Tuesday, December 3, 2013

എലിസബത്ത് രാജ്ഞി സോണിയക്കു പിന്നില്‍

സമ്പത്തിന്റെ കാര്യത്തില്‍ എലിസബത്ത് രാജ്ഞിയെയും സുല്‍ത്താന്മാരെയും ഷേഖുമാരെയും സോണിയ ഗാന്ധി കടത്തിവെട്ടി. പ്രമുഖ അമേരിക്കന്‍ വാര്‍ത്താപോര്‍ട്ടലായ ഹഫിങ്ടണ്‍ പോസ്റ്റ് വേള്‍ഡാണ് ഈ വിവരം പുറത്തുവിട്ടത്. 12,250 കോടി രൂപയുടെ സ്വത്തുസമ്പാദ്യമുള്ള കോണ്‍ഗ്രസ് അധ്യക്ഷ, ലോകത്തിലെ അതിസമ്പന്ന നേതാക്കളില്‍ 12-ാംസ്ഥാനത്ത്. എലിസബത്ത് രാജ്ഞി, മൊണാക്കോ രാജകുമാരന്‍, ഒമാന്‍ സുല്‍ത്താന്‍, കുവൈത്ത്ഷേഖ് തുടങ്ങിയവര്‍ സോണിയയ്ക്ക് ബഹുദൂരം പിന്നില്‍.

അതിസമ്പന്ന നേതാക്കളുടെ പട്ടികയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനാണ് മുന്നില്‍- നാലായിരം കോടി യുഎസ് ഡോളറാണ് സമ്പാദ്യം. രണ്ടാമന്‍ തായ്ലന്‍ഡ് രാജാവ് ഭുമിബോല്‍ അദുല്യദേജ്. സമ്പാദ്യം- 3000 കോടി ഡോളര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 2009ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കണക്കനുസരിച്ച് 1.38 കോടി രൂപയുടെ സ്വത്താണ് സോണിയയ്ക്ക്്. നാലരവര്‍ഷത്തിനിടെ സമ്പാദ്യം 12,250 കോടി രൂപയായത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.

ഹഫിങ്ടണ്‍ പോസ്റ്റ് വാര്‍ത്തയോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. ആളോഹരി മാസവരുമാനം എണ്ണായിരം രൂപപോലുമില്ലാത്ത രാജ്യത്തിന്റെ ഭരണസാരഥ്യമുള്ള മുന്നണിയുടെ അധ്യക്ഷയ്ക്ക്് 12,250 കോടിയുടെ സ്വത്തുസമ്പാദ്യമുള്ളത് ആശ്ചര്യമുളവാക്കുന്നുവെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് അഭിപ്രായപ്പെടുന്നു. നെഹ്റുകുടുംബത്തിന് കോടികളുടെ സ്വിസ് ബാങ്ക് നിക്ഷേപമുണ്ടെന്ന ആരോപണം സാധൂകരിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. 2009ലെ സത്യവാങ്മൂലത്തില്‍ സോണിയയ്ക്ക് ഇന്ത്യയില്‍ സ്വന്തമായി വീടോ കാറോ ഇല്ല. ഇറ്റലിയില്‍ 18.02 ലക്ഷം രൂപ വിലമതിക്കുന്ന കുടുംബവീടുണ്ട്. മുക്കാല്‍ലക്ഷം രൂപ പണമായും 28.61 ലക്ഷം രൂപ ബാങ്ക് നിക്ഷേപവുമുണ്ട്. 20 ലക്ഷത്തിന്റെ മ്യൂച്വല്‍ ഫണ്ട്, 12 ലക്ഷത്തിന്റെ റിസര്‍വ്് ബാങ്ക് ബോണ്ട്, 1,99,000 രൂപയുടെ പോസ്റ്റ് ഓഫീസ് നിക്ഷേപം, 24.88 ലക്ഷം രൂപയുടെ പിപിഎഫ് എന്നിങ്ങനെയാണ് മറ്റു നിക്ഷേപം. 11 ലക്ഷം വിലമതിക്കുന്ന രണ്ടരക്കിലോ ആഭരണവും 18 ലക്ഷത്തിന്റെ 88 കിലോ വെള്ളിയുമുണ്ട്. 2,19,000 രൂപയുടെ രണ്ടു കൃഷിയിടങ്ങളും സോണിയക്കുണ്ട്. കൃഷിസ്ഥലം എവിടെയെന്ന് വ്യക്തമാക്കിയിട്ടില്ല. 2008-09ല്‍ സോണിയ 5,58,000 രൂപ ആദായനികുതി അടച്ചിട്ടുണ്ട്, സ്വത്തുനികുതിയായി 32,512 രൂപയും. റഷ്യന്‍ പ്രസിഡന്റിന്റെയും തായ്ലന്‍ഡ് രാജാവിന്റെയും പിന്നില്‍ സ്വത്തുപട്ടികയില്‍ മൂന്നാമത് ബ്രൂണെ സുല്‍ത്താന്‍ ഹസനാല്‍ ബോല്‍ക്കിയയാണ്- രണ്ടായിരം കോടി യുഎസ് ഡോളറാണ് സമ്പാദ്യം. സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ്, യുഎഇ പ്രസിഡന്റ് ഖാലിഫ ബിന്‍ സയ്യദ് അല്‍നഹ്യാന്‍, ദുബായ് അമീര്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍മഖ്ദൂം, ലീച്ചെന്‍സ്റ്റീന്‍ രാജകുമാരന്‍ ഹാന്‍സ് അലം രണ്ട്, മൊറോക്കോ രാജാവ് മുഹമ്മദ് അഞ്ച് എന്നിവരും അതിസമ്പന്ന നേതാക്കളുടെ പട്ടികയിലുണ്ട്.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment