Sunday, December 1, 2013

സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുക...

(കേരള സംസ്ഥാന പ്ലീനം അംഗീകരിച്ച പ്രമേയം)

കേരളത്തിന്റെ വികസനത്തിന്‌ വലിയ സംഭാവനകള്‍ നല്‍കിയ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന പ്ലീനം ആവശ്യപ്പെടുന്നു.

കേരളത്തിലെ ഭൂപരിഷ്‌കരണം ജന്മിത്വബന്ധങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട്‌ വികസനത്തിന്‌ അടിത്തറയിട്ടുവെങ്കില്‍ ഹുണ്ടിക വ്യാപാരികളില്‍ നിന്നും പണം പലിശ കൊടുക്കുന്ന ബ്ലേഡുകാരില്‍ നിന്നും സാധാരണ ജനങ്ങള്‍ക്ക്‌ മോചനം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ സഹകരണമേഖല നേതൃത്വം നല്‍കിയത്‌. മാത്രമല്ല, ജനങ്ങളുടെ ദൈനംദിന ജീവിതത്തെ മുന്നോട്ട്‌ നയിക്കുന്ന നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഈ മേഖല വലിയ സംഭാവന നല്‍കുകയുണ്ടായി. സഹകരണമേഖലയ്‌ക്കു കീഴിലുള്ള സംഘങ്ങളെടുത്താല്‍ ഒരു ലക്ഷത്തില്‍ പരം ആളുകള്‍ക്ക്‌ നേരിട്ടും അതിലും എത്രയോ അധികം ആളുകള്‍ക്ക്‌ പരോക്ഷമായും തൊഴില്‍ നല്‍കുന്ന സ്ഥാപനമായും ഇത്‌ വളര്‍ന്നുവന്നിട്ടുണ്ട്‌.

ധനമൂലധന ശക്തികള്‍ക്ക്‌ കടന്നുവരുന്നതിനുള്ള പശ്ചാത്തലമൊരുക്കുന്നതിനായി ആഗോളവല്‍ക്കരണ നയങ്ങളിലൂടെ പൊതുമേഖലയേയും സഹകരണ പ്രസ്ഥാനത്തേയും തകര്‍ക്കുന്ന നടപടികളാണ്‌ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്‌. കേന്ദ്രസര്‍ക്കാര്‍ അടുത്തകാലത്തായി രൂപീകരിക്കപ്പെട്ട വിവിധ കമ്മീഷനുകളിലൂടെ ഇത്തരം നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ്‌ പരിശ്രമിച്ചത്‌. എന്നാല്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന സഹകരണ പ്രസ്ഥാനങ്ങളെ ഇവ തകര്‍ക്കുമെന്നതിനാല്‍ അത്തരം നയങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ്‌ സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും കേന്ദ്രസര്‍ക്കാര്‍ നടത്തിയത്‌. എന്നാല്‍, കേരളത്തിലെ സഹകരണ മേഖലയിലുള്ളവരുടെയും ബഹുജനങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‌ ഇത്തരം നയങ്ങള്‍ നടപ്പിലാക്കുന്നതിന്‌ യു.ഡി.എഫ്‌ സര്‍ക്കാരിന്‌ പോലും സാധ്യമായില്ല.

ഫെഡറല്‍ ഘടനയില്‍ സംസ്ഥാനസര്‍ക്കാരിനുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തിയതിനാലാണ്‌ കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം തെറ്റായ നയങ്ങള്‍ സഹകരണ മേഖലയില്‍ നടക്കാതെ പോയത്‌. ഈ അവസ്ഥ തരണം ചെയ്യുന്നതിന്‌ ഭരണഘടനാ ഭേദഗതി വരുത്തിക്കൊണ്ട്‌ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം തന്നെ കവര്‍ന്നെടുക്കുന്ന പദ്ധതികളാണ്‌ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്‌. സഹകരണബാങ്കുകളെ ബാങ്കിംഗ്‌ റെഗുലേഷന്‍ നിയമത്തിന്‌ കീഴില്‍ കൊണ്ടുവരുന്നതിനുള്ള നടപടി ഇതിന്റെ ഭാഗമായാണ്‌ സ്വീകരിച്ചത്‌. ഇതോടെ സംസ്ഥാന വിഷയമായ സഹകരണം കേന്ദ്രസര്‍ക്കാരിന്റെ വകുപ്പായി മാറുന്ന നിലയാണ്‌ ഉണ്ടായിരിക്കുന്നത്‌.

സഹകരണ മേഖലയുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിയും ഇതേ ചുവടു പിടിച്ചുതന്നെയാണ്‌ രൂപപ്പെടുത്തിയിരിക്കുന്നത്‌. ഭരണഘടനയുടെ പാര്‍ട്ട്‌ 3 ലെ അനുച്ഛേദം 19 (1) സിയില്‍ സഹകരണ സംഘങ്ങള്‍ എന്ന വാക്ക്‌ കൂട്ടിച്ചേര്‍ത്തു. ഇത്‌ പ്രകാരം ഒരേ പ്രദേശത്ത്‌ ഒരേ ലക്ഷ്യത്തോടെ രജിസ്റ്റര്‍ ചെയ്‌ത നിരവധി സംഘങ്ങള്‍ രൂപീകരിക്കാന്‍ പറ്റുന്ന സ്ഥിതി ഉണ്ടായിരിക്കുകയാണ്‌. ഇത്‌ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്നതിന്‌ ഇടയാക്കും. രണ്ടാമത്തെ ഭേദഗതി ഭരണഘടനയുടെ പാര്‍ട്ട്‌ 4-ല്‍ അനുച്ഛേദം 43 (എ) യ്‌ക്കുശേഷം 43(ബി) എന്ന പേരില്‍ സഹകരണ സംഘങ്ങളുടെ സ്വമേധയായുള്ള രൂപീകരണം, സ്വയം ഭരണാധികാരത്തോടെയുള്ള പ്രവര്‍ത്തനം, ജനാധിപത്യ നിയന്ത്രണം, പ്രൊഫഷണല്‍ മാനേജ്‌മെന്റ്‌ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി രാഷ്‌ട്രം നടപടിയെടുക്കണം എന്ന നിര്‍ദ്ദേശമാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. ഇതിലെ സ്വയംഭരണം എന്ന പദത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണം തന്നെ എടുത്തുമാറ്റുന്നതിനുള്ള അവസരമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. മറ്റൊരു ഭേദഗതി പ്രൊഫഷണല്‍ മാനേജ്‌മെന്റിനെ സംബന്ധിച്ച ഉല്‍ക്കണ്‌ഠയാണ്‌ മുന്നോട്ട്‌ വയ്‌ക്കുന്നത്‌. ഇതിലൂടെ സഹകരണ ഉദ്യോഗസ്ഥന്മാരുടെ ഓഡിറ്റിങ്ങിനു പകരം സ്വകാര്യ കമ്പനികളുടെ ഓഡിറ്റിങ്ങ്‌ ഏര്‍പ്പെടുത്താനുള്ള നടപടിയാണ്‌ ലക്ഷ്യം വെക്കുന്നത്‌.

ഭരണഘടനയുടെ നാലാംഭാഗത്ത്‌ മാര്‍ഗനിര്‍ദ്ദേശകതത്വങ്ങളില്‍ 9 (എ) യ്‌ക്ക്‌ ശേഷം 9 (ബി) എന്ന പുതിയ ആര്‍ട്ടിക്കിള്‍ കൂടി ചേര്‍ക്കുന്ന തരത്തിലാണ്‌ ഈ ബില്‍ വിഭാവനം ചെയ്‌തിരിക്കുന്നത്‌. ഇതിലൂടെ കേന്ദ്രസര്‍ക്കാരിന്‌ ഏത്‌ നിയമവും കേരളത്തിന്റെ സഹകരണമേഖലയില്‍ അടിച്ചേല്‍പ്പിക്കാവുന്ന സ്ഥിതിയും ഉണ്ടായിരിക്കുകയാണ്‌.

