Monday, December 2, 2013

വൈദ്യുതി ആസൂത്രണം പാളിയെന്ന് സിഎജി; 756 കോടി തുലച്ചു

കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയതടക്കമുള്ള പാളിച്ചകള്‍ സംസ്ഥാനത്തിന് 755.96 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പരിശോധനയില്‍ കണ്ടെത്തി. ദീര്‍ഘകാല കരാറുകര്‍ ഉണ്ടാക്കുന്നതിലും കേന്ദ്രവിഹിതം നേടിയെടുക്കുന്നതിലുമുണ്ടായ വീഴ്ച നഷ്ടത്തിന് ആക്കം കൂട്ടിയെന്നും സിഎജിയുടെ പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടെന്‍ഡര്‍ വിളിച്ച് ദീര്‍ഘകാല കരാര്‍ ഉണ്ടാക്കുന്നതിലെ കാലതാമസംമൂലം 351.76 കോടിയാണ് നഷ്ടപ്പെടുത്തിയത്.

ദീര്‍ഘകാല കരാറുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ വിലകൂടിയ വൈദ്യുതി കമ്പോളത്തില്‍നിന്ന് വാങ്ങിയത് കനത്ത ബാധ്യതയായി. യൂണിറ്റിന് 12.62 രൂപവരെ ചെലവിട്ടാണ് വൈദ്യുതി വാങ്ങിയത്. വൈദ്യുതിവാങ്ങല്‍ പരിപാടിയില്‍നിന്ന് വ്യതിചലിച്ച് 2011-12 സാമ്പത്തിക വര്‍ഷം 73.46 കോടിയുടെ നഷ്ടമുണ്ടാക്കി. ആസൂത്രണത്തിലെ പാളിച്ചയാണ് ഇതെന്നും സിഎജി വിലയിരുത്തുന്നു. നില മെച്ചമല്ലാത്ത സന്ദര്‍ഭത്തില്‍ ബോര്‍ഡ് വൈദ്യുതി വിറ്റു. വൈദ്യുതി കൊണ്ടുവരുന്നതിന് ഇടനാഴി ലഭ്യമല്ലാത്തത് ഈ വില്‍പ്പനയുടെ പ്രത്യാഘാതം രൂക്ഷമാക്കുകയും ചെയ്തു.

കേന്ദ്രനിലയങ്ങളില്‍ നിന്ന് ലഭിക്കേണ്ട വൈദ്യുതി വാങ്ങിയെടുക്കുന്നതിലെ പരാജയം 219.01 കോടിയുടെ നഷ്ടത്തിനിടയാക്കി. 2012 ജൂലൈ മുതല്‍ 2013 മാര്‍ച്ച് വരെ 852.96 ദശലക്ഷം യൂണിറ്റിന്റെ (15 ശതമാനം) കുറവാണ് കേന്ദ്രനിലയങ്ങളില്‍നിന്നുണ്ടായത്. 6644.70 ദശലക്ഷം യൂണിറ്റിന് അര്‍ഹതയുള്ളപ്പോള്‍ ലഭിച്ചത് 4978.49 ദശലക്ഷം യൂണിറ്റ് മാത്രം. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ബൈതരണി കല്‍ക്കരിപ്പാടം നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി. ലാഭകരമല്ലാത്ത വൈദ്യുതിവാങ്ങല്‍ കരാറുകളുടെ കാലാവധി അവസാനിച്ചാലുടന്‍ അവസാനിപ്പിക്കണമെന്ന് സിഎജി ശുപാര്‍ശചെയ്യുന്നുണ്ട്.

പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, ആര്‍ഇസി എന്നിവിടങ്ങളില്‍ നിന്ന് കുറഞ്ഞ ചെലവിലുള്ള വായ്പ തരപ്പെടുത്തണം. വൈദ്യുതി വാങ്ങലിന്റെ വ്യാപ്തി വര്‍ധിച്ച സാഹചര്യത്തില്‍ കെഎസ്ഇബിയുടെ നയങ്ങളിലും പരിപാടികളിലും മാറ്റം വരുത്തണം. കമ്പോള വൈദ്യുതിയെ കൂടുതലായി ആശ്രയിക്കുന്നതാണ് ബോര്‍ഡിന്റെ പ്രതിസന്ധിക്കു കാരണമെന്നും സിഎജി ചൂണ്ടിക്കാട്ടി. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതില്‍ കേരളം വീഴ്ച വരുത്തുന്നു. നിര്‍മാണത്തിലുള്ള അഞ്ച് ജലവൈദ്യുത പദ്ധതികളിലൂടെ 407.27 ദശലക്ഷം യൂണിറ്റും 25 പുതിയ പദ്ധതികളിലൂടെ 1233.46 ദശലക്ഷം യൂണിറ്റും കേരളം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഇവയുടെ മെല്ലെപ്പോക്ക് തിരിച്ചടിയാകുമെന്ന് സിഎജി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ശക്തമായ മഴയില്‍ മികച്ച നീരൊഴുക്ക് ലഭിച്ചിട്ടും കേരളം ഇന്ന് ലോഡ്ഷെഡിങ്ങിന്റെ നിഴലിലാണ്. കേന്ദ്രവിഹിതം കറയുന്നത് വൈദ്യുതി നിയന്ത്രണത്തിന് ഇടയാക്കുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്ന് കരാറായ വൈദ്യുതി കൊണ്ടുവരാന്‍പോലും ഇടനാഴി ലഭിക്കാത്തതും കേരളത്തിന് ഇരുട്ടടിയാണ്.
(ആര്‍ സാംബന്‍) ദേശാഭിമാനി

No comments:

Post a Comment