Wednesday, December 11, 2013

യുഡിഎഫ് തോല്‍വി ഉറപ്പെന്ന് വീണ്ടും ലീഗ്

കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തോല്‍വി ഉറപ്പെന്ന് വീണ്ടും ലീഗ്. പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയില്‍ എഴുതിയ ലേഖനത്തില്‍ കെ എന്‍ എ ഖാദര്‍ എംഎല്‍എയാണ് യുഡിഎഫ് തോല്‍വി ഉറപ്പാണെന്ന് വ്യക്തമാക്കുന്നത്. "" ഇപ്പോഴത്തെ നില തുടരുന്നതായാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്ന് ഊഹിക്കുവാന്‍ അധിക വിവരമൊന്നും വേണ്ട. തെരഞ്ഞെടുപ്പ് അകലെയല്ല. സമയം പരിമിതവുമാണ്. ഇരിക്കുന്നകൊമ്പെങ്കിലും മുറിക്കാതിരുന്നാല്‍ എല്ലാവര്‍ക്കും നല്ലത്.

ഇപ്പോള്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളോ വരാന്‍ പോവുന്ന ലോക്സഭാ തെരഞ്ഞെടുപ്പോ എന്തായാലും അവസാനത്തേതല്ല. ജാഗ്രത പുലര്‍ത്തുന്നവര്‍ക്കും ജനങ്ങളുടെ വിധി മാനിച്ച് ആരെയും കൂസാതെ തെറ്റു തിരുത്തുന്നവര്‍ക്കും തിരിച്ചു വരാം.""- ഖാദര്‍ എഴുതുന്നു. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ പരാജയത്തില്‍ നിന്ന് കരകയറാനുള്ള ഉപദേശങ്ങളും ലേഖനത്തിലുണ്ട്" ""സംഘടനാപരമായ ദൗര്‍ബല്യങ്ങളില്‍ നിന്നും കോണ്‍ഗ്രസ് കക്ഷി കരകയറണം. പ്രവര്‍ത്തന ശൈലിയിലെ വീഴ്ചകള്‍ക്കു പരിഹാരം കാണണം. നയപരമായ വിഷയങ്ങളില്‍ കൂടുതല്‍ ജനകീയ ആഭിമുഖ്യം പുലര്‍ത്തണം.

മതേതരത്വത്തോടുള്ള കോണ്‍ഗ്രസിന്റെ പ്രതിബദ്ധത സംശയാതീതമായി ഇന്ത്യയെ ബോധ്യപ്പെടുത്തണം. മതനിരപേക്ഷ ശക്തികളും ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളും സമൂഹത്തിലെ ദുര്‍ബലരും ഏതുകാലത്തും കോണ്‍ഗ്രസിനോടൊപ്പം നിലകൊള്ളുവാനാണ് ശ്രമിച്ചിട്ടുള്ളത്. ഈ മഹാഭൂരിപക്ഷത്തിന്റെ വിശ്വാസത്തിനു ഇളക്കം തട്ടാതെ സൂക്ഷിക്കുവാന്‍ കോണ്‍ഗ്രസിനു കഴിയണം.""- ഖാദര്‍ പറയുന്നു.

യുഡിഎഫിന് കൂടുതല്‍ കെട്ടുറപ്പ് വേണം: ചെന്നിത്തല

തിരു: യുഡിഎഫിന് കൂടുതല്‍ കെട്ടുറപ്പോടെ പ്രവര്‍ത്തിക്കണമെന്നും ഇതനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത നാല് മാസത്തേക്ക് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച കര്‍മ്മ പദ്ധതി തയ്യാറാക്കി. തെരഞ്ഞെുപ്പ് തോല്‍വികള്‍ കോണ്‍ഗ്രസ് നേരിടുന്നത് ആദ്യമല്ലെന്നും തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തെറ്റ് തിരുത്തി മുന്നോട്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ കോണ്‍ഗ്രസിന്റെ നില പരിതാപകരം: വെള്ളാപ്പള്ളി

ആലപ്പുഴ: കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നില പരിതാപകരമാണെന്നും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നില എന്താകുമെന്ന് കണ്ടറിയേണ്ടിവരുമെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചരിത്രത്തിലില്ലാത്ത തമ്മിലടിയാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. നാല് സംസ്ഥാന നിയമസഭകളിലെ ജനവിധി കേരളത്തിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment