഎവൈ പദ്ധതി പ്രകാരമുള്ള തുകയല്ല, ഒരു വീടിന് നഗരപ്രദേശത്ത് 2,50,000 രൂപയും ഗ്രാമപ്രദേശത്ത് 2,80,000 രൂപയും ഇടതുപക്ഷ സർക്കാർ അധികമായി വിനിയോഗിക്കുകയാണ്. ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിൽ ഭൂമിയില്ലാത്ത ഭവനരഹിതർക്ക് ഭവനസമുച്ചയങ്ങൾ നിർമിച്ചുനൽകാനാണ് ലക്ഷ്യമിടുന്നത്.
മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള പാർപ്പിടനിർമാണത്തിന്റെ കാര്യത്തിലും കേരളം മാതൃകയാകുന്നു. ഒന്നാംഘട്ടത്തിൽ 3149 വീടാണ് നിർമിച്ചത്. അതിനു പുറമെ 800 കുടുംബത്തിന് ഭൂമിയും വീടും നൽകി. കടലാക്രമണത്തിൽ സർവതും നഷ്ടപ്പെട്ട 246 കുടുംബത്തിന് ഭവനമൊരുക്കി. കടൽതീരത്തിന്റെ 50 മീറ്റർ ഉള്ളിൽ 18,865 കുടുംബം പാർക്കുന്നുണ്ട്. അവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള പുനർഗേഹം പദ്ധതി നടപ്പാക്കിത്തുടങ്ങി. 1798 കുടുംബത്തിനാണ് ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ പത്ത് ലക്ഷം രൂപവീതം ഭൂമി വാങ്ങാനും വീട് പണിയാനുമായി നൽകുന്നത്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭൂരഹിത കുടുംബങ്ങൾക്കും സർക്കാർ തണലായി മാറി. 6709 കുടുംബത്തിനാണ് വീടുകൾ വച്ച് നൽകിയത്. ആദിവാസി വിഭാഗങ്ങളുടെ ദൈന്യതയെ ഉപയോഗിക്കുന്ന യുഡിഎഫ് സംസ്‌കാരം നമ്മൾ കണ്ടതാണ്. എൽഡിഎഫ് സർക്കാർ 23,971 വീടാണ് ആദിവാസിവിഭാഗത്തിലുള്ളവർക്ക് നിർമിച്ച് നൽകിയത്. ഇത് ലൈഫ്മിഷൻ പദ്ധതിയിൽ നിർമിച്ച വീടുകൾക്കു പുറത്താണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദിവാസിവിഭാഗത്തിലുള്ള 16,726 കുടുംബത്തിനും പട്ടികജാതിവിഭാഗത്തിലുള്ള 4786 കുടുംബത്തിനും പട്ടികജാതി–- പട്ടികവർഗവകുപ്പിലൂടെ ഭൂമി വിതരണംചെയ്തു. ഇതിനു പുറമെയാണ് റവന്യൂവകുപ്പുവഴി നടത്തിയിട്ടുള്ള ഭൂവിതരണം. മൂന്നു വർഷവും ഒമ്പതു മാസവുംകൊണ്ട് 1,55,112 കുടുംബത്തിനാണ് ഭൂമി നൽകിയത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഭൂരഹിതർക്ക് ഭൂമി നൽകുന്ന പരിപാടി ഉദ്ഘാടനം ചെയ്യാനെന്ന പേരിൽ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയെ കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നു. കോടികൾ ചെലവഴിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽവച്ച് ഭൂവിതരണത്തിന്റെ ഉദ്ഘാടനമാമാങ്കം നടത്തി. അന്ന് സോണിയ ഗാന്ധി വിതരണംചെയ്ത പട്ടയംപോലും വ്യാജപട്ടയമായിരുന്നു.
സാമൂഹ്യസുരക്ഷയിൽ വിട്ടുവീഴ്‌ചയില്ല
പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി കൈക്കൊണ്ട നടപടികൾ ചരിത്രപരമാണ്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ ക്ഷേമപെൻഷനുകൾ നൽകാതെ കുടിശ്ശിക വരുത്തിയതും ക്ഷേമനിധി ബോർഡുകളെ തകർക്കാൻ ശ്രമിച്ചതും കേരളം മറന്നിട്ടില്ല. ക്ഷേമപെൻഷൻ തുക വർധിപ്പിക്കണമെന്ന കർഷകത്തൊഴിലാളി യൂണിയന്റെ ആവശ്യത്തോട് യുഡിഎഫ് സർക്കാർ പുറംതിരിഞ്ഞ് നിൽക്കുകയായിരുന്നു. എന്നാൽ, എൽഡിഎഫ് സർക്കാർ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റെടുത്ത ദിവസംതന്നെ ക്ഷേമപെൻഷൻ 600 രൂപയിൽനിന്ന് 1000 രൂപയാക്കി വർധിപ്പിച്ചു. ഇപ്പോൾ ക്ഷേമപെൻഷൻ 1400 രൂപയാക്കി വർധിപ്പിക്കുകമാത്രമല്ല, ഓരോ മാസവും വീടുകളിൽ എത്തിക്കാനും സർക്കാർ ഉത്തരവിട്ടു. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 35,83,886 പേരാണ് ക്ഷേമപെൻഷൻ ഉപയോക്താക്കളായി ഉണ്ടായിരുന്നത്. ഇപ്പോൾ 57 ലക്ഷത്തിലധികം പേരാണ് സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നത്.
