‘പാലേരി മാണിക്യം - പി.കെ പോക്കര്‍ പറഞ്ഞതെന്തായിരുന്നു?’ എന്ന പോസ്റ്റ് വായിച്ചതിനു ശേഷം ഇത് വായിക്കുക.
ആ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനു മറുപടിയായി ശ്രീ ടി.പി.രാജീവന്‍ 2010 ഫെബ്രുവരി7ലെ മാതൃഭൂമിവാരികയില്‍ ഒരു മറുപടി എഴുതിയിരുന്നു. അതിനു ശ്രീ പോക്കര്‍ അന്ന് എഴുതിയ മറുപടി താഴെ പ്രസിദ്ധീകരിക്കുന്നു.
ജനാധിപത്യത്തെ ഭയക്കുന്നവരെ സൂക്ഷിക്കുക
ജനാധിപത്യമെന്നാല്‍ ജനങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള രാഷ്ട്രീയ സംവിധാനമാണ്. ജനങ്ങളില്‍ കലാസാഹിത്യരചയിതാക്കളും, സാമൂഹിക സാംസ്കാരിക വിമര്‍ശകരും, രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുമെന്ന് പ്രത്യേകം പറയേണ്ടതുമില്ല. എന്നാല്‍ ലോകത്തെവിടെയുമെന്നപോലെ മൂലധന ശക്തികളും അവരുടെ പിന്തുണക്കാരായ പ്രത്യയശാസ്ത്രകാരന്മാരും ജനാധിപത്യത്തെ മൂലധനതാല്‍പ്പര്യസംരക്ഷണമായി വെട്ടിച്ചുരുക്കുകയാണ്. അതിനെതിരായി ശബ്ദിക്കുന്നവരെ മ്ളേഛന്മാരോ, കുറുക്കന്മാരോ ആക്കി എറിഞ്ഞ് കൊല്ലാമെന്നാണ് എപ്പോഴും അവര്‍ അഹങ്കരിക്കുന്നത്! കലാസാഹിത്യാവിഷ്കാരത്തിന് മാത്രമല്ല എല്ലാവിധത്തിലുള്ള ആവിഷ്കാരങ്ങള്‍ക്കും സ്വാതന്ത്യ്രം വേണമെന്നാണ് ജനാധിപത്യവാദികള്‍ പറയുന്നത്.
അടുത്ത കാലത്ത് സക്കറിയ പയ്യന്നൂരില്‍ നടത്തിയ പ്രഭാഷണവുമായി ബന്ധപ്പെട്ട് ടി പി രാജീവന്‍ എഴുതിയ ലേഖനം (മാതൃഭൂമിവാരിക, ലക്കം 48 ഫെബ്രുവരി7) വായിച്ചപ്പോള്‍ കമ്യൂണിസ്റുകാര്‍ ഒന്നടങ്കം ആവിഷ്കാരസ്വാതന്ത്യ്രത്തിനെതിരായി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ചെയ്യുകയാണെന്ന് തോന്നിപ്പോയി! (ലേഖനത്തിനകത്ത് കൊടുത്ത ഫോട്ടോ ചുവപ്പ് വളന്റിയര്‍മാരുടെ ഗാഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്ന പ്രകാശ് കാരാട്ടിന്റേത്. ലേഖനത്തിന്റെ ശീര്‍ഷകമാണെങ്കില്‍ 'പകല്‍ കൊലപാതകം ഭയന്ന്!') എം എഫ് ഹുസൈന്‍ചിത്രം വരച്ചതിന്റെയോ, ദീപാമേത്ത സിനിമ നിര്‍മിച്ചതിന്റെയോ, സഫ്ദര്‍ഹാഷ്മി നാടകം കളിച്ചതിന്റെയോ പേരില്‍ ആക്രമിക്കപ്പെട്ടതുപോലെ കഥയോ കവിതയോ എഴുതിയതിന് ഇന്ത്യയില്‍ കമ്യൂണിസ്റുകാര്‍ ആരെയെങ്കിലും ആക്രമിച്ചതായി കേട്ടുകേള്‍വിപോലുമില്ല. മറിച്ച് ഞാനെഴുതിയ ലേഖനത്തില്‍ (ദേശാഭിമാനി വാരിക ലക്കം 35 ജനുവരി 24) "വികാര വിക്ഷോഭം കൊണ്ടോ കയ്യാങ്കളി കൊണ്ടോ നേരിടേണ്ടതല്ല'' സക്കറിയ ഉന്നയിച്ച പ്രശ്നമെന്നാണ് തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയത്.
എന്റെ ലേഖനത്തില്‍ സക്കറിയ മുന്‍കാലങ്ങളില്‍ കമ്യൂണിസ്റുകാര്‍ ഉത്തമജീവിതം നയിച്ചവരാണെന്ന് വാദിക്കാറുണ്ടായിരുന്നതുപോലും ഇപ്പോള്‍ അവസാനിപ്പിച്ചത് ടി പി രാജീവന്റെ നോവല്‍ വായിച്ചതുകൊണ്ടാണോ എന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജീവന്റെ നോവല്‍ 1957 ല്‍ തന്നെ കമ്യൂണിസ്റുകാര്‍ പാതിരാകൊലപാതകികള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും കാവല്‍നില്‍ക്കുന്നവരാണെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും ഞാന്‍ വിശദീകരിച്ചിരുന്നില്ല. ഒരു പ്രദേശത്തെ കമ്യൂണിസ്റുപാര്‍ടിയെ മാത്രം കേന്ദ്രീകരിച്ച് രചിക്കപ്പെട്ട കൃതിയായതിനാല്‍ ആ പ്രദേശത്തുനിന്നാണ് അതിന്റെ വ്യാഖ്യാനം അഥവാ പ്രതികരണം ഉണ്ടാവേണ്ടതെന്ന് ആനുഷംഗികമായി സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്.എന്നാല്‍ വെറുമൊരു പരാമര്‍ശത്തില്‍ പിടിച്ചുതൂങ്ങി വിമര്‍ശകരെ ഒന്നടങ്കം 'ക്വട്ടേഷന്‍ സംഘമായി' മുദ്രകുത്തി ശരിപ്പെടുത്താമെന്ന വ്യാമോഹവുമായാണ് രാജീവന്‍ ഇപ്പോള്‍ പുറപ്പെട്ടിരിക്കുന്നത്. മുഖ്യധാരയുടെ ചീറ്റലുകളില്‍ ഒലിച്ചുപോവുകയാണെങ്കില്‍ എന്നേ കേരളത്തിലെ ഇടതുപക്ഷം നിലംപരിശാകേണ്ടതായിരുന്നു!
