കോവിഡ് പ്രതിരോധത്തിനെന്ന പേരിൽ മോഡി സർക്കാർ പ്രത്യേകമായി രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് രാജ്യത്തെ പൊതുമേഖല ധനകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് സമാഹരിച്ചത് 204.75 കോടി രൂപ. ആർബിഐ, എസ്‌ബിഐ, എൽഐസി തുടങ്ങി ഒരുഡസൻ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നാണ് ഈ തുക ലഭിച്ചത്.
എൽഐസി അടക്കം വിവിധ സ്ഥാപനങ്ങളുടെ കോർപറേറ്റ് സാമൂഹ്യ പ്രതിബദ്ധത (സിഎസ്‌ആർ) ഫണ്ടിൽനിന്ന് 144.5 കോടി രൂപയും ലഭിച്ചു. സന്നദ്ധ സംഭാവന എന്ന പേരിലാണ് പണം സമാഹരിച്ചത്. തയ്യാറല്ലാത്തവർ വിസമ്മതം രേഖാമൂലം എഴുതി നൽകണമെന്ന് സർക്കാർ നിഷ്‌കർഷിച്ചിരുന്നു. ദി ഇന്ത്യൻ എക്‌സ്‌പ്രസിന് വിവരാവകാശ നിയമപ്രകാരം 15 സ്ഥാപനം നൽകിയ മറുപടിയനുസരിച്ച് 349.25 കോടി രൂപ പിഎം കെയേഴ്‌സിൽ എത്തി.
വിവിധ രീതിയിൽ 113.63 കോടിരൂപ സംഭാവന ചെയ്‌ത എൽഐസിയാണ് ഈ പട്ടികയിൽ ഒന്നാമത്. ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് 8.63 കോടി രൂപയും കോർപറേറ്റ് സംഭാവന എന്ന നിലയിൽ 100 കോടിയും നൽകി. എൽഐസിയുടെ ഗോൾഡൻ ജൂബിലി ഫൗണ്ടേഷന്റെ വിഹിതമായി അഞ്ച് കോടിയും നൽകി. 107.95 കോടി രൂപ എസ്‌ബിഐ ജീവനക്കാരുടെയും 7.34 കോടി രൂപ ആർബിഐ ജീവനക്കാരുടെയും ശമ്പളത്തിൽനിന്ന് പിടിച്ചു. പിഎം കെയേഴ്‌സ് ഫണ്ട് സിഎജി ഓഡിറ്റിനുപോലും വിധേയമല്ല.
No comments:
Post a Comment