സർഗാത്മക പോരാട്ടങ്ങളുടെ സൂര്യതേജസിന് അമ്പതാണ്ട്. നക്ഷത്രാങ്കിത ശുഭ്രപതാകയ്‌ക്കുകീഴിൽ ഇന്ത്യയിലെ വിദ്യാർഥിസമൂഹത്തെ നിവർന്നുനിന്ന് പോരാടാൻ പഠിപ്പിച്ച എസ്‌എഫ്‌ഐയുടെ രൂപീകരണത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കം.
ഇന്ത്യയിലെ പൊരുതുന്ന വിദ്യാർഥിപ്രസ്ഥാനം പിറവിയെടുത്ത തിരുവനന്തപുരത്തിന്റെ മണ്ണിൽ, നിലയ്‌ക്കാത്ത പോരാട്ടങ്ങളുടെ പാതയിൽ വീണുപോയവരുടെ ധീരസ്‌മരണകൾ ജ്വലിച്ചുനിന്ന അന്തരീക്ഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സുവർണജൂബിലി ആഘോഷം ഉദ്‌ഘാടനംചെയ്‌തു.
എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, പ്രസിഡന്റ് വി പി സാനു, ദേശീയ സംസ്ഥാന തലങ്ങളിൽ ആദ്യകാല ഭാരവാഹികളായിരുന്ന എം എ ബേബി, എ വിജയരാഘവൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, എം ബി രാജേഷ്, എ എ റഹീം, എസ്‌എസ്‌ഫ്‌ഐ സംസ്ഥാനകമ്മിറ്റിയംഗവും തിരുവനന്തപുരം കോർപറേഷൻ മേയറുമായ ആര്യ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
എസ്‌എഫ്‌ഐയുടെ അമ്പതുവർഷത്തെ ചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്‌തു. സൈമൺ ബ്രിട്ടോയെക്കുറിച്ച് എൻ നൗഫൽ സമാഹരിച്ച് ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ‘സൈമൺ ബ്രിട്ടോ പോരാളികളുടെ പോരാളി’ എന്ന പുസ്‌തകം മേയർ ആര്യ രാജേന്ദ്രന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു.
എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടറി റിയാസ് സമ്മാനിച്ചു. സുവർണജൂബിലി ആഘോഷങ്ങളുടെ ലോഗോ രൂപകൽപ്പന ചെയ്‌ത രാജേഷിന് എം എ ബേബി ഉപഹാരം നൽകി. എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരണമായ ഇന്ത്യൻ റിസർച്ചറിന്റെ വെബ്‌സൈറ്റ് പി കെ ശ്രീമതി പ്രകാശനം ചെയ്‌തു.
ഉദ്‌ഘാടന സമ്മേളനത്തിന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് സ്വാഗതവും സെക്രട്ടറിയറ്റംഗം റിയാസ് വഹാബ് നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
No comments:
Post a Comment