Saturday, January 15, 2011

ഫ്രാന്‍സിലെ മേരി, നമ്മുടെ മന്‍മോഹന്‍

ക്ഷാമകാലത്ത് വിശന്ന് റൊട്ടിക്കായി കലമ്പിയ പ്രജകളോട് 'നിങ്ങള്‍ക്കെന്താ കേക്ക് തിന്നൂടേ' എന്ന് ചോദിച്ചത് മേരി അന്റോയ്നെറ്റാണ്. ഫ്രാന്‍സിലെ രാജ്ഞിയും ആസ്ട്രിയയിലെ ആര്‍ച്ച് ഡച്ചസുമായിരുന്ന മേരി അന്റോയ്നെറ്റ്. ലൂയിസ് രാജാവിന്റെ മരണശേഷം 1774ല്‍ ഇവര്‍ റാണിയായത് പതിനാലാംവയസ്സില്‍. കലാപോത്സുകരായ ഒരു ജനതയോട് തരുണിയായ രാജ്ഞി കാട്ടിയ ഈ ധിക്കാരം ചരിത്രത്തില്‍ പല സന്ദര്‍ഭങ്ങളിലും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. പക്വതയില്ലാത്തവളും ആഡംബരപ്രിയയും പൊങ്ങച്ചക്കാരിയുമായ ഒരു രാജ്ഞിയില്‍ നിന്നായിട്ടുപോലും ഇങ്ങനെയൊരു പ്രതികരണം ഫ്രഞ്ച് ജനത സഹിച്ചില്ല.

ജനാധിപത്യസംവിധാനം നൂറ്റാണ്ടുകളുടെ പക്വതപ്രാപിച്ച ഈ ഘട്ടത്തില്‍ ഇതിനു സമാനമായൊരു പ്രതികരണം ഇന്ത്യയിലുണ്ടായിരിക്കുന്നു. അതും ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് ഊറ്റം കൊള്ളുന്ന ഇന്ത്യയില്‍. പ്രധാനമന്ത്രി കാര്യാലയത്തില്‍നിന്ന് കഴിഞ്ഞ ദിവസം മാധ്യമദ്വാരാ ജനങ്ങള്‍ക്ക് നല്‍കിയ വിലക്കയറ്റം നേരിടാനുള്ള പൊടിക്കൈകളടങ്ങിയ ഒരു ചാര്‍ത്തിലാണ് മേരി റാണിയുടെ പ്രതികരണത്തിന് സമാനമായ പരാമര്‍ശമുള്ളത്. വിലക്കയറ്റം തടയുന്നതിന് വിലകുറഞ്ഞ ഭക്ഷണംമാത്രം കഴിക്കണമെന്നാണ് പത്രക്കുറിപ്പിലെ നിര്‍ദേശങ്ങളിലൊന്ന്. വിശക്കുന്നവരോട് കേക്ക് കഴിക്കാന്‍ നിര്‍ദേശിച്ച മേരിയുടെ ധിക്കാരത്തേക്കാള്‍ ഒട്ടും കുറവല്ല 250 വര്‍ഷത്തിനുശേഷമുള്ള മന്‍മോഹന്‍സിങ്ങിന്റെ ധാര്‍ഷ്ട്യം. പ്രതിദിനം 20 രൂപ പോലും വരുമാനമില്ലാതെ ദാരിദ്ര്യവുമായി ഏറ്റുമുട്ടാന്‍പോലും പാങ്ങില്ലാത്ത കോടിക്കണക്കിന് ഇന്ത്യക്കാരോടാണ് വിലകുറഞ്ഞ ഭക്ഷണം കഴിക്കണമെന്ന് നിര്‍ദേശിക്കുന്ന ഈ ധിക്കാരം. പോഷകാഹാരക്കുറവ് എന്ന ഓമനപ്പേരില്‍ ഇന്ന് അറിയപ്പെടുന്ന കൊടുംദാരിദ്ര്യത്തിന്റെ ഇരകളാണ് ഇന്ത്യയിലെ പകുതിയോളം കുട്ടികളുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ നിര്‍ദേശം.