ടി പി രാജീവന്‍ വിമോചന സമരകാലത്തെ പുനരുജ്ജീവിപ്പിക്കുംവിധത്തില്‍ ഭീതിയുടെയും ഭീഷണിയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നത് കമ്പോളശ്രദ്ധ കേന്ദ്രീകരിച്ച് മാത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. മറിച്ച് ലോകവ്യാപകമായി പ്രതിരോധങ്ങളെയും പ്രതിഷേധങ്ങളെയും വിമര്‍ശനങ്ങളെയും നിര്‍വീര്യമാക്കാന്‍ ഉപയോഗിക്കുന്ന തന്ത്രംതന്നെയാണ് രാജീവനും പ്രയോഗിക്കുന്നത്. ശശിതരൂരിനെ കണ്ട് പേടിച്ചില്ലെങ്കില്‍ സാക്ഷാല്‍ ബില്‍ക്ളിന്റനെ ഇറക്കി നേരിടുമെന്ന അഹങ്കാരത്തിന് പിന്നില്‍ കേരളത്തിലെ വലതുപക്ഷത്തിന്റെപോലും പൂര്‍ണപിന്തുണയുണ്ടാവുമെന്ന് കരുതേണ്ടതില്ല. മറിച്ച് ഏത് സാഹിത്യകൃതിയും വായിക്കാനും വിമര്‍ശിക്കാനും ആര്‍ക്കും ഇന്ത്യാരാജ്യത്ത് സ്വാതന്ത്യ്രമുണ്ടെന്നും പഴയ രാജവാഴ്ചയുടെയും സവര്‍ണാധിപത്യത്തിന്റെയും കാലം ചുരുങ്ങിയത് കേരളത്തിലെങ്കിലും അവസാനിച്ചിരിക്കയാണെന്നും തിരിച്ചറിയാത്തവര്‍ക്ക് പേടി തന്നെ കവചം!
ബില്‍ക്ളിന്റനെ ഇംപീച്ച് ചെയ്യാത്തതിലാണ് രാജീവന്റെ വലിയ ഖിന്നത! ഉദാര ലൈംഗിക ജീവിതത്തിന്റെ അഥവാ ലൈംഗിക ജീവിതത്തിന്റെ അനിയന്ത്രിതാവസ്ഥ ഇവിടെ മാത്രമല്ല അമേരിക്കയിലും വിവാദമാണെന്ന് പറയുമ്പോഴാണ് ഞാന്‍ ക്ളിന്റന്‍ ഇംപീച്ച് ചെയ്യപ്പെട്ടത് പരാമര്‍ശിച്ചത്. ഇതിന്റെ പേരില്‍ എന്റെ വീട് വില്‍ക്കുകയല്ലാതെ കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് വില്‍ക്കേണ്ട കാര്യമെന്താണെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല! 1998 ഡിസംബര്‍ 19-ന് ബില്‍ക്ളിന്റനെന്ന അമേരിക്കന്‍ പ്രസിഡന്റിനെ അമേരിക്കയുടെ ഹൌസ് ഓഫ് റപ്രസന്റേറ്റീവ്സ് ഇംപീച്ച് ചെയ്തത് ലോകം മുഴുവന്‍ വാര്‍ത്തയായതും ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. ഡിസംബര്‍ 19-ന് ഇംപീച്ച് ചെയ്യപ്പെട്ട ക്ളിന്റണ്‍ ഫെബ്രുവരി 12-ന് വിചാരണക്കുശേഷം സാങ്കേതികമായി ശിക്ഷ നല്‍കാനാവശ്യമായ ഭൂരിപക്ഷം സെനറ്റില്‍ ലഭിക്കാത്തതിനാല്‍ രക്ഷപ്പെടുക മാത്രമാണ് ചെയ്തത്. വാഷിങ്ടണ്‍ ടൈംസ് മുതല്‍ ലോകത്തിലെ മിക്ക മാധ്യമങ്ങളും ഡിസംബര്‍ 20-ന് (1998) ക്ളിന്റണ്‍ ഇംപീച്ച് ചെയ്യപ്പെട്ടു എന്ന് വാര്‍ത്ത നല്‍കിയ വിവരം പരിശോധിച്ചുനോക്കാന്‍ മാതൃഭൂമി വാരികയുടെ പത്രാധിപര്‍ക്കുപോലും കഴിയാതെ പോവുന്നതെന്തുകൊണ്ടാണ്. പഴയകാലത്തെ വാര്‍ത്തകള്‍ എല്ലാവര്‍ക്കും എപ്പോഴും ഓര്‍ത്ത് വെക്കാന്‍ സാധിക്കണമെന്നില്ല. എന്നാല്‍ എന്റെ ലേഖനം പ്രസിദ്ധീകരിച്ച ദേശാഭിമാനിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോഴെങ്കിലും ക്ളിന്റണ്‍ കേസു കൊടുക്കുകയാണെങ്കില്‍ വാഷിങ്ടണ്‍ പോസ്റ് മുതല്‍ ലോകത്തിലെ മിക്കവാറും എല്ലാ പത്രങ്ങളും ആദ്യം പ്രതിയാക്കപ്പെടുമെന്ന നഗ്നസത്യമെങ്കിലും ഒന്ന് പരിശോധിക്കാതെയാണ് മുഖ്യധാരയുടെ പൌരാവകാശ സംരക്ഷണം നടക്കുന്നത്! അമേരിക്കയില്‍ ഇംപീച്ച് ചെയ്യപ്പെട്ട രണ്ടാമത്തെ പ്രസിഡന്റും ഫെഡറല്‍ അധികാരികളില്‍ (Federal Officials) പതിനേഴാമത്തെ വ്യക്തിയുമായി