ബാങ്കിംഗ്‌ നിയമഭേദഗതി ബില്ലും വലിയ പ്രതിസന്ധി സംസ്ഥാനത്ത്‌ സൃഷ്‌ടിക്കും. ബാങ്കിംഗ്‌ നിയമഭേദഗതി ബില്ലിലെ 9 (ബി) യില്‍ 240 ദഘ എന്ന വ്യവസ്ഥ അനുസരിച്ച്‌ എല്ലാ സഹകരണബാങ്കുകളും റിസര്‍വ്‌ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്കിംഗ്‌ റെഗുലേഷന്‍ ആക്‌ടിന്റെ പരിധിയില്‍ വരുന്ന നിലയും ഉണ്ടാകും. ഇതിന്റെ പരിധിയില്‍ വരുന്നതോടെ ജനകീയമായ എല്ലാവിധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സഹകരണബാങ്കുകള്‍ പിന്മാറേണ്ടി വരും.
വാണിജ്യബാങ്കുകള്‍ക്ക്‌ തുല്യമായ നിയന്ത്രണങ്ങള്‍ സഹകരണപ്രസ്ഥാനത്തില്‍ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങളാണ്‌ പൊതുവില്‍ ലക്ഷ്യം വയ്‌ക്കുന്നത്‌. ഇത്‌ ശരിയായ നടപടിയല്ല. കാരണം സഹകരണ ബാങ്കുകള്‍ ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവയല്ല. സഹകരണ സ്ഥാപനങ്ങളുടെ ഓഹരി അംഗങ്ങള്‍ എടുക്കുന്ന വായ്‌പയുമായി ബന്ധപ്പെടുത്തിയാണ്‌ കണക്കാക്കുന്നത്‌. ഈ ഓഹരികള്‍ വാണിജ്യമേഖലയുടേതുപോലെ ഓഹരിക്കമ്പോളത്തില്‍ വില്‍പ്പന നടത്തി മൂലധന പര്യാപ്‌തത കൈവരിക്കാന്‍ സാധിക്കില്ല. ഈ അടിസ്ഥാന കാഴ്‌ചപ്പാടുപോലും ഇല്ലാതെയാണ്‌ സഹകരണമേഖലയെ സംബന്ധിച്ചുള്ള നിയമങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്‌.

കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ 40 ശതമാനത്തിലധികം സ്ഥാപനങ്ങള്‍ നഷ്‌ടത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്‌. പിരിച്ചെടുത്ത ഓഹരി മൂലധനത്തില്‍ കൂടുതല്‍ നഷ്‌ടമുള്ള സ്ഥാപനങ്ങളുമുണ്ട്‌. റിസര്‍വ്‌ ബാങ്ക്‌ ലൈസന്‍സ്‌ നിര്‍ബന്ധിതമാക്കുന്നതോടെ ഇത്തരം സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ഇത്‌ ബാധിക്കും. മാത്രമല്ല, സഹകരണ പ്രസ്ഥാനം ലാഭത്തെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയോടെ ബാങ്കുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കേണ്ട സ്ഥിതിയുമുണ്ടാകും.

ഇപ്പോള്‍ പുറത്ത്‌ വന്നിട്ടുള്ള പ്രകാശ്‌ ബക്ഷി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പ്രകാരം ജില്ലാ സഹകരണ ബാങ്കുകളുടെ വായ്‌പയില്‍ 70 ശതമാനം കാര്‍ഷിക മേഖലയ്‌ക്ക്‌ നല്‍കണമെന്ന്‌ സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്‌. ഇപ്രകാരം പ്രവര്‍ത്തിക്കാത്തവയെ അര്‍ബന്‍ സഹകരണ ബാങ്കുകളാക്കണമെന്ന്‌ സമിതിയുടെ ശുപാര്‍ശയിലുണ്ട്‌. എന്നാല്‍, ഇത്തരം സ്ഥാപനങ്ങള്‍ക്ക്‌ കേന്ദ്ര ഗവണ്‍മെന്റിന്റെയും നബാര്‍ഡിന്റെയും സാമ്പത്തിക സഹായങ്ങള്‍ ഉറപ്പുവരുത്തുന്നതു സംബന്ധിച്ച്‌ യാതൊരു നിര്‍ദ്ദേശവും ഈ കമ്മീഷന്‍ ചര്‍ച്ച ചെയ്യുക പോലും ഉണ്ടായില്ല.