ലോകത്ത് പോഷകാഹാരക്കുറവുള്ള കുട്ടികളുടെ കാര്യത്തില്‍ ഇന്ത്യ രണ്ടാംസ്ഥാനത്താണെന്ന് കണ്ടെത്തിയത് ലോകബാങ്കാണ്. ഇന്ത്യയിലെ ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണം ഉല്‍പ്പാദനക്ഷമതയും സാമ്പത്തികാവസ്ഥയും കുറഞ്ഞ സബ്സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. 21 ലക്ഷം ഇന്ത്യന്‍ ശിശുക്കള്‍ അഞ്ചുവയസ്സെത്തുംമുമ്പേ മരിച്ചുവീഴുന്നത് ദാരിദ്ര്യവും രോഗവും കൊണ്ടാണ്. ഓരോ നാലുമിനിറ്റിലും നാല് കുട്ടികള്‍ മരിക്കുന്നു. അതായത് പ്രതിദിനം മരിക്കുന്നത് ആയിരം കുട്ടികള്‍. ഇത് മരണമല്ല, കൂട്ടക്കൊലയാണ്. സ്റേറ്റിന് സമ്പൂര്‍ണ ഉത്തരവാദിത്തമുള്ള കൂട്ടശിശുഹത്യ. ഇങ്ങനെ നരകിക്കുന്ന ഒരു ജനതയോടാണ് വിലകുറഞ്ഞ ഭക്ഷണമേ കഴിക്കാവൂ എന്ന തീട്ടൂരം. ഇത് തീര്‍ച്ചയായും ഒരു പരിഷ്കൃതഭരണകൂടത്തിന് ഭൂഷണമല്ല. ചരിത്രത്തിന്റെ ചവറ്റുകൂനയിലേക്ക് വലിച്ചെറിയപ്പെട്ട ഫ്രാന്‍സിലെ മേരി അന്റോയ്നെറ്റിന്റെ ഗതിതന്നെയാണ് മന്‍മോഹനെയും കാത്തിരിക്കുന്നത്.

ഒരു പ്രതിസന്ധി നേരിടുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് പകരം പുരകത്തുമ്പോള്‍ വാഴവെട്ടുന്ന കുത്സിത ബുദ്ധി കാണിക്കുന്ന ഭരണകൂടമാണ് നമുക്കുള്ളത്. രണ്ടാഴ്ചയായി സവാളവില നൂറുരൂപയോളമായി തുടരുമ്പോഴും യോഗപരമ്പരകള്‍ സംഘടിപ്പിക്കുകയല്ലാതെ കാര്യക്ഷമമായ ഒരു പരിഹാരത്തിനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അവശ്യവസ്തുക്കളുടെ വിലവര്‍ധനയ്ക്ക് കാരണമായ അവധിവ്യാപാരം നിര്‍ത്തലാക്കാനോ സര്‍ക്കാര്‍ ഗോഡൌണുകളില്‍ കെട്ടിക്കിടക്കുന്ന ധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനോ ഒരു നടപടിയുമെടുക്കാന്‍ മന്ത്രിതല സമിതി യോഗങ്ങള്‍ തീരുമാനിച്ചിട്ടില്ല. അവധിവ്യാപാരം അനുവദിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം അവധിവ്യാപാരത്തില്‍ 57 ശതമാനം വര്‍ധനയുണ്ടായി. മൊത്തം 78 ലക്ഷം കോടിയുടെ അവധിവ്യാപാരമാണ് നടന്നത്. അവശ്യവസ്തുക്കളുടെ അവധിവ്യാപാരമാകട്ടെ ഒമ്പതു ലക്ഷം കോടിയും. പച്ചക്കറിവിലയ്ക്ക് മുന്‍വര്‍ഷത്തേക്കാള്‍ 70.73 ശതമാനം വിലവര്‍ധനയാണുണ്ടായത്. റേഷന്‍ ശൃംഖലയെ കാര്യക്ഷമമാക്കാനുള്ള ഒരു നടപടിയും ഇതുവരെയായിട്ടില്ല. ഈ പ്രതിസന്ധി മറയാക്കി ചെറുകിട വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം വ്യാപകമാക്കാനുള്ള ശ്രമവും നടക്കുകയാണ്. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ കേന്ദ്രങ്ങള്‍ വഴി കിലോയ്ക്ക് 35 രൂപ തോതില്‍ സവാള വില്‍ക്കുമെന്ന നിര്‍ദേശം വിലകുറയ്ക്കാന്‍ പര്യാപ്തമാവില്ല. ഈ രണ്ട് ഏജന്‍സികളുടെയും വില്‍പ്പനകേന്ദ്രങ്ങള്‍ തീര്‍ത്തും കുറവാണെന്നതുതന്നെ പ്രധാന കാരണം. പച്ചക്കറിയുടെയും പഴങ്ങളുടെയും വില കൂടുന്നതിന്റെ കാരണം കോള്‍ഡ് സ്റോറേജ് സൌകര്യങ്ങളുടെ അപര്യാപ്തതയാണെന്ന കണ്ടെത്തലും ഈ മേഖലയില്‍ വിദേശശക്തികളുടെ വരവ് ശക്തമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.