ക്ളിന്റനെ വിക്കിപീഡിയ ഉള്‍പ്പെടെയുള്ള വെബ്സൈറ്റുകളില്‍ അടയാളപ്പെടുത്തിയതൊന്നും പരിശോധിക്കാന്‍ എന്നെ ഭീഷണിപ്പെടുത്തേണ്ട തിരക്കില്‍ രാജീവനും സംഘത്തിനും സമയം കിട്ടിക്കാണില്ല! ഏതായാലും കമ്യൂണിസ്റുകാരെ വേട്ടയാടാന്‍ ശശിതരൂരുള്ളപ്പോള്‍ എന്തിന് ലോകത്തോട് ക്ഷമാപണം നടത്തിയ (profoundly sorry എന്നാണ് വെറുതെവിട്ട ശേഷം ക്ളിന്റണ്‍ ലോകത്തോട് പറഞ്ഞത്) ആ പാവത്തെ വിളിച്ചുവരുത്തുന്നത്! പച്ച കള്ളങ്ങള്‍ക്ക് ഇടം കിട്ടുന്ന ഇതുപോലുള്ള കെട്ടകാലത്ത് ഇതും ഇതിലപ്പുറവും എഴുതി വിടാന്‍ വലതുപക്ഷത്തിന് ലജ്ജ തോന്നില്ലല്ലോ?
പാലേരി മാണിക്യം ഒരു സിനിമയെന്ന നിലയില്‍ നേടിയ ജനസ്വാധീനം പോലും ഈ നോവല്‍ നേടുകയുണ്ടായില്ല. ഒരു സിനിമയ്ക്ക് വേണ്ട കാഴ്ചയുടെ സുഖവും പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന നായക-പ്രതിനായക സാന്നിധ്യവും സിനിമയെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായകമായിത്തീര്‍ന്നിട്ടുണ്ട്. മമ്മൂട്ടിയുടെ അഭിനയത്തെ മാറ്റി നിര്‍ത്തിയാല്‍ ഈ സിനിമ വട്ട പൂജ്യമായിത്തീരുമെന്ന് ഏത് സാധാരണ കാഴ്ചക്കാരനും തിരിച്ചറിയാന്‍ കഴിയും.
ക്രിസ്മസ് അവധി ദിവസമാണ് ഞാന്‍ സിനിമ കണ്ടത്. എന്റെ പിന്നിലിരുന്ന രണ്ടു യുവാക്കളുടെ സംഭാഷണം ഇങ്ങനെയായിരുന്നു, "ഇയാള്‍ മാപ്പിളമാരെയും കമ്യൂണിസ്റുകാരെയും മാത്രമല്ല തിയ്യരെയും കളിയാക്കുന്നണ്ടല്ലോ?'' ഏതായാലും സിനിമാ സംവിധായകന്‍ നോവല്‍ രചയിതാവിനേക്കാള്‍ മാന്യനാണെന്ന് നോവല്‍ വായിച്ച ഏത് വ്യക്തിക്കും എളുപ്പം തിരിച്ചറിയാന്‍ കഴിയും. ഒരു സിനിമയില്‍ വേണമെങ്കില്‍ ഉപയോഗിക്കാന്‍ കഴിയുന്ന, ജുഗുപ്സാവഹമെങ്കിലും കാഴ്ചയുടെ ഇക്കിളികള്‍ക്ക് സാധ്യതയുള്ള രംഗങ്ങള്‍ സംവിധായകന്‍ ഉപേക്ഷിച്ചതില്‍നിന്ന് ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളത്തിന്റെ ചരിത്രം മാത്രമല്ല പാലേരിയുള്‍പ്പെടുന്ന വടകരയുടെ ചരിത്രവും മൊയാരത്ത് ശങ്കരനെപ്പോലുള്ള സമരോത്സുകമായി ജീവിക്കുകയും അന്വേഷിക്കുകയും പഠിക്കുകയും ചെയ്തവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയഭൂപടം വലതുപക്ഷപിന്തിരിപ്പന്‍ ചൂഷക ശക്തികളില്‍നിന്ന് വിമോചിപ്പിച്ച വിപ്ളവകാരികളെയും പ്രക്ഷോഭങ്ങളേയും മായ്ച്ചുകളയാന്‍ ഒരു പൈങ്കിളി നോവല്‍കൊണ്ടോ സിനിമകൊണ്ടോ സാധ്യമല്ലെന്ന് കമ്യൂണിസ്റുകാര്‍ക്ക് മാത്രമല്ല ചരിത്രബോധമുള്ള കേരളീയര്‍ക്ക് മുഴുവന്‍ അറിയാവുന്നതാണ്. മുന്‍പ് ഈഡിപ്പസിനെപ്പോലെ ഇ എം എസ്സും കണ്ണ് സ്വയം കുത്തിപ്പൊട്ടിക്കണമെന്ന് വാദിച്ചവര്‍ക്ക് ഇപ്പോള്‍ അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം അത് ആവര്‍ത്തിക്കാന്‍ പറ്റാത്ത പരിതോവസ്ഥ സാംസ്കാരിക പ്രവര്‍ത്തകര്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇ എം എസ്സിനെയും എ കെ ജിയെയും മറ്റ് സാധാരണ പ്രവര്‍ത്തകരെയും സന്ദര്‍ഭാനുസരണം അപകീര്‍ത്തിപ്പെടുത്തിയാണ് എന്നും വലതുപക്ഷം അതിന്റെ സംസ്കാരിക ദൌത്യം നിര്‍വഹിച്ചതെന്ന് ചരിത്രബോധമുള്ളവര്‍ക്ക് അറിയാം.
