Friday, December 13, 2013

കേന്ദ്രത്തിനു താക്കീതായി ഉജ്വല തൊഴിലാളി മാര്‍ച്ച്

രാജ്യത്തെ തൊഴിലാളിവര്‍ഗ പ്രക്ഷോഭചരിത്രത്തില്‍ തിളങ്ങുന്ന അധ്യായമായി തലസ്ഥാനനഗരിയില്‍ പടുകൂറ്റന്‍ റാലി. ഡല്‍ഹി കണ്ട ഏറ്റവും വലിയ തൊഴിലാളിമുന്നേറ്റമായി മാറിയ മാര്‍ച്ച്, തൊഴിലാളികളോട് അവഗണനയും ദ്രോഹനടപടികളും തുടരുന്ന കേന്ദ്രസര്‍ക്കാരിന് ശക്തമായ താക്കീതു നല്‍കി. തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന സര്‍ക്കാരിനെതിരായ രോഷം മാര്‍ച്ചില്‍ അലയടിച്ചു. 11 കേന്ദ്രട്രേഡ് യൂണിയനുകളുടെയും കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ സംഘടനകളുടെയും ബാങ്കിങ്-ഇന്‍ഷുറന്‍സ്, വ്യോമയാന, ടെലികോം മേഖലകളിലെ സംഘടനകളുടെയും ആഹ്വാനപ്രകാരം രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

പാര്‍ലമെന്റ് മാര്‍ച്ചിന്റെ ഭാഗമായി കേരളത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ തൊഴിലാളി മാര്‍ച്ച് നടത്തി. രാംലീല മൈതാനത്ത് കേന്ദ്രീകരിച്ചശേഷം ആരംഭിച്ച മാര്‍ച്ച് മണിക്കൂറുകള്‍ നീണ്ടു. മാര്‍ച്ചിന്റെ മുന്‍നിര നാല് കിലോമീറ്റര്‍ പിന്നിട്ട് പാര്‍ലമെന്റ് സ്ട്രീറ്റില്‍ എത്തിയപ്പോഴും പിന്‍നിര രാംലീല മൈതാനത്തുനിന്ന് പുറപ്പെട്ടിരുന്നില്ല. ട്രെയിനുകളിലും വാഹനങ്ങളിലും തൊഴിലാളികള്‍ എത്തിക്കൊണ്ടിരുന്നു. കന്യാകുമാരി മുതല്‍ ജമ്മു കശ്മീര്‍ വരെയുള്ള തൊഴിലാളികള്‍ ഒരേവികാരത്തോടെ അണിനിരന്ന മാര്‍ച്ചില്‍ സ്ത്രീകളുടെ വിപുലമായ പങ്കാളിത്തമുണ്ടായി. പൊതുവിതരണസംവിധാനം ശക്തമാക്കിയും ഭക്ഷ്യവസ്തുക്കളുടെ ഊഹക്കച്ചവടം നിരോധിച്ചും വിലക്കയറ്റം തടയുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുക, തൊഴിലാളികള്‍ക്ക് സാര്‍വത്രികമായ സാമൂഹ്യസുരക്ഷാ സംവിധാനം, കുറഞ്ഞ വേതനം 10,000 രൂപയാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന അവസാനിപ്പിക്കുക തുടങ്ങി പത്ത് ആവശ്യമുന്നയിച്ചായിരുന്നു മാര്‍ച്ച്.