വിലക്കയറ്റം സൃഷ്ടിച്ച പ്രതിസന്ധി യുപിഎയുടെ രാഷ്ട്രീയ പ്രതിസന്ധിയായി മാറുകയാണ്. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട രണ്ടാം യുപിഎ സര്‍ക്കാരില്‍ തീയും പുകയും ഉയരുന്നുണ്ട്. വിലക്കയറ്റത്തിനും അഴിമതിക്കും കാരണം കൂട്ടുകക്ഷി ഭരണമാണെന്ന രാഹുല്‍ ഗാന്ധിയുടെ കണ്ടുപിടിത്തത്തിന് മുഖമടച്ചുള്ള മറുപടിയാണ് എന്‍സിപി വക്താവ് നല്‍കിയത്. അമ്മയുടെ നാടായ ഇറ്റലിയില്‍ കൂട്ടുകക്ഷി ഭരണം വിജയകരമായി മുന്നേറുകയാണെന്നും മുത്തശ്ശിയുടെ ഭരണകാലത്താണ് ഏറ്റവുമധികം വിലക്കയറ്റമുണ്ടായതെന്നും പറഞ്ഞ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ചരിത്രബോധത്തെയും രാഷ്ട്രീയജ്ഞാനത്തെയും പരിഹസിച്ച മൂര്‍ച്ചയുള്ള വാക്കുകള്‍ക്ക് ഇതുവരെ കോണ്‍ഗ്രസ് മറുപടി പറഞ്ഞിട്ടില്ല. ശരദ്പവാര്‍ എന്ന കൃഷിമന്ത്രി മാത്രമല്ല, മറ്റു മന്ത്രാലയങ്ങളും ചേര്‍ന്നാണ് വിലക്കയറ്റം നിയന്ത്രിക്കേണ്ടത് എന്നാണ് ത്രിപാഠി കോണ്‍ഗ്രസിനെ ഓര്‍മപ്പെടുത്തിയത്. യുപിഎ കൂടുതല്‍ ഉലയാന്‍ പോകുന്ന നാളുകളാണ് വരാന്‍ പോകുന്നത്.

ഈ സാഹചര്യത്തില്‍ വില നിയന്ത്രിക്കുന്നതില്‍ കേരളം അനുവര്‍ത്തിക്കുന്ന മാതൃക എന്തുകൊണ്ടും അഭിനന്ദനീയമാണ്. പൊതുവിപണിയില്‍ ഇടപെട്ടുകൊണ്ട് പൊതുവിതരണവകുപ്പും സഹകരണവകുപ്പും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളീയരെ വിലക്കയറ്റത്തിന്റെ ആഘാതത്തില്‍നിന്ന് ഒട്ടൊക്കെ സംരക്ഷിച്ചു നിര്‍ത്തുന്നുണ്ട്. വന്‍കിട കച്ചവടക്കാര്‍ ഉപയോക്താക്കളെ കൊള്ളയടിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാനും നിത്യോപയോഗ സാധനങ്ങള്‍ക്ക് ന്യായവില നിശ്ചയിക്കാനും ലക്ഷ്യംവച്ചുള്ളതാണ്.

ദേശാഭിമാനി മുഖപ്രസംഗം 150111

2 comments:

  1. ക്ഷാമകാലത്ത് വിശന്ന് റൊട്ടിക്കായി കലമ്പിയ പ്രജകളോട് 'നിങ്ങള്‍ക്കെന്താ കേക്ക് തിന്നൂടേ' എന്ന് ചോദിച്ചത് മേരി അന്റോയ്നെറ്റാണ്. ഫ്രാന്‍സിലെ രാജ്ഞിയും ആസ്ട്രിയയിലെ ആര്‍ച്ച് ഡച്ചസുമായിരുന്ന മേരി അന്റോയ്നെറ്റ്. ലൂയിസ് രാജാവിന്റെ മരണശേഷം 1774ല്‍ ഇവര്‍ റാണിയായത് പതിനാലാംവയസ്സില്‍. കലാപോത്സുകരായ ഒരു ജനതയോട് തരുണിയായ രാജ്ഞി കാട്ടിയ ഈ ധിക്കാരം ചരിത്രത്തില്‍ പല സന്ദര്‍ഭങ്ങളിലും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. പക്വതയില്ലാത്തവളും ആഡംബരപ്രിയയും പൊങ്ങച്ചക്കാരിയുമായ ഒരു രാജ്ഞിയില്‍ നിന്നായിട്ടുപോലും ഇങ്ങനെയൊരു പ്രതികരണം ഫ്രഞ്ച് ജനത സഹിച്ചില്ല.

    ജനാധിപത്യസംവിധാനം നൂറ്റാണ്ടുകളുടെ പക്വതപ്രാപിച്ച ഈ ഘട്ടത്തില്‍ ഇതിനു സമാനമായൊരു പ്രതികരണം ഇന്ത്യയിലുണ്ടായിരിക്കുന്നു. അതും ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് ഊറ്റം കൊള്ളുന്ന ഇന്ത്യയില്‍. പ്രധാനമന്ത്രി കാര്യാലയത്തില്‍നിന്ന് കഴിഞ്ഞ ദിവസം മാധ്യമദ്വാരാ ജനങ്ങള്‍ക്ക് നല്‍കിയ വിലക്കയറ്റം നേരിടാനുള്ള പൊടിക്കൈകളടങ്ങിയ ഒരു ചാര്‍ത്തിലാണ് മേരി റാണിയുടെ പ്രതികരണത്തിന് സമാനമായ പരാമര്‍ശമുള്ളത്.

    ReplyDelete
  2. കുറച്ച് കോഴിക്കറിയോ /കോഴിമുട്ടയോ ആയിക്കോട്ടേന്ന്

    ReplyDelete