പാലേരി ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശത്ത് ഭൂതകാലം കഴിച്ചതിന്റെ ഓര്‍മ മൊയാരത്ത് ശങ്കരന്‍ പ്രകാശിപ്പിച്ചതില്‍ ഇങ്ങനെ കാണാം. "വടക്കേ മലബാറില്‍ ജന്‍മി-കുടിയാന്‍ പ്രക്ഷോഭം സമുദായ നേതാക്കന്‍മാരുടെ കാത്തിരിപ്പു നിമിത്തം നായരും തീയരും തമ്മിലുള്ള ഒരു സമുദായ വഴക്കിന്റെ രൂപം കൈക്കൊണ്ട കാലമായിരുന്നു അത്. അന്ന് ഇരു സമുദായത്തിലേയും നേതാക്കന്‍മാര്‍ സകാരണമായും അകാരണമായും അന്യസമുദായത്തെ ആക്ഷേപിച്ചു. സ്വസമുദായത്തെ ആവേശം കൊള്ളിച്ചിരുന്ന ജന്‍മി താല്‍പ്പര്യത്തെ നായര്‍ സമുദായ താല്‍പ്പര്യമായി വടക്കേ മലബാറിലെ നായര്‍ സമുദായ നേതാക്കന്‍മാര്‍ ചിത്രീകരിക്കുന്നതിനെ ഞാന്‍ എതിര്‍ത്തു.'' (എന്റെ ജീവിത കഥ, മൊയാരത്ത് ശങ്കരന്‍, പുറം 133).
ഒരു കൃതി കൈയിലെടുക്കുമ്പോള്‍ ആരും ആദ്യം വായിക്കുന്നത് മുഖവുരയാണ്. രാജീവന്‍ മുഖവുരയില്‍ പറയുന്നത് കാണുക: "ഞാന്‍ ജനിച്ചു വളര്‍ന്ന പാലേരിയില്‍ മാണിക്യം എന്നൊരു സ്ത്രീ അരനൂറ്റാണ്ട് മുമ്പ് കൊല്ലപ്പെട്ടു എന്നതൊഴിച്ചാല്‍ ഈ കൃതിയില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റുകാര്യങ്ങള്‍ക്കോ സംഭവങ്ങള്‍ക്കോ വ്യക്തികള്‍ക്കോ യഥാര്‍ഥത്തില്‍ നടന്നതുമായി യാതൊരു ബന്ധവുമില്ല. ചില രചനകളില്‍ പുരാണകഥകള്‍ക്കും നാട്ടുവിശ്വാസങ്ങള്‍ക്കുമുള്ള സ്ഥാനം മാത്രമേ ആ യഥാര്‍ഥ സംഭവത്തിന് ഈ നോവലിലും ഉള്ളൂ''. ഇപ്പറഞ്ഞതിന്റെ അര്‍ഥം ഈ നോവലിലെ പാലേരി ഒരു 'സങ്കല്‍പ്പഗ്രാമം' ആണെന്നാണ്. മാത്രമല്ല മാണിക്യം എന്ന ഒരു വ്യക്തിയെ ഒഴിവാക്കിയാല്‍ ഇ എം എസ്, എ കെ ജി, കേളുവേട്ടന്‍ തുടങ്ങിയെല്ലാവരും ഭാവനയില്‍ രൂപപ്പെട്ട കഥാപാത്രങ്ങളും! ഷെര്‍ലെക്ഹോംസിനെ വെല്ലുന്ന കുറ്റാന്വേഷണമെന്ന നാട്യത്തില്‍ അവസാനം കണ്ടെത്തുന്ന കാര്യങ്ങളോ അതിനിടയില്‍ കണ്ടുമുട്ടുന്ന സംഭവങ്ങളോ നോവലിന്റെ ആഖ്യാനത്തിലോ ചരിത്രത്തിലോ യാതൊരു സ്ഥാനവും പിടിക്കുന്നില്ല. ബാര്‍ബര്‍ കേശവനെക്കൊണ്ട് ഒരു പ്രദേശത്തെ കമ്യൂണിസ്റുനേതൃത്വമാകെ ജന്മിമാരുടെ കൂട്ടാളികളും കൂട്ടിക്കൊടുപ്പുകാരും ജനങ്ങളുടെ ശത്രുക്കളുമാണെന്ന് പറയുന്നതില്‍ യാതൊരു പുതുമയുമില്ല. രാജീവന്‍ മാത്രമല്ല മുഖ്യധാരാ മാധ്യമങ്ങള്‍, നിരവധി സിനിമകള്‍, മറ്റു രചനകള്‍ ഇങ്ങനെ എത്രയെത്ര ആഖ്യാനങ്ങള്‍ കമ്യൂണിസ്റുകാര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്! നിരവധി കമ്പോള സിനിമകളില്‍ കണ്ടുമടുത്ത