തിരുവനന്തപുരം > ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഉൾപ്പെടാതിരിക്കുകയും മുൻകാല ഭവനപദ്ധതികളിൽ സഹായം ലഭിച്ചെങ്കിലും നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതിരുന്നതുമായ പട്ടികജാതിക്കാരുടെ ഭവനങ്ങൾ വാസയോഗ്യമാക്കുന്നതിന് ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചു.
പൂർത്തീകരണം മുടങ്ങിപ്പോയ വീടുകൾ പൂർത്തീകരിക്കുന്നതായിരുന്നു ലൈഫ് മിഷൻറെ ഒന്നാംഘട്ടം. മുൻ ഭവന പദ്ധതികളിൽ മുഴുവൻ ധനസഹായവും കൈപ്പറ്റാത്ത കുടുംബങ്ങളെയാണ് ലൈഫ് മിഷൻറെ ഒന്നാം ഘട്ടത്തിൽ പരിഗണിച്ചത്. എന്നാൽ, അവസാനഗഡു കൈപ്പറ്റിയിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകാരണം പ്രവൃത്തി പൂർത്തിയാക്കാൻ കഴിയാതെ പോയതും കാലപ്പഴക്കം കൊണ്ട് വാസയോഗ്യമല്ലാതായതുമായ നിരവധി വീടുകൾ ഉണ്ടെന്ന് പട്ടികജാതി വികസന വകുപ്പ് കണ്ടെത്തിയതായി മന്ത്രി എ കെ ബാലൻ അറിയിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ 10000 പട്ടികജാതി കുടുംബങ്ങൾക്ക് അവരുടെ വാസയോഗ്യമല്ലാത്ത വീടുകൾ വാസയോഗ്യമാക്കുന്നതിന് റഫ് കോസ്റ്റ് എസ്റ്റിമേറ്റിൻറെ അടിസ്ഥാനത്തിൽ 1.50 ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്നതാണ് പുതിയ പദ്ധതി. കുറഞ്ഞ തുക ചെലവഴിച്ചാൽ വാസയോഗ്യമാക്കാവുന്ന വീടുകൾക്കാണ് മുൻഗണന. 135 കോടി രൂപയുടെ ഭരണാനുമതിയാണ് ഈ പദ്ധതിക്ക് നൽകിയിട്ടുള്ളത്.
No comments:
Post a Comment