Thursday, December 12, 2013

സുപ്രീം കോടതി വിധിയ്ക്കെതിരെ ഐക്യരാഷ്ട്രസഭ

ജനീവ: സ്വവര്‍ഗ ലൈംഗികതയ്ക്കെതിരായ സുപ്രീം കോടതി വിധിക്ക് ഐക്യരാഷ്ട്ര സഭയുടെ വിമര്‍ശനം. കോടതിവിധി മനുഷ്യാവകാശ ലംഘനമാണെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി നവി പിള്ള പ്രസ്താവനയില്‍ പറഞ്ഞു. വ്യക്തിയുടെ മൗലികവും രാഷ്ട്രീയവുമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ് സുപ്രീം കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. കോടതിവിധി പുന:പരിശോധിക്കണം. ഈ വിഷയത്തില്‍ സുപ്രീം കോടതിയുടേത് മുന്നോട്ടുള്ള കാല്‍വയ്പ്പായി കണക്കാക്കാന്‍ കഴിയില്ല. ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കുന്നത് വ്യക്തികളുടെ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

അതിനിടെ സ്വവര്‍ഗ ലൈംഗികതയ്ക്ക് നിയമത്തിന്റെ പിന്തുണ നല്‍കാനാകില്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധന ഹര്‍ജി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. സുപ്രീം കോടതി വിധിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം.

സ്വവര്‍ഗ ലൈംഗികതയ്ക്കെതിരായ സുപ്രീം കോടതി വിധി നിരാശാജനകമെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. സ്വവര്‍ഗരതി കുറ്റകരമാകാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്ന് നിയമമന്ത്രി കപില്‍ സിബലും വ്യക്തമാക്കി. സുപ്രീം കോടതി വിധി നിരാശാജനകമാണെന്നും ഇക്കാര്യത്തില്‍ പാര്‍ലമെന്റ് ആവശ്യമായ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.

deshabhimani

No comments:

Post a Comment