കമ്യൂണിസ്റ് വഞ്ചനയുടെ ചുരുളഴിയുന്നത് ഇവിടെ ഇങ്ങനെയാണ് "നമ്മുടെ ഹാജിക്ക് അബദ്ധം പറ്റി. തെളിവുകളെല്ലാം എതിരാണ്. പാര്‍ടിയെ അകമഴിഞ്ഞ് സഹായിക്കുന്ന ആള്‍ എന്ന നിലയില്‍ പാര്‍ടിക്ക് ഹാജിയെ കൈവിടാനും കഴിയില്ല. ആ അവസ്ഥയില്‍ പ്രതിഫലമായല്ല, ഒരു നല്ല കാര്യത്തിന് പാര്‍ടി ഹാജിയുടെ സഹായം ആവശ്യപ്പെടുന്നു. കുട്ടിശങ്കരമേനോന്റെ സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്താനുള്ള ഭൂമി ഹാജി വിട്ടുതരുന്നു. പിന്നെ കേസിന്റെ കാര്യം പാര്‍ടി നോക്കിക്കൊള്ളും. കെ പി പറഞ്ഞു: കുട്ടിശങ്കരമേനോന്റെ സ്കൂള്‍ ഹൈസ്കൂളാക്കിയാല്‍ പാര്‍ടിക്കെന്താനേട്ടം? എംഎല്‍എ ചോദിച്ചു. അങ്ങനെയൊരു ചോദ്യം കുട്ടിശങ്കരമേനോന്‍ പ്രതീക്ഷിച്ചിരുന്നില്ല. അത് അടുത്ത പടി. സ്കൂളിന്റെ നടത്തിപ്പ് ഒരു കമ്മിറ്റിക്കായിരിക്കും. പാര്‍ടി തീരുമാനിക്കുന്ന ഒരു കമ്മിറ്റിക്ക്... കെ പി നിലപാട് വ്യക്തമാക്കി.''(പു.28). ഇതുപോലുള്ള മഹത്തായ കണ്ടുപിടിത്തങ്ങളാണ് കമ്യൂണിസ്റ് വിരോധത്തിന്റെ നുരയും പതയുമായി രചനയിലൂടെ പ്രക്ഷേപിക്കുന്നത്.
പാലേരി മാണിക്യം പാതിരാവില്‍ കൊലചെയ്യപ്പെട്ടതിന്റെ പിന്നില്‍ ആരാണെന്ന അന്വേഷണമാണ് നോവലില്‍ നടക്കുന്നത്. അന്വേഷണത്തില്‍ എത്തിച്ചേരുന്ന നിഗമനം കമ്യൂണിസ്റ് പാര്‍ടി സംരക്ഷണം നല്‍കി കൊലയാളിയെ രക്ഷിച്ചെന്നും! മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്ന് പരിപോഷിപ്പിക്കുന്ന രീതിശാസ്ത്രമാണ് നോവലിലുടനീളം പ്രയോഗിക്കുന്നത്. ഇപ്പോള്‍ സമൂഹത്തില്‍ മുഖ്യധാര ഉല്‍പ്പാദിപ്പിച്ച ഇസ്ളാമോ ഫോബിയയുടെയും കമ്യൂണിസ്റ് വിരോധത്തിന്റെയും ഭാരം അരനൂറ്റാണ്ടുമുന്‍പ് നിലനിന്ന ഒരു ജീവിതാവസ്ഥയ്ക്കുമേല്‍ കെട്ടിവെക്കുക മാത്രമാണ് നോവല്‍ രചയിതാവ് (സിനിമയിലും) ചെയ്യുന്നത്. നോവല്‍ രചനയില്‍ ഭാവനയ്ക്കും സങ്കല്‍പ്പത്തിനുമിടമില്ലെന്ന് ഇതിനര്‍ഥമില്ല. എന്നാല്‍ രാജീവന്റെ ഭാവനയില്‍ കുറ്റവാളികളായിത്തീരുന്നത് ഇരകളോ ഇരകള്‍ക്കുവേണ്ടി സമരോത്സുകമായി ജീവിച്ചവരോ മാത്രമാണെന്നതാണ് കൌതുകകരം.
കേരള ചരിത്രത്തെ ഇത്രമേല്‍ കീഴ്മേല്‍ മറിച്ചുകൊണ്ടുള്ള അവതരണം മറ്റെവിടെയെങ്കിലും ഉണ്ടോ എന്നുപോലും സംശയമാണ്. പാലേരിയിലെ ഭാവിചരിത്രകാരന്മാര്‍ക്ക് അന്വേഷിക്കാന്‍ പലതും ബാക്കിയാക്കിയതായി നോവലില്‍ തന്നെ പറയുന്നുണ്ട്. ആ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഞാന്‍ പലേരിക്കാരോട് ആവശ്യപ്പെട്ടത്.
