Tuesday, December 3, 2013

ഭോപാല്‍ ദുരന്തത്തിന് 29 വര്‍ഷം; നീതിക്കായി കാത്തിരിപ്പ് വിഫലം

ഭോപാല്‍: ലോകത്തെ ഏറ്റവും വലിയ വ്യാവസായികദുരന്തമെന്ന് വിശേഷിപ്പിക്കപ്പെട്ട ഭോപാല്‍ വാതകദുരന്തത്തിന്റെ ഇരകള്‍ 29 വര്‍ഷങ്ങള്‍ക്ക് ശേഷവും നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു. ശാരീരിക-മാനസിക വൈകല്യങ്ങളുള്ള നിരവധി കുട്ടികള്‍ ഭോപാലിലെ മൂന്ന് നിയോജകമണ്ഡലങ്ങളില്‍ ഇപ്പോഴും ജനിക്കുന്നു. 1984ല്‍ കുട്ടികളായിരുന്നവര്‍ ശാരീരിക-മാനസിക വൈകല്യങ്ങളോടെ ഇപ്പോഴും ജീവിക്കുന്നു.

ഭൂഗര്‍ഭജല മലിനീകരണം ദുരന്തബാധിതമേഖലകളിലുള്ളവരുടെ ജീവിതത്തെ ഇപ്പോഴും ഭീഷണിയിലാഴ്ത്തുന്നു. 1984 ഡിസംബര്‍ 2, 3 തീയതികളിലാണ് ലോകത്തെ നടുക്കിയ ഭോപാല്‍ വാതകദുരന്തം സംഭവിച്ചത്. 3,787 പേര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടതായി മധ്യപ്രദേശ് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, എണ്ണായിരത്തോളം പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എണ്ണായിരത്തിലധികം പേര്‍ വാതകദുരന്തത്തിന്റെ തുടര്‍പ്രത്യഘാതങ്ങളുടെ ഭാഗമായി മരണമടഞ്ഞെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.

മിഥൈല്‍ ഐസോസയനൈഡ് ആയിരങ്ങളുടെ ജീവനെടുത്തെങ്കില്‍ തുടര്‍ച്ചയായി ഭരണത്തിലേറുന്ന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥത ഇരകളെയും പുതുതലമുറയെയും കൊല്ലാതെകൊല്ലുകയാണ്. യൂണിയന്‍ കാര്‍ബൈഡ് തലവനായിരുന്ന വാറണ്‍ ആന്‍ഡേഴ്സണ്‍ ഉള്‍പ്പടെയുള്ളവരെ ഇന്ത്യന്‍ നിയമപ്രകാരം വിചാരണ നടത്തണമെന്ന ആവശ്യം ഇപ്പോഴും വനരോദനമായി തുടരുന്നു.

ഇരകള്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളും ദുരന്തത്തെ തുടര്‍ന്നുള്ള പരിസ്ഥിതിപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ ഈ മേഖലയില്‍ ഇപ്പോഴും സേവനം അനുഷ്ഠിക്കുന്നുണ്ട്. ദുരന്തബാധിതരേക്കാള്‍ വന്‍ദുരന്തം വിതച്ച ഡൗ കെമിക്കല്‍സിനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment