Wednesday, December 18, 2013

ഇന്നോവ കാര്‍ തിരിച്ചറിഞ്ഞുവെന്നതിന് ഹാജരാക്കിയ തെളിവുകള്‍ സത്യവിരുദ്ധം

ടി പി ചന്ദ്രശേഖരന്‍ കേസില്‍ ഉള്‍പ്പെട്ടതായി ആരോപണമുള്ള ഇന്നോവ കാര്‍ തിരിച്ചറിഞ്ഞതുമായി ബന്ധപ്പെട്ട് സത്യവിരുദ്ധമായ കാര്യങ്ങളാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയതെന്ന് പ്രതിഭാഗം വാദം. കാറിന്റെ നിറം വ്യക്തമാക്കുന്ന മൊഴി അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. ഇളംചന്ദനനിറം എന്നായിരുന്നു ആദ്യമൊഴി. ഇത് പിന്നീട് കോടതിയില്‍ മാറ്റിപ്പറയുകയാണുണ്ടായതെന്ന് പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഡ്വ. എം അശോകന്‍ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ വാദിച്ചു. കാറിന്റെ പെയിന്റ് പാളികള്‍ സംഭവസ്ഥലത്തുനിന്ന് കിട്ടിയതായി വിശ്വസിക്കാനാവില്ല. പുനത്തില്‍മുക്കില്‍നിന്ന് കാര്‍ കണ്ടെടുത്ത ശേഷമാണ് പെയിന്റ് പാളികളുടെ കഥ ചമച്ചത്. സംഭവദിവസം രാത്രി ഡിവൈഎസ്പി ജോസി ചെറിയാന്‍ എത്തിയപ്പോള്‍ അടര്‍ന്ന പെയിന്റ് പാളി കിട്ടിയെന്ന് പറയുന്നില്ല. പിറ്റേന്ന് പരിശോധനക്കെത്തിയ സയന്റിഫിക് അസിസ്റ്റന്റ് രമ്യ പൊലീസ് മഹസര്‍ തയാറാക്കുന്നതുവരെ അവിടെയുണ്ടായിരുന്നു. അപ്പോഴും പെയിന്റ് പാളികള്‍ കണ്ടെടുത്തു എന്ന് രേഖകളില്ല. രണ്ടുമിനുട്ടിനകം കൊല നടത്തി പ്രതികള്‍ സ്ഥലം വിട്ടുവെന്നാണ് കേസ്. ഈ സമയത്തിനകം പ്രതികളെയും വാളുകളും കാറും തിരിച്ചറിയാന്‍ സാക്ഷികള്‍ക്ക് കഴിയുമെന്നത് വിശ്വസിക്കാനാവില്ല. ദൃക്സാക്ഷികളായി അവതരിപ്പിച്ച ഒന്നുമുതല്‍ മൂന്നുവരെ സാക്ഷികള്‍ സംഭവസ്ഥലത്തില്ലാത്തവരാണ്. ഒന്നുമുതല്‍ ഏഴുവരെ പ്രതികളെ ജീവിതത്തില്‍ ആദ്യമായി കാണുകയാണെന്നാണ് സാക്ഷിമൊഴി. ഇന്നോവ കാറിന്റെയുള്ളില്‍ ലൈറ്റിട്ടിരുന്നില്ല. അതിനാല്‍ പുറത്തുനിന്നുള്ള വെളിച്ചത്തില്‍ തിരിച്ചറിഞ്ഞുവെന്നുപറയുന്നത് വിശ്വസനീയമല്ല. കാറിന്റെ ഗ്ലാസ് താഴ്ത്തിയ നിലയിലായതും തിരിച്ചറിയുന്നതിന് സഹായകമായി എന്ന സാക്ഷിമൊഴിയും കളവാണ്. ഇത്തരമൊരു കൃത്യം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചവര്‍ ഗ്ലാസ് താഴ്ത്തിയിടുമെന്ന മൊഴി അവിശ്വസനീയമാണ്.

കാര്‍ വാടകക്കെടുത്തത് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ ബാങ്ക് രേഖകള്‍ കൃത്രിമമാണ്. കാര്‍ 2012 ഏപ്രില്‍ 24ന് വാടകക്കെടുത്തുവെന്ന് ഒരിടത്തു പറയുമ്പോള്‍ വേറൊരിടത്ത് 25 എന്നാണ്. ബാങ്കിന്റെ ചെക്ക് രജിസ്റ്ററില്‍ 25ന് ഒറ്റ എന്‍ട്രി പോലുമില്ല. പ്രതികളെ തിരിച്ചറിയാന്‍ നടത്തിയ പരേഡ് പ്രഹസനമായിരുന്നു. പ്രതികളുടെ രൂപസാദൃശ്യമുള്ളവരെ പരേഡില്‍ പങ്കെടുപ്പിച്ചില്ല. തങ്ങളുടെ ഫോട്ടോകള്‍ എടുക്കുകയും സാക്ഷികള്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രതിചേര്‍ക്കപ്പെട്ട ടി കെ രജീഷ് വടകര കോടതിയില്‍ പരാതി നല്‍കിയതാണ്. ഒന്നുമുതല്‍ മൂന്നുവരെയുള്ള സാക്ഷികളെ അന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ മാത്രമാണ് ദൃക്സാക്ഷികളായി അവതരിപ്പിക്കുന്നത്. മൂന്നുപേരും പ്രത്യേക താല്‍പ്പര്യമുള്ള സാക്ഷികളാണെന്നും ഇവരെ ഏതുവിധേനയും മാറ്റിയെടുക്കാന്‍ കഴിയുമെന്നും അശോകന്‍ വാദിച്ചു. ചൊവ്വാഴ്ച പ്രതിഭാഗത്തിനുവേണ്ടി അഡ്വ. പി വി ഹരി വാദം തുടരും. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ സി ശ്രീധരന്‍ നായര്‍, കെ എം രാമദാസ്, വിനോദ്കുമാര്‍ ചമ്പളോന്‍, കെ അജിത്കുമാര്‍, പി ശശി, വി വി ശിവദാസന്‍, വി ബിന്ദു എന്നിവരും ഹാജരായി.

deshabhimani

No comments:

Post a Comment