"ദേശീയ സ്വാതന്ത്യ്രത്തിനുവേണ്ടിയാണ് തന്റെ അച്ഛന്‍ എല്ലാം കളഞ്ഞുകുളിച്ചത്. സായിപ്പിന്റെ എസ്റേറ്റിലെ കണക്കെഴുത്തുജോലി, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, കുടുംബം വക കുന്നത്ത് ഭഗവതി ക്ഷേത്രം, മൂപ്പില്‍ നായര്‍ സ്ഥാനം, കുടുമ, കാതിലെ കല്ലുവെച്ച കടുക്കന്‍, കത്തിയും മുള്ളും, അച്ഛന്റെ പിന്നാലെ അക്ഷരശുദ്ധിപോലുമില്ലാതെ ജാഥ വിളിച്ചുനടന്ന പുലയനും പറയനും തിയ്യനും മാപ്പിളയ്ക്കും എന്തിന്, അന്ന് ജനിച്ചിട്ടുപോലുമില്ലാത്തവര്‍ക്കുപോലും സ്വാതന്ത്യ്ര സമരപെന്‍ഷനും താമ്രപത്രവും തീവണ്ടിയിലും വിമാനത്തിലും സൌജന്യ യാത്രയും.'' (പു.235). കാതിലെ കടുക്കന്‍ മാത്രമല്ല കുടുമയും മൂപ്പില്‍നായര്‍ സ്ഥാനവും വേണമെങ്കില്‍ തിരിച്ചുപിടിച്ചോളൂ. എന്നാല്‍ അതിനുവേണ്ടി കോട്ടയം പുഷ്പനാഥിനെപോലും ലജ്ജിപ്പിക്കും വിധത്തില്‍ കേശവനെക്കൊണ്ട് തുണിപൊക്കി ക്ഷൌരം ചെയ്യിക്കേണ്ടിയിരുന്നില്ല. നഷ്ടപ്പെട്ടുപോയ സുവര്‍ണകാലം സ്വപ്നം കാണുന്നതിനുവേണ്ടി ഇതര സമുദായങ്ങളെ ഹിംസാത്മകമായി പരിഹസിക്കുന്ന സമീപനമാണ് നോവലില്‍ ആവിഷ്കരിക്കുന്നത്. അധികാരിമാരുടെയും വാഴുന്നോന്‍മാരുടെയും ആജ്ഞ കേട്ടാല്‍ "കാക്ക മലര്‍ന്നു പറക്കുന്ന'' ആ പഴയ കാലം എത്രയെത്ര രചനകളില്‍ കേരളീയ പ്രേക്ഷകസമൂഹം കണ്ടുകഴിഞ്ഞതാണ്! ഓരോ സ്ഥലത്തും പാര്‍ടി സെക്രട്ടറിമാരെ അയച്ച് അവര്‍ മുതലാളിമാരുടെ ശിങ്കിടികളായി അവരുടെ ഉപദേശം തേടി അവര്‍ക്ക് സംരക്ഷണം നല്‍കുന്നതായാണ് നോവലില്‍ വിവരിക്കുന്നത്. പാര്‍ടിയില്‍ എങ്ങനെ ആളെക്കൂട്ടണമെന്ന് പാര്‍ടി സെക്രട്ടറിമാര്‍ക്ക് അഹമ്മദ് ഹാജിയാണ് ഉപദേശം നല്‍കുന്നത്. ഏത് ലോകത്താണ് രാജീവന്‍ ഇതുപോലൊരു സംഭവം കണ്ടത്? എന്താണ് കമ്യൂണിസ്റ് പാര്‍ടിയെപ്പറ്റി രാജീവന്റെ ധാരണ! മാധ്യമങ്ങള്‍ ഇന്ന് കൊട്ടിഘോഷിക്കുന്ന കാഴ്ചകളെല്ലാം പാലേരിയിലെ ചരിത്രം നിര്‍മിച്ച പാര്‍ടിക്കുമേല്‍ കെട്ടിവെച്ച് രക്ഷപ്പെടാമെന്നാണോ? അപാരമാണ് അഭിനയപാടവം!
പാതിരാവുകളിലെ കൊലപാതകങ്ങള്‍ക്ക് കൂട്ടുനിന്നാണ് കേരളത്തില്‍ കമ്യൂണിസ്റുപാര്‍ടികള്‍ വളര്‍ന്നതെന്ന് എഴുതിവെക്കുന്നതിനിടയില്‍ എരിവും പുളിയും ചേര്‍ത്ത് 'ബോധഹീനന്മാര്‍ക്ക്' ഹരം പകരാന്‍ ശ്രമിച്ച രംഗങ്ങള്‍പോലും തിരിച്ചറിവുള്ളവര്‍ക്ക് പുഛവും പരിഹാസവും മാത്രമാണ് പ്രദാനം ചെയ്യുന്നത്. തൊഗാഡിയയുടെ പ്രഭാഷണങ്ങളില്‍ കോരിത്തരിക്കുന്നവരെപ്പോലെ ചരിത്രമോ യാഥാര്‍ഥ്യമോ മാത്രമല്ല സ്വന്തം അസ്തിത്വം നിര്‍ണയിക്കുന്നതിന്റെ പരിസരം പോലും അപഗ്രഥിക്കാന്‍ കഴിയാത്ത കുറേപേരെ ഇത്തരം മസാലകള്‍ ദൃശ്യാവിഷ്കാരമായി മാറുമ്പോള്‍ ആവേശം കൊള്ളിച്ചേക്കാം. എന്നാല്‍ ഏതെങ്കിലും വിധത്തില്‍ വകതിരിവുള്ള മനുഷ്യര്‍ക്ക് ഈ നോവല്‍ കമ്യൂണിസ്റ് വിരോധത്തിന്റെ പേരില്‍പോലും തൃപ്തി നല്‍കില്ലെന്നതാണ് യാഥാര്‍ഥ്യം.
ചിലപ്പോള്‍ പ്രഛന്ന കമ്യൂണിസ്റും മറ്റു ചിലപ്പോള്‍ തീവ്ര വിപ്ളവകാരിയും അതൊന്നും സാധ്യമല്ലാത്തപ്പോള്‍ നവഇടതുപക്ഷവുമാണെന്ന് ഭാവിക്കുന്ന പലരിലൊരാള്‍ മാത്രമാണ് രചയിതാവ്. ഏതൊരു പൌരനും കമ്യൂണിസ്റ് വിരുദ്ധനാവാനവകാശമുള്ളതിനാല്‍ ജനാധിപത്യവ്യവസ്ഥയുടെ സൌകര്യമുപയോഗിച്ച് ജനങ്ങളെ വെള്ളം കുടിപ്പിക്കാമെന്ന് വ്യാമോഹിക്കുന്നതാണ് അബദ്ധം. രാജീവന്‍ ഏതായാലും മറനീക്കി കാര്യങ്ങള്‍ പറയുന്നത് കാണുക. "ആത്മാവോ, അഭിരുചിയോ ഇല്ലാത്ത, അകത്തും പുറത്തും ചുമപ്പ് യൂണിഫോമണിഞ്ഞ വെറും കാലാളുകളായി മലയാളികളെ പാര്‍ടി മാറ്റിക്കൊണ്ടിരിക്കുന്നു. ഈ അര്‍ഥത്തിലാണ് വിമോചന സമരത്തിന്റെ ജനാധിപത്യപരമായ പ്രസക്തി വിലയിരുത്തപ്പെടേണ്ടത്... സി ഐ എയാണ് വിമോചന സമരം വിജയിപ്പിച്ചതെങ്കില്‍, തീര്‍ത്താല്‍ തീരാത്തതാണ് അവരോടുള്ള മലയാളികളുടെ കടപ്പാട്''(മാതൃഭൂമിവാരിക).
തീര്‍ച്ചയായും കേരളത്തിലെ കോണ്‍ഗ്രസ്സുകാരുള്‍പ്പെടെ കുറ്റസമ്മതം നടത്തിയതിന് ശേഷവും കമ്യൂണിസ്റ് വിരോധത്തിന്റെ പേരില്‍ സി ഐ എയെപ്പോലും പരസ്യമായി ന്യായീകരിക്കാന്‍ ധൈര്യം ലഭിക്കുന്നതിന്റെ പിന്നില്‍ ശശി തരൂരോ ബില്‍ക്ളിന്റനോ എന്നതില്‍ മാത്രമാണ് ഇപ്പോള്‍ സംശയം ബാക്കിയാവുന്നത്. ആരും എന്റെ നോവല്‍ വായിച്ച് വിമര്‍ശനവുമായി മുന്നോട്ട് വരേണ്ട എന്നും എനിക്കുപിന്നില്‍ ക്ളിന്റണ്‍ മുതല്‍ സി ഐ എ വരെ അണിനിരക്കുമെന്നും നിന്റെയെല്ലാം കിടപ്പാടം മാത്രമല്ല തൊഴിലിടവും വില്‍ക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയാല്‍ ഓടിയൊളിക്കുന്നവരല്ല കേരളത്തിലെ ഇടതുപക്ഷം. ഇടതുപക്ഷത്തിന് വായനയും എഴുത്തും പ്രതികരണമാണ്. ചുവപ്പ് യൂണിഫോം അഭിമാനത്തിന്റെയും അന്തസ്സിന്റെയും ആവേശത്തിന്റെയും അടയാളമാണ്. കാക്കിയെക്കാള്‍ എത്രഗംഭീരവും ഉജ്വലവുമാണ് ചുവപ്പണിഞ്ഞ ആ മുന്നേറ്റം. നഷ്ടപ്പെടാത്ത യൌവനങ്ങളെയും വര്‍ഗ/വര്‍ണ/ലിംഗ ആധിപത്യത്തിന്റെ ഇരുണ്ട കാലത്തില്‍ നിന്നും വിമോചനം സ്വപ്നം കണ്ടവരുടെ കാവലാള്‍പ്പടയെ മുന്‍നിര്‍ത്തി ഞങ്ങള്‍ ആവര്‍ത്തിക്കുന്നു... ഞങ്ങള്‍ക്ക് വായന പ്രതികരണമാണ്. അത് കൈയാങ്കളിയോ ചാരസംഘടനയുടെ ഒളിപ്രവര്‍ത്തനമോ അല്ല. ഫാസിസ്റ് വിരുദ്ധ ഐക്യമുന്നണിയിലെ അംഗമാണ് സക്കറിയ. രാജീവനാണെങ്കില്‍ സി ഐ എയുടെ പാദസേവകനും. ഹെഡണിസത്തിന്റെയും ഉദാരസമ്പദ് വ്യവസ്ഥയുടെയും ചൂഷണകേന്ദ്രിത യുക്തി തിരിച്ചറിയുന്നതില്‍ മാത്രമാണ് സക്കറിയ പരാജയപ്പെടുന്നത്. എന്നാല്‍ രാജീവന്‍ എക്കാലത്തും കമ്യൂണിസ്റ് വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ആശയങ്ങളുടെ കാവല്‍ക്കാരനും. സക്കറിയയുമായി നമുക്ക് സംവാദം സാധ്യമാകുമ്പോള്‍ വിമോചന സമരത്തെയും സി ഐ എയെയും ന്യായീകരിക്കുന്നവരുമായി സംവാദംപോലും സാധ്യമാകുന്നില്ല. എങ്കിലും പേടിക്കാനോ പേടിപ്പിക്കാനോ ഞങ്ങളില്ല.
ഡോ. പി കെ പോക്കര്‍
ശ്രീ എന്‍. രാജന്‍ ഇതേ വിഷയത്തില്‍ എഴുതിയ ‘എഴുത്തോ നിന്റെ കഴുത്തോ’ എന്ന ലേഖനവും വായിക്കാം.
ജനാധിപത്യമെന്നാല്‍ ജനങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള രാഷ്ട്രീയ സംവിധാനമാണ്. ജനങ്ങളില്‍ കലാസാഹിത്യരചയിതാക്കളും, സാമൂഹിക സാംസ്കാരിക വിമര്‍ശകരും, രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുമെന്ന് പ്രത്യേകം പറയേണ്ടതുമില്ല. എന്നാല്‍ ലോകത്തെവിടെയുമെന്നപോലെ മൂലധന ശക്തികളും അവരുടെ പിന്തുണക്കാരായ പ്രത്യയശാസ്ത്രകാരന്മാരും ജനാധിപത്യത്തെ മൂലധനതാല്‍പ്പര്യസംരക്ഷണമായി വെട്ടിച്ചുരുക്കുകയാണ്. അതിനെതിരായി ശബ്ദിക്കുന്നവരെ മ്ളേഛന്മാരോ, കുറുക്കന്മാരോ ആക്കി എറിഞ്ഞ് കൊല്ലാമെന്നാണ് എപ്പോഴും അവര്‍ അഹങ്കരിക്കുന്നത്! കലാസാഹിത്യാവിഷ്കാരത്തിന് മാത്രമല്ല എല്ലാവിധത്തിലുള്ള ആവിഷ്കാരങ്ങള്‍ക്കും സ്വാതന്ത്യ്രം വേണമെന്നാണ് ജനാധിപത്യവാദികള്‍ പറയുന്നത്.