പാര്‍ലമെന്റ് സ്ട്രീറ്റില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി, ബിഎംഎസ് ജനറല്‍ സെക്രട്ടറി ബൈദ്യനാഥ്റോയ്, ഐഎന്‍ടിയുസി വൈസ് പ്രസിഡന്റ് അശോക്സിങ്, എച്ച്എംഎസ് ജനറല്‍ സെക്രട്ടറി എച്ച് എസ് സിദ്ദു, എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ്ഗുപ്ത, എസ് പി തിവാരി (ടിയുസിസി), സത്യവാന്‍ (എഐയുടിയുസി), ശിക്ഷാജോഷി (സേവ), സന്തോഷ്റോയി (എഐസിസിടിയു), അബനിറോയി (യുടിയുസി), എം ഷണ്‍മുഖം (എല്‍പിഎഫ്) എന്നിവര്‍ സംസാരിച്ചു. സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍, എ എന്‍ ദോഗ്ര (ബിഎംഎസ്), കെ കെ നായര്‍ (ഐഎന്‍ടിയുസി), രാമേന്ദ്രകുമാര്‍ (എഐടിയുസി), ശരത്റാവു (എച്ച്എംഎസ്), ആര്‍ കെ ശര്‍മ (എഐയുടിയുസി), ജി ആര്‍ ശിവ്ശങ്കര്‍ (ടിയുസിസി), ലത (സേവ), ഹരിസിങ് (എഐസിസിടിയു), മനോഹര്‍ തിര്‍ക്കെ (യുടിയുസി), നടരാജന്‍ (എല്‍പിഎഫ്) എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ആവശ്യങ്ങളടങ്ങിയ നിവേദനം നേതാക്കള്‍ പിന്നീട് പ്രധാനമന്ത്രിക്ക് നല്‍കി. കേരളത്തില്‍നിന്ന് എസ്ടിയു അടക്കം സംസ്ഥാനതല യൂണിയനുകളും മാര്‍ച്ചില്‍ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കരയില്‍ നടന്ന റാലി ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി ചന്ദ്രശേഖരന്‍ ഉല്‍ഘാടനം ചെയ്തു. ആലപ്പുഴയില്‍ എഐടിയുസി സംസ്ഥാന സെക്രട്ടറി ജെ ഉദയഭാനുവും എറണാകുളത്ത് സിഐടിയു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദനും റാലി ഉദ്ഘാടനം ചെയ്തു.

തൊഴിലാളികളെ സംരക്ഷിക്കാത്ത സര്‍ക്കാരിന് പിന്തുണയില്ല: ഐഎന്‍ടിയുസി

കോട്ടയം: തൊഴിലാളിതാല്‍പ്പര്യം സംരക്ഷിക്കാത്ത സര്‍ക്കാരിന് പിന്തുണ ഉണ്ടാവില്ലെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. സംയുക്ത പാര്‍ലമെന്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി സംഘടിപ്പിച്ച കോട്ടയം ജില്ലാ റാലിക്ക് സമാപനം കുറിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് യൂണിയനുകള്‍ ഒറ്റക്കെട്ടായി കഴിഞ്ഞ ഫെബ്രുവരിയില്‍ 48 മണിക്കൂര്‍ പണിമുടക്ക് നടത്തിയത്. അതിന് രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി ഇടപെട്ട് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ എ കെ ആന്റണി കണ്‍വീനറായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ശരദ്പവാര്‍, പി ചിദംബരം, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുള്‍പ്പെട്ട ആ സമിതിയുടെ യോഗത്തില്‍ ധനമന്ത്രി പി ചിദംബരം പങ്കെടുത്തില്ല. അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യം അന്ന് മാത്രമല്ല ചര്‍ച്ചയായത്. പിഎഫ് പെന്‍ഷന്‍ നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചിദംബരത്തിന്റെ തൊഴിലാളിവിരുദ്ധത പ്രകടമായി. ഏത് സാമൂഹ്യസുരക്ഷാ പദ്ധതിയും കാലോചിതമായി പരിഷ്കരിക്കണം. പക്ഷേ ധനവകുപ്പ് അതൊന്നും അംഗീകരിക്കില്ല. ഇതിനെല്ലാമെതിരേ കൊടിയുടെ നിറം നോക്കാതെ വിവിധ തൊഴിലാളിയൂണിയനുകളുടെ യോജിച്ച, അതിശക്തമായ പോരാട്ടമാണ് രാജ്യത്ത് ഉയര്‍ന്നുവരുന്നതെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment