Tuesday, December 17, 2013

മോഡിക്കൊപ്പം ഓടുന്ന ജോര്‍ജും യുഡിഎഫും

നരേന്ദ്രമോഡിയുടെ പ്രചാരണത്തിനായി ദേശീയതലത്തില്‍ ബിജെപി- ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയാണ് സര്‍ദാര്‍ പട്ടേല്‍ സ്മരണാഞ്ജലി കൂട്ടയോട്ടം. ഇതിന്റെ കോട്ടയത്തെ ഉദ്ഘാടകനായി മാറിയ സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ് മോഡിയുടെ ചിത്രം പതിച്ച ടീഷര്‍ട്ട് ഉയര്‍ത്തിക്കാട്ടി ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍ പൊളിഞ്ഞത് യുഡിഎഫിന്റെ മോഡിവിരോധ രാഷ്ട്രീയത്തിന്റെ വിശ്വാസ്യതയാണ്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്വാതന്ത്ര്യസമരസേനാനിയും കോണ്‍ഗ്രസ് നേതാവും നെഹ്റുമന്ത്രിസഭയിലെ ആദ്യകാല ആഭ്യന്തരമന്ത്രിയുമായിരുന്നു. ഇങ്ങനെയുള്ള ഒരു ദേശീയനേതാവിനെയാണ് ആര്‍എസ്എസും ബിജെപിയും കൊണ്ടാടുന്നത്.

"ഉരുക്കുമനുഷ്യന്‍" എന്ന വിശേഷണം നേടിയ പട്ടേല്‍ കോണ്‍ഗ്രസിലെ വലതുപക്ഷത്തിന്റെ ശക്തനായ വക്താവായിരുന്നു. പട്ടേലിന്റെ വലതുപക്ഷ ആശയ നിലപാടുകളെയും അതിരുകടന്ന ഹിന്ദുത്വനിലപാടുകളെയും ജവാഹര്‍ലാല്‍ നെഹ്റു തുറന്നെതിര്‍ത്തിരുന്നു. ബാബറിമസ്ജിദില്‍ 1949ല്‍ രാമന്റെയും സീതയുടെയും പ്രതിമ ഒളിച്ചുകടത്തി മസ്ജിദിനെ അമ്പലമാക്കാനുള്ള നീക്കം ഔദ്യോഗികതലത്തില്‍ വന്നപ്പോള്‍ ആ പ്രതിമകളെ സരയൂനദിയിലേക്കെറിയാന്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്റു കല്‍പ്പന പുറപ്പെടുവിച്ചു. എന്നാല്‍, യുപിയിലെ അന്നത്തെ മുഖ്യമന്ത്രി ഗോവിന്ദ വല്ലഭായ് പന്ത് നിസ്സംഗതപുലര്‍ത്തി. അതിന് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേലിന്റെ സഹായവുമുണ്ടായിരുന്നു. നെഹ്റുവിന്റെ സോഷ്യലിസ്റ്റ് ആശയഗതിയെപ്പോലും സഹിക്കാന്‍ കഴിയാതിരുന്ന പട്ടേല്‍ നാട്ടില്‍ കുത്തകമുതലാളിമാര്‍ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രസംഗിച്ചത് പാഠപുസ്തകത്തില്‍പ്പോലും ഇടംനേടിയിരുന്നു. ടാറ്റയ്ക്ക് ആസ്തി 100 കോടി രൂപയും ഇന്ത്യയിലെ ജനസംഖ്യ 50 കോടിയുമാണെങ്കില്‍ ടാറ്റയുടെ പണം എല്ലാവര്‍ക്കുമായി വീതിച്ചാല്‍ ഒരിന്ത്യക്കാരന് രണ്ടുരൂപയല്ലേ കിട്ടൂവെന്നും ഈ രണ്ടുരൂപകൊണ്ട് ഒരു സ്റ്റീല്‍ഫാക്ടറിയുണ്ടാക്കാന്‍ പറ്റുമോ, ആളുകള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ പറ്റുമോ എന്നായിരുന്നു പട്ടേലിന്റെ ന്യായം. ഇങ്ങനെയൊക്കെയുള്ള ചിന്താഗതിക്കാരനായിരുന്നു പട്ടേലെങ്കിലും മരണംവരെ കോണ്‍ഗ്രസുകാരനായിരുന്നു. മഹാത്മാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് ആര്‍എസ്എസിനെ നിരോധിച്ച് ഉത്തരവിറക്കിയ ആഭ്യന്തരമന്ത്രിയായിരുന്നു പട്ടേല്‍. അങ്ങനെ ആര്‍എസ്എസ് നിരോധിച്ച പട്ടേലിന്റെ പേരില്‍ രാഷ്ട്രീയപ്രചാരണം നടത്തി പ്രധാനമന്ത്രിക്കസേര പിടിച്ചെടുക്കാന്‍ നോക്കുന്ന മോഡിയോട് കഴുത്തുവെളുത്താലും കാക്ക ഗരുഡനാകില്ലെന്നു പറയാനുള്ള ആര്‍ജവം കോണ്‍ഗ്രസിനില്ല.

2500 കോടി രൂപയുടെ പട്ടേല്‍ പ്രതിമ അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കാനാണ് മോഡിയുടെ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നാട്ടില്‍ അനേകായിരംകോടി ജനങ്ങള്‍ പട്ടിണികിടക്കുമ്പോഴാണ് ഈ ധൂര്‍ത്ത്. അത് പറയാനുള്ള ആര്‍ജവം കോണ്‍ഗ്രസ് നേതൃത്വത്തിനില്ല. കോണ്‍ഗ്രസിന്റെ ഈ ചാഞ്ചാട്ടവും അഴകൊഴമ്പന്‍നയവും കാരണമാണ് കോണ്‍ഗ്രസുകാരനായ കോട്ടയം നഗരസഭാ ചെയര്‍മാന്റെകൂടി സഹായത്തോടെ പി സി ജോര്‍ജിനെ ഉദ്ഘാടകനായി കോട്ടയത്ത് നരേന്ദ്രമോഡി പ്രചാരണ കൂട്ടയോട്ടം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞത്. നഗരസഭാ ചെയര്‍മാന്‍ അവസാനനിമിഷം ശാരീരികമായി പങ്കാളിയായില്ലെങ്കിലും പ്രചാരണ പരിപാടികളില്‍ ബിജെപിക്കൊപ്പംനിന്നു എന്നത് നാണക്കേടാണ്. ജോര്‍ജിനെ ചീഫ്വിപ്പ് സ്ഥാനത്തുനിന്ന് നീക്കുക, യുഡിഎഫില്‍നിന്ന് പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാനഘടകവും കോട്ടയം ഡിസിസിയും മുന്നോട്ടുവച്ചിരിക്കുന്നത്. കെ മുരളീധരനും കെപിസിസി വക്താക്കളായ പന്തളം സുധാകരനും രാജ്മോഹന്‍ ഉണ്ണിത്താനുമെല്ലാം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ചീഫ്വിപ്പ് എന്നത് മന്ത്രിപദവിയുള്ള സ്ഥാനമാണ്. ഒരു മന്ത്രി ഗുരുതരമായ കുഴപ്പം കാണിച്ചാല്‍ ആ ആളിനെ മന്ത്രിസഭയില്‍നിന്ന് നീക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. അതുപ്രകാരം ജോര്‍ജിന്റെ ചീഫ്വിപ്പ് പദവി നീക്കാനുള്ള അധികാരവും സ്വാതന്ത്ര്യവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ്. അത് ചെയ്യാനുള്ള അധികാരം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിക്കുള്ളതല്ല. എന്നാല്‍, മോഡിസ്തുതി നടത്തിയ കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാനായ ജോര്‍ജിനെതിരെ നടപടിവേണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു തുടങ്ങിയ അതേ പാര്‍ടിയിലെ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ടി നടപടിയെപ്പറ്റി ആലോചിക്കാനും തീരുമാനിക്കാനുമുള്ള ഉത്തരവാദിത്തം കെ എം മാണിക്കാണ്. തനിക്കെതിരെ നടപടി ആവശ്യപ്പെടുന്ന കോണ്‍ഗ്രസുകാരോട് ജോര്‍ജ് നിര്‍ദേശിക്കുന്നത് പരിപാടിയുടെ മുഖ്യസംഘാടകനായിരുന്ന കോട്ടയം നഗരസഭാ ചെയര്‍മാന്റെ കാര്യത്തില്‍ നിങ്ങള്‍ പ്രതികരിക്കൂ എന്നാണ്. ഈ വിഷയത്തില്‍ നടപടിയെടുക്കാനുള്ള മുഖ്യഉത്തരവാദിത്തം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കുണ്ട്.

മോഡി പ്രചാരണത്തിനുള്ള കൂട്ടയോട്ടം ഉദ്ഘാടനംചെയ്ത ജോര്‍ജ് ഇനി ബിജെപിയില്‍ ചേര്‍ന്നോട്ടേയെന്നാണ് കെ മുരളീധരന്‍ തികഞ്ഞ അസംതൃപ്തിയോടെ പ്രതികരിച്ചത്. സംഘപരിവാറിന്റെ ആശയങ്ങളെ എതിര്‍ത്ത രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെയും നെഹ്റുവിനെയും ഇകഴ്ത്തിക്കെട്ടുക എന്ന ലക്ഷ്യമാണ് മോഡിയുടെ നിര്‍ദിഷ്ട പട്ടേല്‍ പ്രതിമയ്ക്കുള്ളത്. വംശഹത്യക്കാരനായ മോഡിയുടെ മുഖം മിനുക്കാനും പ്രധാനമന്ത്രിക്കസേരയിലേക്കുള്ള പാത തെളിക്കാനുമുള്ള മുഖംമിനുക്കല്‍ പരിപാടിയാണ് പട്ടേലിന്റെ പേരിലുള്ള കൂട്ടയോട്ടമെന്ന് എല്ലാവര്‍ക്കുമറിയാം. ഇതില്‍ സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ് പങ്കാളിയായതോടെ വികൃതമായിരിക്കുന്നത് ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫിന്റെ മുഖമാണ്. ഈ വിഷയത്തില്‍ ഇനിയെന്ത് എന്ന് തീരുമാനിക്കാനുള്ള ഉത്തരവാദിത്തം യുഡിഎഫ് നേതൃത്വത്തിനാണ്.

ആര്‍ എസ് ബാബു deshabhimani

No comments:

Post a Comment