Wednesday, December 11, 2013

യുവ ജഗരാജന്‍

ഹിന്ദി ഹൃദയഭൂമിയില്‍നിന്ന് തൂത്തെറിയപ്പെട്ടപ്പോള്‍ ആശ്വാസംകണ്ടെത്താന്‍ ഖാദിപ്പാര്‍ടിയുടെ വിത്തുമുളച്ച ദേശങ്ങളിലൊന്ന് ആന്ധ്രയായിരുന്നു. എന്‍ ടി രാമറാവുവും മരുമകന്‍ നായിഡുവും മണ്ണിന്റെ മക്കള്‍ രാഷ്ട്രീയം കളിച്ചും മനുഷ്യനെ മയക്കിയും തെലുങ്കുനാടിനെ പാട്ടിലാക്കി. വെള്ളിത്തിരയില്‍നിന്നിറങ്ങിവന്ന് നാടുവാഴാന്‍ ജനസമ്മതം വാങ്ങിയ റാവുവിന്റെ കാലത്ത് എല്ലാം കൈവിട്ട മട്ടായിരുന്നു കോണ്‍ഗ്രസിന്. അനന്തരാവകാശിയായി കിരീടംചൂടിയ നായിഡു പക്ഷേ വിരിച്ചിടത്തു കിടന്നില്ല. ത്രാസിന്റെ തട്ടു താഴുന്നിടത്തേക്ക് ചാഞ്ഞുചരിഞ്ഞ് വിശ്വാസ്യത കളഞ്ഞുകുളിച്ചു. അക്കാലത്താണ്, കടപ്പക്കല്ലിന്റെ കരുത്തും ആതുരസേവനത്തിന്റെ ചരിത്രവുമായി യെഡുഗുരി സന്തിന്തി രാജശേഖരറെഡ്ഡി (വൈ എസ് ആര്‍)| ചിരിച്ചുകൊണ്ട് തെലുങ്കുദേശത്തെ അരുക്കാക്കിയത്.

മുപ്പത്തിനാലാം വയസ്സില്‍ ഇന്ദിരയില്‍നിന്ന് ആന്ധ്ര കോണ്‍ഗ്രസിന്റെ ചെങ്കോലേറ്റുവാങ്ങി, മുറതെറ്റാതെ ലോക്സഭയിലും നിയമസഭയിലും ഇരുന്നു പഴക്കം വന്ന വൈ എസ് ആറിന്റെ പേരിന് അക്കാലത്ത് കോണ്‍ഗ്രസിന്റെ ദക്ഷിണഭാരത രക്ഷകന്‍ എന്ന പര്യായവും വന്നു. വൈ എസ് ആര്‍ ജനസമ്പര്‍ക്ക മാമാങ്കം നടത്തിയിരുന്നില്ല. ചെല്ലേണ്ടിടത്ത് നേരിട്ട് ചെല്ലും. സലിം രാജുമാരെ കൂടെ കൊണ്ടുനടന്നതുമില്ല. അഴിമതിയാണെങ്കില്‍ ഒറ്റയ്ക്ക്; ജനസേവന നാടകത്തിനും തനിവഴി. ചിറ്റൂരിലെ ഗ്രാമങ്ങളിലെ കഷ്ടപ്പാട് കാണാന്‍ പറന്നുചെല്ലും വഴി ആകാശനൗക തകര്‍ന്ന് അകാലമരണം. അനന്തരാവകാശിയായി മകന്‍ ജഗ്മോഹന്‍ ഉദിച്ചുയര്‍ന്നു. മുഖ്യമന്ത്രിയാകണമെന്നായിരുന്നു മോഹം. പക്ഷേ, അച്ഛനില്ലാത്ത മകനെ ആര്‍ക്കും വേണ്ട.

ജഗനെ ഹൈക്കമാന്‍ഡ് കുറച്ചുകണ്ടു. കലാപം കൂട്ടിയപ്പോള്‍ അവഗണിച്ചു. ആ അവഗണനയില്‍നിന്നാണ് താരോദയം സംഭവിച്ചത്. കടപ്പയില്‍നിന്ന് അഞ്ചുലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് ലോക്സഭയിലെത്തി കരുത്ത് തെളിയിച്ച ജഗന്‍ ജൈത്രയാത്ര തുടങ്ങുമെന്നുറപ്പായപ്പോള്‍ കേന്ദ്രസേന വേട്ടയ്ക്കിറങ്ങി-സിബിഐയുടെ രൂപത്തില്‍. പത്രവും ചാനലും തുടങ്ങുമ്പോഴും സ്വത്ത് കുന്നുകൂട്ടുമ്പോഴും ജഗന്‍ അവര്‍ക്ക് പ്രിയ പുത്രനായിരുന്നു. വൈ എസ് ആറിന്റെ പണപ്പെട്ടിയുടെ കനം ആരും അളന്നില്ല. 365 കോടിയുടെ ഭാരിച്ച സ്വത്തുമായി മകന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചപ്പോഴാണ് നേരറിയാന്‍ സിബിഐ വേണമെന്നു തോന്നിയത്. ജഗനെ പേടിപ്പിച്ചു മൂലയ്ക്കിരുത്താന്‍ ചെന്നവര്‍ ഭംഗിയായി ദൗത്യം നിര്‍വഹിച്ചു. അഴിമതി നടക്കുമ്പോള്‍ വൈ എസ് ആര്‍ മുഖ്യമന്ത്രി. അനധികൃത സമ്പാദ്യമുണ്ടാക്കിയത് അദ്ദേഹം. പക്ഷേ, സിബിഐ കുറ്റം കണ്ടെത്തിയത് മകനില്‍. കോണ്‍ഗ്രസിന്റെ നീതിയും രീതിയും സിബിഐക്ക് നന്നായറിയാം.