ReplyDeleteനോവല്‍ വായിച്ചിട്ടില്ല, സിനിമ കണ്ടിരുന്നു. കുറ്റ്യാടിയുടെ അടുത്ത പ്രദേശക്കാരന്‍ എന്ന നിലയില്‍ വളരെ പ്രതീക്ഷയോടെ ആണ് അത് കണ്ടത്. കണ്ടു കഴിഞ്ഞപ്പോള്‍ അത് തികച്ചും ഒരു സങ്കല്‍പ്പ കഥ ആണെന്നാണ് തോന്നിയത്. എന്നാല്‍, പുറത്തുള്ളവര്‍ക്ക് അത് ഒരു യഥാര്‍ത്ഥ കഥ ആണെന്ന തോന്നല്‍ ഉണ്ടെന്നു മനസ്സിലായത് താങ്കളുടേത് പോലെയുള്ള പ്രതികരണങ്ങള്‍ വായിച്ചപ്പോള്‍ മാത്രമാണ്.
ReplyDeleteഅന്നത്തെ കമ്മ്യൂണിസ്റ്റ്, മുസ്ലിം, തിയ്യ സമുദായക്കാരെപ്പറ്റി കഥാകൃത്തിനു ഒരു വിവരവും ഇല്ലെന്നു എന്‍റെ നാടിനെ പറ്റി എനിക്കറിയാവുന്ന വിവരം വെച്ച് പറയാനാകും.
1) കമ്മ്യൂണിസ്റ്റ്‌കാര്‍ ഒരു ജന്മിയില്‍ നിന്നും രഹസ്യമായി ഇടപാട് നടത്തുന്നു.
a) ഈ പ്രദേശങ്ങളില്‍ കമ്മ്യൂണിസം വളര്‍ന്നത് തന്നെ ജന്മിമാരുമായുള്ള ഒടുങ്ങാത്ത സമരങ്ങളിലൂടെ ആയിരുന്നു. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ അന്നത്തെ കമ്മ്യൂണിസത്തിന്റെ വളര്‍ച്ചയുടെ ആണിക്കല്ല് ജന്മിത്വ വിരോധം ആയിരുന്നു. അവര്‍ ജന്മിമാരുമായി സന്ധി നടത്തി എന്നതിനര്‍ത്ഥം പാര്‍ട്ടിയുടെ അടിവേര് അറുത്തു എന്നാണ്.
b) അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് രഹസ്യ ഇടപാട് നടത്താന്‍ ഒരിക്കലും സാധിക്കുമായിരുന്നില്ല. ജന്മിമാരുടെ ഭീഷണി ഉള്ളതിനാല്‍ അണികള്‍ സദാജാഗരൂകരായിരുന്നു. അണികള്‍ അറിയാതെ ഒന്നും നടക്കുമായിരുന്നില്ല.
2) കള്ളു കുടിക്കുകയും പെണ്ണ് പിടിക്കുകയും ചെയ്യുന്ന മുസ്ലിം ജന്മി.
അക്കാലത്ത് മുസ്ലിംകള്‍ വിശ്വാസപരമായി വളരെ അധികം യാഥാസ്ഥിതികര്‍ ആയിരുന്നു. ബഹുഭാര്യത്വം സര്‍വ സാധാരണമായിരുന്ന അക്കാലത്തു മുസ്ലിംകള്‍ വിവാഹേതര ബന്ധത്തില്‍ വളരെ അധികം സൂക്ഷ്മത പുലര്‍ത്തിയിരുന്നവരാണു. പുരോഹിതനമാരുമായുള്ള നിരന്തര സമ്പര്‍ക്കം (ദിവസം 5 നേരം പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ എത്തിയിരുന്നവരായിരുന്നു അവര്‍) കാരണം ഇസ്ലാം കണിശമായും നിരോധിച്ച മുകളിലത്തെ ആഭാസങ്ങള്‍ ഒരാള്‍ അന്ന് ഒരു ബുദ്ധിമുട്ടുമില്ലാതെ ചെയ്തു എന്ന് പറഞ്ഞാല്‍ അതിനെ അസംബന്ധം എന്നേ പറയാന്‍ പറ്റൂ.
3) തിയ്യ സ്ത്രീകള്‍ സ്വമേധയാ ജന്മിമാര്‍ക്ക് വഴങ്ങിക്കൊടുത്തിരുന്നു.
പകലന്തിയോളം ജന്മിമാരുടെ ഭൂമിയില്‍ അടിമപ്പണിക്ക് വിധിക്കപ്പെട്ട ഇവര്‍ അത്തരക്കാര്‍ ആയിരുന്നെന്നു പറയാന്‍ തിയ്യനെ ഈ ജന്മത്തില്‍ കണ്ടിട്ടില്ലാത്തവര്‍ക്കെ പറ്റൂ..
ആ സിനിമയെ ചര്‍ച്ചയ്ക്കെടുക്കുന്നത് തന്നെ അതിനു അര്‍ഹതയില്ലാത്ത പബ്ലിസിറ്റി കിട്ടാനേ ഉപകരിക്കൂ..