പ്രാഥമിക കാര്‍ഷികസംഘങ്ങള്‍ ജില്ലാ സഹകരണബാങ്കുകളുടെ ഏജന്റുകളായി പ്രവര്‍ത്തിക്കണമെന്നാണ്‌ (ബിസിനസ്‌ കറസ്‌പോണ്ടന്റ്‌) നബാര്‍ഡിന്റെ നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാരിന്റെ നയം റിസര്‍വ്‌ ബാങ്കിനേയും നബാര്‍ഡിനേയും ഉപയോഗിച്ച്‌ നടപ്പിലാക്കുന്ന നടപടികള്‍ ജനങ്ങള്‍ക്ക്‌ പ്രതിസന്ധി ഉണ്ടാക്കുന്നതും കാര്‍ഷിക സഹകരണസംഘങ്ങളെ തകര്‍ക്കുന്നതുമാണ്‌. സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകളിലൂടെ കര്‍ഷകര്‍ക്ക്‌ ആവശ്യമായ തുക എത്തിക്കുക എന്ന നബാര്‍ഡിന്റെ ധര്‍മ്മം നടപ്പിലാക്കാത്ത സ്ഥിതിയുമാണുള്ളത്‌. സഹകരണ സംഘങ്ങള്‍ക്ക്‌ ഇന്‍കംടാക്‌സ്‌ അടയ്‌ക്കുന്നതില്‍നിന്നും ഐ.ടി ആക്‌ട്‌ 80(പി) അനുസരിച്ച്‌ ഇളവ്‌ അനുവദിച്ചിരുന്നു. ഇതിനും മാറ്റം വന്നിരിക്കുകയാണ്‌.

സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളുടെ ചുവടുപിടിച്ച്‌ സംസ്ഥാന സര്‍ക്കാരും മുന്നോട്ടുപോവുകയാണ്‌. ഇതിന്റെ ഭാഗമായി അഞ്ച്‌ വര്‍ഷക്കാലത്തേക്ക്‌ തെരഞ്ഞെടുത്ത ഭരണസമിതികളെ പിരിച്ചുവിടാനാണ്‌ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്‌. മാത്രമല്ല സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങളിലെ ഓഹരി വായ്‌പാ അനുപാതം ഇരട്ടിയാക്കിയും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എല്‍.ഡി.എഫ്‌ സര്‍ക്കാരാണ്‌ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓഹരി അനുപാതം ഒരു ശതമാനമാക്കി കുറച്ചത്‌. ശരിയായ ചര്‍ച്ചകളുടേയും നിലപാടുകളുടേയും അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ട കാര്യങ്ങള്‍ പോലും ജനാധിപത്യവിരുദ്ധമായി അടിച്ചേല്‍പ്പിക്കാനാണ്‌ സംസ്ഥാന സര്‍ക്കാര്‍ മുതിരുന്നത്‌.

സഹകരണ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ്‌ നടത്താന്‍ ബാധ്യസ്ഥരാണ്‌. എന്നാല്‍ യു.ഡി.എഫിന്റെ താല്‍പ്പര്യത്തിനു വഴങ്ങി ജനാധിപത്യവിരുദ്ധമായ നിലയില്‍ സഹകരണ സംഘങ്ങളുടെ ഭരണം പിടിച്ചെടുക്കാന്‍ യു.ഡി.എഫുകാര്‍ നടത്തുന്ന ഹീനശ്രമങ്ങള്‍ക്ക്‌ കമ്മീഷന്‍ കൂട്ടുനില്‍ക്കുകയാണ്‌.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ എടുക്കുന്ന ഇത്തരം നിലപാടുകള്‍ക്കെതിരായി ശക്തമായ ചെറുത്തുനില്‍പ്‌ ഉയര്‍ന്നുവരണമെന്ന്‌ ഈ സംസ്ഥാന പ്ലീനം ആവശ്യപ്പെടുന്നു.

No comments:

Post a Comment