യുപിയില്‍ മേൽജാതിക്കാർ നിഷ്‌ഠുരമായി മര്‍ദിച്ച് കൂട്ടബലാത്സംഗം ചെയ്ത ദളിത് പെൺകുട്ടി (19) ജീവന്‍ നിലനിര്‍ത്താനുള്ള രണ്ടാഴ്ചത്തെ പോരാട്ടത്തിനൊടുവില്‍ മരണത്തിന് കീഴടങ്ങി. നട്ടെല്ലിനും സുഷുമ്‌നയ്ക്കും ക്ഷതമേറ്റ് കൈകാലുകൾ പൂർണമായും തളർന്ന്, നാവ് രണ്ടായി മുറിഞ്ഞ്, ശ്വസിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചൊവ്വാഴ്‌ച രാവിലെയായിരുന്നു അന്ത്യം.
ഹാഥ്‌രസ് ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ കഴിഞ്ഞ 14നാണ് പുല്ലുവെട്ടാൻ പോയ പെണ്‍കുട്ടിയെ നാലുപേര്‍ കൊല്ലാക്കൊല ചെയ്തത്. ക്രൂര പീഡനത്തിന് ഇരയാക്കിയശേഷം തുണി കഴുത്തില്‍ മുറുക്കി. നാവ് മുറിഞ്ഞ് ചോരയിൽക്കുളിച്ച് കിടന്ന പെണ്‍കുട്ടിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്‌ച നില വഷളായതോടെ ഡല്‍ഹിയിലേക്ക് മാറ്റി.
കേസുമായി ബന്ധപ്പെട്ട് ഗ്രാമവാസികളായ സന്ദീപ്, രാമു, രവി, ലവ്‌കുശ് എന്നിവരെ അറസ്‌റ്റ് ചെയ്‌തു. ഗ്രാമത്തിലെ ഭൂരിപക്ഷ സവർണ വിഭാഗമായ താക്കൂർ ജാതിയിൽപ്പെട്ടവരാണ് പ്രതികൾ. അറസ്റ്റിലായ സന്ദീപ് സ്ഥിരമായി ദളിതരെ അവഹേളിക്കാറുണ്ട്. പെണ്‍കുട്ടിയുടെ മുത്തച്ഛനെ മര്‍ദിച്ചതിന് സന്ദീപിന്റെ മുത്തച്ഛന്‍ രണ്ട് പതിറ്റാണ്ടുമുമ്പ് ജയിലില്‍ കിടന്നിട്ടുണ്ട്.
നിഷ്‌പക്ഷ അന്വേഷണം നടക്കുമെന്ന പ്രതീക്ഷ ഇല്ലെന്ന് പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും ദേശീയമാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ നാവ് അക്രമികൾ മുറിച്ചതല്ലെന്നും ശ്വാസം മുട്ടിച്ചപ്പോൾ സ്വയം കടിച്ചുമുറിച്ചതാകാമെന്നും ജില്ലാ മജിസ്‌ട്രേട്ട് പ്രവീൺ ലഷ്‌കർ പറഞ്ഞു. 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യോഗി ആദിത്യനാഥ് സർക്കാരിനു കീഴിൽ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നേരിടേണ്ടിവരുന്ന കൊടിയ അതിക്രമങ്ങളുടെ തുടർച്ചയാണ് ഇതും.
No comments:
Post a Comment