കുടിശ്ശിക ഇല്ലാതെ പാവപ്പെട്ടവർക്കെല്ലാം ആശ്വാസമേകാൻ സർക്കാരിന് സാധിക്കുന്നു. നാലുവർഷംകൊണ്ട് 22,932.22 കോടി രൂപയാണ് സാമൂഹ്യസുരക്ഷാ പെൻഷനുവേണ്ടി വിനിയോഗിച്ചത്. കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിനെ ശക്തിപ്പെടുത്താൻ ഭൂവുടമാ വിഹിതവും അംശദായവും വർധിപ്പിക്കാൻ ഓർഡിനൻസ് പുറപ്പെടുവിച്ചു. യുഡിഎഫ് സാമ്പത്തികസഹായം നൽകാത്തതിനാൽ ബോർഡിന്റെ അധിവർഷാനുകൂല്യങ്ങൾ കുടിശ്ശികയായി കിടക്കുകയായിരുന്നു. ഈ സർക്കാർ കുടിശ്ശിക തീർക്കാനും ആനുകൂല്യങ്ങൾ വിതരണം ചെയ്യാനും 180 കോടി രൂപ അനുവദിച്ചത് കർഷകത്തൊഴിലാളികളോടുള്ള കരുതലിന്റെ ഭാഗമായാണ്. 30 ലക്ഷം വരുന്ന തൊഴിലുറപ്പുതൊഴിലാളികളെ ക്ഷേമനിധിയുടെ തണലിലേക്ക് കൊണ്ടുവരാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങൾ കോർപറേറ്റ് സേവകൾ നടത്തി പാവപ്പെട്ട ജനങ്ങൾക്ക് ജീവിതം നിഷേധിക്കുമ്പോഴാണ് ജനകീയ ബദലുകളുമായി ഇടത് സർക്കാർ മുന്നേറുന്നത്.
സർക്കാരിന്റെ ഭരണമികവിനെക്കുറിച്ചും വർഗപരമായ താൽപ്പര്യസംരക്ഷണത്തെക്കുറിച്ചും ഇതുമാത്രമല്ല പറയാനുള്ളത്. ഈ കാര്യങ്ങളിൽ ഊന്നിനിന്നത് യുഡിഎഫ് കാലത്ത് കർഷകത്തൊഴിലാളിയൂണിയൻ ഉയർത്തിപ്പിടിച്ച മുദ്രാവാക്യങ്ങൾ ഇടത് സർക്കാർ നടപ്പാക്കിയിരിക്കുന്നു എന്നുള്ളതുകൊണ്ടാണ്. ഈ പ്രവർത്തനങ്ങൾ ഇനിയും മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. കേരളത്തിൽ സാധാരണ കാണാറുള്ളതുപോലെ അഞ്ചുവർഷം കൂടുമ്പോൾ ഭരണം മാറിവരുന്ന സ്ഥിതി ഉണ്ടായാൽ ഇടതുപക്ഷം കൈവരിച്ച മികവുകളെല്ലാം അട്ടിമറിക്കപ്പെടും. അതിനാൽ, എൽഡിഎഫ് സർക്കാരിന്റെ ഭരണത്തുടർച്ച എന്നത് കക്ഷിരാഷ്ട്രീയഭേദമെന്യേ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ആവശ്യമായി മാറണം. അതോടൊപ്പം മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ജനജീവിതം മെച്ചപ്പെടുത്താനായുള്ള സംസ്ഥാനസർക്കാരിന്റെ നടപടിക്രമങ്ങൾക്ക് തടസ്സം നിൽക്കുന്ന നിലപാടുകളുമായി ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികൾ മുന്നോട്ടുവരുന്നുണ്ട്. അത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള തടസ്സപ്പെടുത്തലാണ്. ജനങ്ങളിലേക്ക് വികസനത്തിന്റെയും കരുതലിന്റെയും ഇടതുപക്ഷ ഭരണമികവുകൾ എത്തിപ്പെടാൻ പാടില്ല എന്ന രാഷ്ട്രീയതീരുമാനമാനത്തിന്റെ ഭാഗമാണിത്. ഇവിടങ്ങളിലെ ഭരണസമിതികൾ വലതുപക്ഷത്തിന്റെ കൈയിലാണ്. ഇതിനും മാറ്റമുണ്ടാകണം. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇടതുപക്ഷം വിജയിക്കുകയും എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാവുകയും ചെയ്താൽ ദുർബല ജനവിഭാഗത്തിന് അതേറെ കരുത്താകും.
കേരളത്തിന്റെ കുതിപ്പ് തടയിടാനാണ് രാജ്യത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി നിൽക്കുന്നത്. അവരോടൊപ്പം ചില മതതീവ്രവാദ സംഘടനകളും തീവ്ര ഇടതുപക്ഷക്കാരും കൈകോർക്കുകയാണ്. അസംതൃപ്തരായ ജനങ്ങളുള്ളയിടത്തുമാത്രമേ വലതുപക്ഷത്തിന് വളരാനും മുതലാളിത്തനയങ്ങൾ പ്രയോഗവൽക്കരിക്കാനും സാധിക്കുകയുള്ളൂ. അതിനാലാണ് മുതലാളിത്ത മാധ്യമങ്ങൾ അപ്പാടെ വലതുപക്ഷത്തിന്റെ കുഴലൂത്തുകാരായി നിൽക്കുന്നത്. അത്തരമൊരു പരിതഃസ്ഥിതിയിൽ സർക്കാരിന് കരുത്തുപകർന്നുകൊണ്ട് ദുർബല ജനവിഭാഗമടക്കമുള്ള ബഹുജനങ്ങളുടെ വമ്പിച്ച ഐക്യനിര വളർത്തിക്കൊണ്ടുവരേണ്ടതുണ്ട്. ആ ഐക്യപ്രസ്ഥാനത്തിന്റെ കരുത്തിൽ സർക്കാർ മതനിരപേക്ഷ വികസിത കേരളം യാഥാർഥ്യമാക്കും.
എം വി ഗോവിന്ദൻ
No comments:
Post a Comment