പതിനാറുമാസം തടവറയില്‍. ഫോണിനും ഫേസ്ബുക്കിനും വിലക്കുണ്ടായില്ല. മാത്രമല്ല, ജയിലില്‍ ചെന്ന് മുഖംകാണിക്കാന്‍ കോണ്‍ഗ്രസ് എംപിമാരുടെയും എംഎല്‍എമാരുടെയും നീണ്ട നിര. ഒടുവില്‍ കോണ്‍ഗ്രസുകാര്‍തന്നെ ചോദിച്ചു: ചഞ്ചല്‍ഗുഡ ജയില്‍ ജഗന്റെ പാര്‍ടി ഓഫീസായോ? കണ്‍മുന്നില്‍ ജഗന്‍ വളര്‍ന്നുവലുതാകുന്നതും മാസങ്ങള്‍ക്കകം ആന്ധ്രയിലെ മൂന്നാമത്തെ വലിയ പാര്‍ടിയുണ്ടാക്കുന്നതും കണ്ട് സഹികെട്ടാണ് സിബിഐ അന്വേഷണത്തിനൊരുങ്ങിയത്. സിബിഐക്ക് കാര്യമറിയാം. ജഗനെ കുരുക്കിയാല്‍ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലാകും. വൈ എസ് ആര്‍ ജഗന്റെ പാര്‍ടിയിലായിരുന്നില്ല-ലക്ഷണമൊത്ത കോണ്‍ഗ്രസായിരുന്നു. കോണ്‍ഗ്രസിന്റെ ലക്ഷണം അഴിമതിയാണെന്ന് സിബിഐയും തുറന്നു പറയേണ്ടിവരും. ആ കുരുക്കില്‍നിന്ന് എങ്ങനെ ഒഴിവാകണം എന്ന ചിന്തയിലാണ് ആന്ധ്രാ വിഭജനം യാഥാര്‍ഥ്യമായത്. ഭിന്നിപ്പിച്ച് ഭരിക്കാം; ഭിന്നിപ്പിച്ച് രക്ഷപ്പെടുകയുമാകാം. ആന്ധ്രയെ തെലങ്കാനയും സീമാന്ധ്രയുമാക്കിയാല്‍ വെള്ളം കലങ്ങുമെന്നും വലയില്‍ മുഴുത്ത മീന്‍ കുരുങ്ങുമെന്നും കോണ്‍ഗ്രസ് കരുതി. ആ വല ജഗന്‍ പൊട്ടിക്കുകയാണ്. ആന്ധ്ര വിഭജനം വേണ്ടേ വേണ്ട എന്ന് ജഗന്‍ പറയുന്നു; ഊണുമുറക്കവുമുപേക്ഷിക്കുന്നു. തന്നോടൊപ്പം ആളെക്കൂട്ടാന്‍ പെടാപ്പാടുപെടുന്നു. തെലങ്കാനയില്‍ വിഭജന വാദക്കാര്‍ കൊയ്ത്തു നടത്തും.

സീമാന്ധ്രയില്‍ ജഗന്റെ വള്ളവും വലയും നിറഞ്ഞുകവിയും. കോണ്‍ഗ്രസ് എല്ലാം കണ്ട് അമ്പരന്നു നില്‍ക്കും എന്നതാണ് ഇന്നത്തെ അവസ്ഥ. ആന്ധ്ര ഒന്നാകണമെന്നല്ല-വിഭജനത്തിന്റെ പേരില്‍ വോട്ടും സീറ്റുമെത്ര കിട്ടുമെന്നതാണ് പണ്ടേ കച്ചവടക്കാരനായ ജഗന്റെ നോട്ടം. സിമന്റിലും വൈദ്യുതി ഉല്‍പ്പാദനത്തിലുമുള്ള കമ്പംപോലെയാണ് ജഗന് രാഷ്ട്രീയവും. പരമാവധി ലാഭം കിട്ടുന്നതെവിടെയോ അവിടെ ജഗനുണ്ടാകും. കോണ്‍ഗ്രസിന്റെ ജീവാത്മാവായിരുന്ന വൈ എസ് ആറുമായി കൂട്ടുകൃഷി നടത്തിയുണ്ടാക്കിയ ലാഭത്തിന്റെ ഒരു വിഹിതം ഹൈക്കമാന്‍ഡിലേക്കയച്ചുകൊടുത്താല്‍ തീരുന്നതേയുള്ളൂ പ്രശ്നം. യെദ്യൂരപ്പയെ ബിജെപിക്ക് രാഖികെട്ടി അകത്തുകയറ്റാമെങ്കില്‍, കോണ്‍ഗ്രസിന് ജഗനെ നൂറുവട്ടം സ്വീകരിക്കാം-ഒറ്റയടിക്ക് പണവും വരും അധികാരവും വരും. എല്ലാം പി സി ജോര്‍ജിന്റെ വാക്കുപോലെ-ഏതെന്നുമെന്തെന്നുമെപ്പോഴെന്നും ആര്‍ക്കറിയാം.

സൂക്ഷ്മന്‍ deshabhimani

No comments:

Post a Comment